പാറയെ നീർത്തൊട്ടിയാക്കുന്ന അത്ഭുതം
ജലമില്ലാതായി എന്ന് പറഞ്ഞാൽ ആത്മാവിനെ നഷ്ടമായി...
ജലമില്ലാതെ വലയുന്ന ഇസ്രായേൽ ജനം മാസായിലും മെരീബയിലും വച്ച് ദൈവത്തോട് മല്ലിടുന്ന ഭാഗമാണ് പുറപ്പാട് 17:3-7 ന്റെ പ്രമേയം. മാസായെന്നും മെരീബയെന്നും ആ സ്ഥലത്തിന് പേരിടുന്നത് മോശയാണ്. കാരണം ദൈവത്തെ പരീക്ഷിച്ച സ്ഥലം, ദൈവത്തിനെതിരെ കലഹിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരുകൾ ഇടുന്നത്. (മാസാ എന്നാൽ പരീക്ഷിക്കുക, മെരീബ എന്നാൽ കലഹം എന്നുമാണ് അർത്ഥം). ഒരു മനുഷ്യന്റെ ഭൗതിക ജീവിതത്തിൽ ഏറ്റവും വലിയ ആവശ്യമാണ് ജലം. അതില്ലാതാവുകയെന്നു പറഞ്ഞാൽ ജീവിതം തന്നെ ഇല്ലാതാകാൻ പോകുന്നുവെന്നർത്ഥം. ഈ അർത്ഥത്തിൽ ഒരുമനുഷ്യന്റെ ആത്മീയ ജീവിതത്തിൽ അനിവാര്യമായതും ജലം തന്നെ. ജലം പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. അപ്പോൾ ജലമില്ലാതായി എന്ന് പറഞ്ഞാൽ ആത്മാവിനെ നഷ്ടമായി. ആത്മാവ് നഷ്ടമായപ്പോൾ ജീവിതത്തിന്റെ പലതും നഷ്ടമായി, ആത്മാവിന്റെ ധാനഫലങ്ങൾ നഷ്ടമായി, കലഹമായി, ഭിന്നിപ്പായി, ദൈവത്തിനെതിരെപോലും സംസാരിക്കാൻ തുടങ്ങി. ദൈവത്തിന്റെ സ്വന്തം ജനമായി തിരഞ്ഞെടുത്ത ജനം. അത്ഭുതങ്ങളുടെ പറുദീസയുടെ അവരെ നയിച്ചിട്ടും ആത്മാവിന്റെ സാന്നിദ്ധ്യം നഷ്‌ടമായ ഒരു ജനം. അതുകൊണ്ടാണ് ദൈവം പാറയിൽനിന്നും ജലം വർഷിച്ച് അത്ഭുതം പ്രവർത്തിക്കുന്നത്.
‘പാറ’, ദൈവസാന്നിദ്ധ്യത്തിൽ ജീവിച്ചിട്ടും ദൈവാനുഭവം ഇല്ലാതെയും ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാതെയും ജീവിക്കുന്ന മനുഷ്യരുടെ ഹൃദയകാഠിന്യത്തിന്റെ പ്രതീകമാണ്. ആ പാറമേൽ ദൈവം കൊടുത്ത വടികൊണ്ട് അടിച്ചമാത്രയിൽ പാറയിൽ നിന്നും ജലം പുറപ്പെട്ടു. നന്മകളുടെ അരുവികൾ പുറപ്പെടേണ്ടത് മനുഷ്യന്റെ പുറമെനിന്നല്ല, മനുഷ്യന്റെ ഉള്ളിൽ നിന്നാണ്. അതിനുവേണ്ടി ഒന്നാമതായി, ഉള്ളിൽ വസിക്കുന്ന ആത്മാവിന്റെ സാന്നിദ്ധ്യം തിരിച്ചറിയണം, കാരണം പൗലോസ് അപോസ്തോലൻ പറയുന്നുണ്ട്, “നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ പ്രളയമാണ് നിങ്ങളൂടെ ശരീരമെന്ന നിങ്ങൾക്ക് അറിഞ്ഞുകൂടേ?” (1 കോറി. 6:19). രണ്ടാമതായി, പാറപോലുള്ള ഹൃദയത്തെയും നന്മകളുടെ ഉറവിടമാക്കാൻ കഴിവുള്ള സൃഷ്ടാവായ ദൈവത്തിന്റെ സ്പർശനം അനുഭവിച്ചുകൊണ്ടേയിരിക്കണം.
