Articles

“പാത്രിസ് കോര്‍ദെ” പിതാവിന്റെ ഹൃദയം; മലയാളം പരിഭാഷ പൂര്‍ണ്ണരൂപം

ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ പ്രഖ്യാപിച്ചതിന്റെ 150-Ɔο വാര്‍ഷികം...

ഫാ.വില്യം നെല്ലിക്കൽ

പാപ്പാ ഫ്രാന്‍സിസിന്റെ അപ്പോസ്തലിക ലേഖനം “പിതാവിന്റെ ഹൃദയം” (Patris Corde) ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ പ്രഖ്യാപിച്ചതിന്റെ 150-Ɔο വാര്‍ഷികം

1. ആമുഖം – പിതാവിന്റെ ഹൃദയത്തോടെ

നാലു സുവിശേഷങ്ങളിലും “യൗസേപ്പിന്റെ പുത്രന്‍” എന്ന് പരാമര്‍ശിക്കപ്പെടുന്ന യേശുവിനെ യൗസേപ്പ് സ്‌നേഹിച്ചത് ഒരു പിതാവിന്റെ ഹൃദയത്തോടെയായിരുന്നു. യൗസേപ്പിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞിരിക്കുന്ന രണ്ടു സുവിശേഷകന്മാരായ മത്തായിയും ലൂക്കായും വളരെ കുറഞ്ഞ വാക്കുകളിലാണ് അദ്ദേഹത്തെ വെളിപ്പെടുത്തുന്നത്. എങ്കിലും ദൈവതിരുവുള്ളം അദ്ദേഹത്തെ ഭരമേല്‍പ്പിച്ച ദൗത്യവും എങ്ങനെയുള്ള പിതാവായിരുന്നു അദ്ദേഹമെന്നതും ഉള്‍ക്കൊള്ളുവാന്‍ അവ ധാരാളം മതിയാകും. മറിയവുമായി വിവാഹം നിശ്ചയിക്കപ്പെട്ട സാധാരണക്കാരനായ ഒരു മരപ്പണിക്കാരനായിരുന്നു യൗസേപ്പ് എന്ന് നമുക്കറിയാം. അദ്ദേഹം നീതിമാനായിരുന്നു (മത്തായി 1:19). നാലു സ്വപ്നങ്ങളിലൂടേയും നിയമത്തിലൂടെയും അദ്ദേഹത്തിനു വെളിപ്പെട്ട ദൈവേച്ഛ നിവര്‍ത്തിക്കാന്‍ സദാ സന്നദ്ധനുമായിരുന്നു. നസ്രത്തില്‍നിന്ന് ബെത്‌ലഹേമിലേക്കുള്ള സുദീര്‍ഘവും പരിക്ഷീണവുമായ യാത്രയ്ക്കുശേഷം വേറൊരു സ്ഥലവും ലഭ്യമല്ലാത്തതിനാല്‍ കാലിത്തൊഴുത്തില്‍ ജാതനായ മിശിഹായെ അദ്ദേഹം കണ്ടു, പരിചരിച്ചു. ഇസ്രയേല്‍ ജനതയെയും വിജാതിയരെയും പ്രതിനിധാനംചെയ്ത ഇടയന്മാരും പൂജരാജാക്കളും ശിശുവിനെ ആരാധിച്ചതിനും അദ്ദേഹം സാക്ഷിയായി.

2. യേശുവെന്നു പേരു നൽകിയ വളര്‍ത്തുപിതാവ്

മാലാഖമാര്‍ അദ്ദേഹത്തിനു വെളിപ്പെടുത്തിയ “യേശു” എന്ന നാമം ശിശുവിനു നല്കാന്‍ നിയമാനുസൃതമായി യേശുവിന്‍റെ പിതാവായ യൗസേപ്പ് ധൈര്യം കാണിച്ചു. “ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് അവന്‍ മോചിപ്പിക്കുമെന്നതിനാല്‍ അവനെ നീ യേശുവെന്ന് വിളിക്കണം.” നമുക്ക് അറിയാവുന്നപോലെ, പ്രാചീന ജനതകളെ സംബന്ധിച്ചിടത്തോളം, ഉല്‍പ്പത്തി പുസ്തകത്തില്‍ ആദം ചെയ്തതുപോലെ ഒരു വസ്തുവിനോ ആള്‍ക്കോ പേരു വിളിക്കുന്നത് ഒരാള്‍ക്ക് അതിനോടുള്ള തന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്ന നടപടിയാണ്.