അതിന് എന്താണ് ചെയ്യേണ്ടതെന്ന് പുറപ്പാട് 17:15-ൽ പറയുന്നുണ്ട്, “മോശ അവിടെ ഒരു ബലിപീഠം നിർമ്മിച്ച് അതിനു ‘യാഹ്‌വെനിസ്സി’ (കർത്താവു എന്റെ പതാക) പുണ്ണ് പേരിട്ടു”. മാസായെയും മെരീബായെയും ബലിപീഠമാക്കി മാറ്റി. ജീവിതത്തിന്റെ കുറവുകളുടെയും പരീക്ഷണങ്ങളുടെയും നിമിഷങ്ങളുടെ ബലിയർപ്പണത്തിന്റെ നിമിഷങ്ങളാക്കി മാറ്റി.
അപ്പോൾ ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന ആലയങ്ങളായ ക്രിസ്ത്യാനി ഈ ബലിപീഠം തേടി യാത്ര തുടങ്ങണം. ബലിപീഠത്തിൽനിന്നും ആരംഭിച്ച്, ബലിപീഠത്തിൽ അവസാനിക്കുന്ന ജീവിതങ്ങളായി മാറണം. കാരണം പൗലോസ് അപ്പോസ്തോലൻ പഠിപ്പിക്കുന്നുണ്ട്, “നമുക്ക് നൽകപ്പെട്ട പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ. 5:5). ഈ സ്നേഹം ചൊരിയപ്പെട്ടത് ബലഹീനനായ നമ്മെ രക്ഷിക്കാൻ ക്രിസ്തു കുരിശിൽ മരിച്ചതുകൊണ്ടാണ് (റോമാ. 5:6). ക്രിസ്തു കുരിശിൽ മരിച്ചപ്പോൾ ഹൃദയത്തിൽനിന്നും ഒഴുകിയ ജലം ഇന്നും സഭയിലൂടെ, കൂദാശകളിലൂടെ നമ്മിലേക്ക് ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്നു. ആയതിനാൽ ഈ മരണത്തെ കൂദാശകളിൽ, പ്രത്യേകമായി ബലിയർപ്പണത്തിൽ ആഘോഷിക്കുമ്പോൾ ആ രക്ഷണീയ മരണത്തിലൂടെ നേടിയ സ്നേഹം പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക് ചൊരിഞ്ഞുകൊണ്ടേയിരിക്കും.
ഈ രക്ഷയുടെ ജലം തേടിപ്പുറപ്പെട്ട സമരിയക്കാരിയെയും രക്ഷയുടെ നീർജലം ഒരുക്കി കാത്തിരിക്കുന്ന ക്രിസ്തുവിനെയുമാണ് യോഹ. 5:42-ൽ കാണുന്നത്. നമുക്കായി കാത്തിരിക്കുന്നവന്റെ അടുത്തേക്ക് അന്വേഷിച്ചുപോകേണ്ടത് നമ്മളാണ്. ഹൃദയകാഠിന്യത്തിന്റെ പാറയെ നന്മകളുടെ നീർത്തൊട്ടിയാക്കാൻ നിരന്തരമായ ഈ അന്വേഷണം തുടർന്നുകൊണ്ടേയിരിക്കും. അല്ലായെങ്കിൽ ഇസ്രായേൽക്കാർക്കു സംഭവിച്ച ദാഹം നമുക്കും വന്നുപെടും. നമുക്കായി കാത്തിരിക്കുന്നവന്റെ സ്പർശനത്തിലൂടെ തുറക്കപ്പെടാത്ത എതുവാതിലും ഉരുകപ്പെടാത്ത ഏതു പാറയും അവിടുത്തെ സ്പർശനത്താൽ തുറക്കപ്പെടും, ഉരുകപ്പെടും.
ഈ അന്വേഷണം ഒരു വളർച്ചയാണ്, സമരിയക്കാരിയുടെ ജീവിതം ആത്മീയതയിലേക്കുള്ള ഒരു വളർച്ച ആയതുപോലെ.
ഒന്നാമത്തെ പടി: ദാഹജലം തേടിയുള്ള പുറപ്പെടൽ. അവൾ ഒരു പരിധിവരെ നശ്വരമായ ജലത്തിനുവേണ്ടിയാണ് പുറപ്പെട്ടത്, പക്ഷെ അവൾക്ക് പിന്നീട് തിരിച്ചറിവ് ഉണ്ടാകുന്നു. ദൈവത്തെത്തേടിയുള്ള ഒരു വിശ്വാസിയുടെ ആദ്യത്തെ പടി ഇതുതന്നെ, ചിലപ്പോഴൊക്കെ നശ്വരമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് നമ്മൾ ദൈവത്തെ തേടുന്നതും.
രണ്ടാമത്തെ പടി: അവൾക്ക് വലുതെന്നു തോന്നിയതൊക്കെ ക്രിസ്തുവിനു മുന്നിൽ ഒന്നുമല്ലാത്തതായി മാറുന്നു. അവൾ അവളുടെ ജീവിതത്തിൽ അത്രയും നാൾ വലിയവൻ അവരുടെ പിതാവായ യാക്കോബ് മാത്രമാണ്. നശ്വരമായ ജലം നൽകിയ യാക്കോബിനേക്കാൾ അനശ്വരജലം തരുന്ന ക്രിസ്തുവിന്റെ വലുപ്പം കാണാനുള്ള തുറവി അവൾക്കു കിട്ടി.
മൂന്നാമത്തെ പടി: അവൾ യേശുവിനെ വഴിപോക്കനും അപരിചിതനുമായി കണ്ടിരുന്നവൾ, അവനെ പ്രഭോ എന്ന് വിളിക്കുന്നു, പിന്നീട് അവനെ പ്രവാചകനായി കാണാൻ തുടങ്ങുന്നു. അവസാനം ക്രിസ്തുവാണെന്ന സംശയവും അവസാനം അവൻ രക്ഷകനാണെന്ന ജനക്കൂട്ടത്തിന്റെ വിശ്വാസം ഏറ്റുപറയലും കാണാം.
ഇവിടെ അവളെ വിശ്വാസത്തിലേക്ക് നയിക്കാൻ രണ്ടു കാര്യങ്ങളാണ്. ഏതു കൂദാശയുടെയും കാതൽ ആണത്.
1) തന്റെ കുറവുകൾ രക്ഷകനുമുന്നിൽ ഏറ്റുപറഞ്ഞു: അവളെ അറിയുന്ന യേശുവിന്റെ മുന്നിൽ തെറ്റുകൾക്ക് മറയില്ലാതാകുന്നു. കുറവുകളെ നിറവുകളാക്കുന്നവന്റെ മുന്നിൽ എന്റെ വലുപ്പവും വലുപ്പ കുറവുകളും ഏറ്റു പറയുന്നത് മൂലം അവന്റെ വലുപ്പം ഞാൻ അംഗീകരിക്കാനും അവനല്ലാതെ, അവന്റെ കൃപയില്ലാതെ ജീവിക്കാനാവില്ലയെന്ന സത്യം ഏറ്റുപറയുകകൂടിയാണ് ചെയ്യുന്നത്.
2) ദൈവവചനം ശ്രവിക്കൽ: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്ന്നെയാണ് അവൻ” (യോഹ 4:26). വചനത്തിലൂടെ അവളുടെ ജീവിതത്തെ വ്യാഖ്യാനിക്കുകയാണ് യേശു. തെറ്റുകൾ ഏറ്റുപറഞ്ഞ, അവന്റെ വാക്കുകേട്ട് വിശ്വാസം ഏറ്റുപറഞ്ഞ അവളെയും ജനക്കൂട്ടത്തെയും യഥാർത്ഥ ആരാധനാ നടക്കുന്ന, ആത്മാവിലും സത്യത്തിലും ആരാധിക്കപ്പെടേണ്ട കുരിശിലെ യാഗത്തിലേക്കു അവരെ ഒരുക്കുകയും ക്ഷണിക്കുകയുമാണ്. ഒരു ബലിയർപ്പണത്തിലും നടക്കുന്നത് ഇതുതന്നെ, നമ്മുടെ ജീവിതത്തിലെ മാസായും മെരിബായും അവിടുത്തേക്കുള്ള യാഗബലിപീഠമായി ഒരുക്കി, കുറവുകളെ പരിഹരിച്ച ഹൃദയത്തോടെ അവിടുത്തെ വചനത്തിന്റെ മാധുര്യം ആസ്വദിച്ച മനസ്സോടെ അവന്റെ ബാലിയുടെ പങ്കുചേരലിലൂടെ നമ്മളും ഒരിക്കലും തീരാത്ത നിത്യജീവജലം അനുഭവിക്കുന്നു. അവസാനം സമരിയക്കാരിയെപോലെ എന്റെ സ്വപ്നങ്ങളുടെ കുടം ഉപേക്ഷിച്ച് പാറപോലെയുള്ള ഹൃദയത്തെ ജീവജലത്തിന്റെ അരുവിയാക്കി മാറ്റുന്നു. ഈ മാറ്റമാണ് ഒരുകൂദാശയിലും പ്രത്യേകമായി കുർബാനയെന്ന കൂദാശയിൽ നടക്കുന്നത്.
ആയതിനാൽ സങ്കീർത്തകനോടൊപ്പം നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം: “മസായിലും മെരിബായിലും ചെയ്തതുപോലെ എന്റെ ഹൃദയം കഠിനമാകാൻ ഇടവരുത്തരുതേ, എന്തെന്നാൽ അങ്ങാണ് ഞങ്ങളുടെ ദൈവം, ഞങ്ങൾ അവിടുന്ന് മേയ്ക്കുന്ന അജഗണവും” (സങ്കീ. 95).