3. കുടിയേറിയ തിരുക്കുടുംബം

യേശുവിന്റെ ജനനത്തിന് നാല്‍പ്പതു നാളുകള്‍ക്കുശേഷം യൗസേപ്പും മറിയവും ദേവാലയത്തില്‍വന്ന് ശിശുവിനെ ദൈവത്തിനു സമര്‍പ്പിച്ചു. യേശുവിന്‍റെയും അവന്‍റെ മാതാവിനെയും കുറിച്ചുള്ള ശിമയോന്‍റെ പ്രവചനം അവിടെവെച്ച് അവര്‍ വിസ്മയത്തോടെ ശ്രവിച്ചു. ഹേറോദേസില്‍നിന്ന് യേശുവിനെ രക്ഷിക്കാന്‍ യൗസേപ്പ് ഈജിപ്തിലേയ്ക്കു പലായനംചെയ്ത് ഒരു കുടിയേറ്റക്കാരനായി വസിച്ചു. സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയതിനുശേഷം ജെരൂസലേം ദേവാലയത്തില്‍നിന്നും തന്‍റെ പൂര്‍വ്വികരുടെ നഗരമായ ബെത്‌ലഹേമില്‍നിന്നും വളരെ ദൂരെ ഗലീലിയിലെ നസ്രത്ത് എന്ന ചെറുഗ്രാമത്തില്‍ അദ്ദേഹം കുടുംബത്തോടെ അജ്ഞാതവാസം നയിച്ചു. “ഒരു പ്രവാചകനും ഉയരാത്ത”, “നല്ലതെന്തെങ്കിലും നസ്രത്തില്‍നിന്നു വരുമോ” എന്നിങ്ങനെയൊക്കെയാണ് അതിനെക്കുറിച്ച് പറയപ്പെട്ടിരുന്നത്. യെരുശലേമിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ യൗസേപ്പിനും മറിയത്തിനും പന്ത്രണ്ടു വയസ്സുകാരനായ യേശുവിനെ നഷ്ടമായി. ഉല്‍ക്കണ്ഠയോടെ അവനെ തിരഞ്ഞപ്പോള്‍ ദേവാലയത്തില്‍ നിയമജ്ഞരുമായി തര്‍ക്കിക്കുന്ന നിലയില്‍ അവിടുത്തെ കണ്ടെത്തുകയുണ്ടായി. മറിയത്തിനു പുറമെ, അവളുടെ ഭര്‍ത്താവായ യൗസേപ്പല്ലാതെ വേറൊരു വിശുദ്ധനും സഭാ ലിഖിതങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിച്ചിട്ടില്ല.

4. മുന്‍സഭാദ്ധ്യക്ഷന്മാരും യൗസേപ്പിതാവും

രക്ഷാകര ചരിത്രത്തില്‍ അദ്ദേഹത്തിന്റെ കേന്ദ്രസ്ഥാനം വിലയിരുത്തുന്നതിനായി എന്റെ പൂര്‍വ്വസൂരികള്‍ സുവിശേഷ വചനങ്ങള്‍ നല്‍കുന്ന പരിമിതമായ വിവരണങ്ങളില്‍ വളരെയധികം വിചിന്തനം നടത്തിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട 9-Ɔο പിയൂസ് പാപ്പാ അദ്ദേഹത്തെ “കത്തോലിക്കാ സഭയുടെ രക്ഷാധികാരിയായി” പ്രഖ്യാപിച്ചു. ധന്യനായ 12-Ɔο പിയൂസ് അദ്ദേഹത്തെ തൊഴിലാളികളുടെ രക്ഷാധികാരിയായി നിര്‍ദ്ദേശിച്ചു. വിശുദ്ധ ജോണ്‍പോള്‍ 2-Ɔമന്‍ അദ്ദേഹത്തെ “രക്ഷകന്റെ സംരക്ഷകനാ”യാണ് വിശേഷിപ്പിച്ചത്. “ഭാഗ്യമരണത്തിന്റെ മദ്ധ്യസ്ഥനാ”യാണ് വിശുദ്ധ യൗസേപ്പിനെ സാര്‍വ്വലൗകികമായി ഇന്നും ആരാധിക്കുന്നത്.

5. പാപ്പാ ഫ്രാന്‍സിസിന്റെ വ്യക്തിപരമായ ചിന്തകള്‍

1870 ഡിസംബര്‍ 8-ന് വാഴ്ത്തപ്പെട്ട ഒമ്പതാം പിയൂസ് പാപ്പാ അദ്ദേഹത്തെ “കത്തോലിക്കാ സഭയുടെ രക്ഷാധികാരി”യായി പ്രഖ്യാപിച്ചതിന് 150 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍, മാനുഷികാനുഭവങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന ഈ അസാധാരണ വ്യക്തിത്വത്തെക്കുറിച്ച് എന്‍റെ വ്യക്തിപരമായ ചില ചിന്തകള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. യേശു പറയുംപോലെ, “ഹൃദയം നിറഞ്ഞു കവിയുമ്പോഴാണ് അധരങ്ങള്‍ സംസാരിക്കുന്നത്.” മഹാമാരിയുടെ ഈ മാസങ്ങളില്‍ നാം അനുഭവിക്കുന്ന പ്രതിസന്ധിയുടെ മദ്ധ്യത്തില്‍ ഇതിനായുള്ള എന്‍റെ ആഗ്രഹം വര്‍ദ്ധിച്ചിരിക്കുകയാണ്. നാം പലപ്പോഴും അവഗണിക്കുന്ന സാധാരണ ജനങ്ങളുമായി നമ്മുടെ ജീവിതം എന്തുമാത്രം ഇഴചേര്‍ന്നിരിക്കുന്നുവെന്നും അവര്‍ എങ്ങനെ നമ്മെ തുണയ്ക്കുന്നുവെന്നും വെളിപ്പെടുത്തുന്നതാണ് ഈ ലിഖിതം.

6. ജീവസമര്‍പ്പണത്തിലെ അണിയറക്കാര്‍

പത്രങ്ങളുടെ തലക്കെട്ടുകളിലോ, ടെലിവിഷന്‍ പരിപാടികളിലോ കാണപ്പെടാത്ത അജ്ഞാതരായ ആ മനുഷ്യര്‍ നമ്മുടെ ചരിത്രത്തിന്റെ നിര്‍ണ്ണായകമായ സംഭവങ്ങളെ രൂപപ്പെടുത്തുകയാണ്. ഡോക്ടര്‍മാര്‍, നെഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മതപുരോഹിതരും ഭക്തജനങ്ങളുംവരെ അസംഖ്യം ആളുകള്‍ സേവനത്തിന്റെ മുന്നണിയിലുണ്ട്. ഉത്തരവാദിത്വങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ക്ഷമയോടെയും പ്രത്യാശയോടെയും എന്തുമാത്രം ആളുകളാണ് സേവന സന്നദ്ധരായിരിക്കുന്നത്. പ്രശ്‌ന സമയങ്ങളില്‍ വഴികാട്ടിയായും തുണയായും അദൃശ്യസാന്നിദ്ധ്യമായി ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകുന്ന ഈ വ്യക്തികളില്‍ ഓരോരുത്തരിലും നമുക്ക് വിശുദ്ധ യൗസേപ്പിനെ കണ്ടെത്താം. രക്ഷാകര ചരിത്രത്തിന്റെ നിഴലില്‍ നില്‍ക്കുകയോ കാണപ്പെടുകയോ ചെയ്യാത്ത ഒരാള്‍ക്കുപോലും അതുല്യമായ ഒരു പങ്കുണ്ടെന്ന് വിശുദ്ധ യൗസേപ്പ് ഈ ഒരു വര്‍ഷത്തില്‍ നമ്മെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നു.

7. സ്നേഹനിധിയായ പിതാവ്

യേശുവിന്റെ പിതാവും മറിയത്തിന്റെ ഭര്‍ത്താവുമാണെന്നതാണ് വിശുദ്ധ യൗസേപ്പിന്റെ മഹത്വം. “രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി” അദ്ദേഹം സ്വയം സമര്‍പ്പിച്ചുവെന്ന് വിശുദ്ധ ക്രിസോസ്റ്റമിന്റെ വാക്കുകളില്‍ തെളിയുന്നു. മനുഷ്യാവതാര രഹസ്യത്തിന്റെയും അതിന്റെ രക്ഷാകര ഉദ്ദേശ്യത്തിന്റെയും പൂര്‍ത്തീകരണത്തിനായി തന്റെ ജീവിതം ത്യാഗോജ്ജ്വലമാക്കിയാണ് വിശുദ്ധ യൗസേപ്പ് പിതാവെന്ന കര്‍ത്തവ്യം നിര്‍വ്വഹിച്ചതെന്ന് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ ജീവിതവും പ്രവൃത്തിയും തിരുക്കുടുംബത്തിനായി സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം കുടുംബനാഥനായി വര്‍ത്തിച്ചു.

രക്ഷാകര ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ പങ്കിനെ കൃതജ്ഞതാപൂര്‍വ്വം ഓര്‍ത്തുകൊണ്ട് ക്രൈസ്തവ ജനത വിശുദ്ധ യൗസേപ്പിനെ ഒരു പിതാവായാണ് ആരാധിക്കുന്നത്. അദ്ദേഹത്തിന്റെ നാമം വഹിക്കുന്ന എണ്ണമറ്റ ദേവാലയങ്ങളും മതസ്ഥാപനങ്ങളും സന്ന്യാസ സമൂഹങ്ങളും ഇതിന് തെളിവാണ്. അദ്ദേഹത്തോടുള്ള ഭക്തി ആവേശത്തോടെ ഹൃദയത്തിലേറ്റിയവരാണ് അസംഖ്യ വിശുദ്ധ വ്യക്തിത്വങ്ങള്‍. യൗസേപ്പിനോടുള്ള ഭക്തിയാല്‍ പ്രാര്‍ത്ഥിക്കുന്നതെന്തും നേടിയെടുക്കുംവിധം അദ്ദേഹത്തെ വഴികാട്ടിയും മദ്ധ്യസ്ഥനുമായി സ്വീകരിച്ച വിശുദ്ധയാണ് ആവിലയിലെ അമ്മ തെരേസ.

എല്ലാ പ്രാര്‍ത്ഥനാ പുസ്തകങ്ങളിലും വിശുദ്ധ യൗസേപ്പിന് സവിശേഷ സ്ഥാനമുണ്ട്. പരമ്പരാഗതമായി മാര്‍ച്ച് മാസം അദ്ദേഹത്തിന്‍റെ വണക്കത്തിനായി സമര്‍പ്പിച്ചു വരികയും എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തുവരുന്നു. ഫറവോ ചക്രവര്‍ത്തിയോട് ഈജിപ്തുകാര്‍ അന്നത്തിനായി യാചിച്ച ക്ഷാമകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് വിശുദ്ധ യൗസേപ്പിനോടുള്ള സ്തുതിയായി ചൊല്ലുന്ന “ജോസഫിന്റെ പക്കല്‍ പോകുവിന്‍” എന്ന അര്‍ത്ഥന. “ജോസഫിന്റെ അടുക്കല്‍ പോകുവിന്‍, അയാള്‍ പറയുന്നത് ചെയ്യുവിന്‍” എന്ന് ഫറവോ പ്രതിവചിച്ചതായി ഉല്‍പ്പത്തി പുസ്തകം പറയുന്നു. ദാവീദിന്റെ വംശപരമ്പരയിലെ അനന്തരഗാമി എന്ന നിലയില്‍ രക്ഷകന്റെ പിതൃസ്ഥാനത്തിന് അര്‍ഹനായ വിശുദ്ധ യൗസേപ്പ് പഴയ നിയമത്തിനും പുതിയ നിയമത്തിനും ഇടയിലെ ദശാസന്ധിയില്‍ നിര്‍ണ്ണായക കണ്ണിയാണ്.

8. ആര്‍ദ്രഹൃദയനായ പിതാവ്

ദൈവികവും മാനുഷികവുമായ ഗുണങ്ങളിലും പ്രായത്തിലും അറിവിലും യേശു അനുദിനം വളരുന്നത് യൗസേപ്പ് കണ്ടു. യൗസേപ്പ് യേശുവിന് നല്‍കിയത് ഇസ്രായേലിന് ദൈവം ചെയ്തതു പോലെയാണ്. അവന്‍റെ കൈപിടിച്ച് അദ്ദേഹം അവനെ നടക്കാന്‍ പഠിപ്പിച്ചു. ഒരു പിതാവ് കുഞ്ഞിനെ വളര്‍ത്തുംപോലെ കുനിഞ്ഞ് അവന്‍റെ കവിളില്‍ തലോടുകയും അവനെ ഊട്ടുകയും ചെയ്തു.

ദൈവത്തിന്റെ ആര്‍ദ്രമായ സ്‌നേഹമാണ് യേശു യൗസേപ്പില്‍ കണ്ടത്. തന്‍റെ മക്കളോട് പിതാവിന് അലിവുള്ളതുപോലെ, തന്നെ ഭയപ്പെടുന്നവരുടെമേല്‍ ദൈവത്തിന് അലിവുണ്ടാകും. ആര്‍ദ്രഹൃദയനാണ് ഇസ്രായേലിന്റെ ദൈവമെന്ന് സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനയായ് ദേവാലയത്തില്‍ ഉരുവിടുമ്പോള്‍ യൗസേപ്പ് വീണ്ടും വീണ്ടും ഓര്‍ത്തുകാണും. “തന്റെ എല്ലാ സൃഷ്ടികളുടെയുംമേല്‍ അലിവുള്ളവനും എല്ലാവര്‍ക്കും നല്ലവനുമാണ് ദൈവം”. നമ്മുടെ നല്ല വശങ്ങളിലൂടെയാണ് ദൈവം പ്രവര്‍ത്തിക്കുകയെന്ന് നാം പലപ്പോഴും ചിന്തിക്കുമെങ്കിലും, നമ്മുടെ ദൗര്‍ബല്യങ്ങളിലൂടെയാണ് ദൈവത്തിന്റെ പദ്ധതികള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

നമ്മുടെ ദൗര്‍ബല്യങ്ങളെ കാണുവാനും ശപിക്കുവാനും തിന്മയുടെ ശക്തി നമ്മളെ പ്രേരിപ്പിക്കുമ്പോള്‍, പരിശുദ്ധാത്മാവ് അതിനെ ആര്‍ദ്രമായ സ്‌നേഹത്തോടെ വെളിച്ചത്തിലേക്ക് നയിക്കുന്നു. നമുക്കുള്ളിലെ ദൗര്‍ബല്യങ്ങളെ സ്പര്‍ശിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം ആര്‍ദ്രതയാണ്.

9. വിധേയത്വമുള്ള പിതാവ്

മറിയത്തിനോടു വെളിപ്പെടുത്തിയപോലെ ദൈവം യൗസേപ്പിനേയും അറിയിച്ചിരുന്നു. അവിടുത്തെ തിരുവുള്ളം അറിയിക്കാന്‍ പരിഗണിച്ചിരുന്ന ഒരു രീതി സ്വപ്നങ്ങള്‍ ഉപയോഗിച്ചായിരുന്നുവെന്ന് ബൈബിളും പ്രാചീന ജനതകളും വിശ്വസിച്ചിരുന്ന രീതിയിലായിരുന്നു ഇതും. മറിയത്തിന്‍റെ നിഗൂഢമായ ഗര്‍ഭധാരണത്തില്‍ യൗസേപ്പും ആഴത്തില്‍ അസ്വസ്ഥനായിരുന്നു. പൊതുദൃഷ്ടിയില്‍ അവളെ അവമാനിതയാക്കാന്‍ അദ്ദേഹം ആഗ്രഹിക്കാത്തതിനാല്‍, രഹസ്യമായി മറിയത്തെ ഒഴിവാക്കുവാനും തീരുമാനിച്ചു (മത്തായി 1:19).

ആദ്യസ്വപ്നത്തില്‍ മാലാഖ അദ്ദേഹത്തിന്‍റെ സന്നിഗ്ധാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സഹായിച്ചു. “മറിയത്തെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതില്‍ ഭയപ്പെടേണ്ട, പരിശുദ്ധാത്മാവിനാലാണ് അവള്‍ ശിശുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്നത്. അവള്‍ ഒരു പുത്രനെ പ്രസവിക്കും, നീവന് യേശുവെന്ന് പേരിടണം, അവന്‍ ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് മോചിപ്പിക്കും” (മത്തായി 1:2021). തല്‍ക്ഷണം തന്നെ യൗസേപ്പ് പ്രതികരിച്ചു. “യൗസേപ്പ് ഉറക്കമുണര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ മാലാഖ കല്പിച്ചതുപോലെ അവന്‍ പ്രവര്‍ത്തിച്ചു” (മത്തായി 1:24). തന്റെ ക്ലേശങ്ങളെ മറികടക്കാന്‍ അനുസരണയാണ് അദ്ദേഹത്തെ സഹായിച്ചത്.

രണ്ടാമത്തെ സ്വപ്നത്തില്‍ മാലാഖ യൗസേപ്പിനോട് പറഞ്ഞു: “എഴുന്നേല്‍ക്കൂ, കുട്ടിയേയും അമ്മയേയും കൊണ്ട് ഈജിപ്തിലേക്ക് രക്ഷപ്പെടൂ, ഞാന്‍ പറയുന്നതുവരെ അവിടെത്തന്നെ തുടരൂ. ശിശുവിനെ നശിപ്പിക്കാന്‍ ഹെറോദേസ് തിരഞ്ഞു കൊണ്ടിരിക്കയാണ്” (മത്തായി 2:13). ഇതുമൂലമുള്ള കഷ്ടതകള്‍ പരിഗണിക്കാതെ യൗസേപ്പ് അനുസരിക്കാന്‍ അമാന്തിച്ചില്ല. “അവന്‍ എഴുന്നേറ്റ് രാത്രിയില്‍ത്തന്നെ ശിശുവിനേയും അമ്മയേയും കൂട്ടി ഈജിപ്തിലേക്ക് പോയി, ഹെറോദേസിന്‍റെ മരണംവരെ അവിടെ തുടര്‍ന്നു” (മത്തായി 2:14-15) സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങാന്‍ അദ്ദേഹം മാലാഖയുടെ അറിയിപ്പിനായി ക്ഷമാപൂര്‍വ്വം ഈജിപ്തില്‍ കാത്തിരുന്നു.

മൂന്നാമത്തെ സ്വപ്നത്തില്‍, ശിശുവിനെ കൊല്ലാന്‍ അന്വേഷിച്ചിരുന്നവര്‍ മരിച്ചതായി മാലാഖ പറഞ്ഞു. എഴുന്നേറ്റ് ശിശുവിനേയും അമ്മയേയും കൂട്ടി ഇസ്രായേല്‍ നാട്ടിലേക്ക് മടങ്ങാനും അദ്ദേഹത്തോട് ആജ്ഞാപിച്ചു. ഒരിക്കല്‍ക്കൂടി യൗസേപ്പ് അക്ഷരംപ്രതി അനുസരിച്ചു.

അഗസ്റ്റസ് ചക്രവര്‍ത്തിയുടെ ജനസംഖ്യാ കണക്കെടുപ്പിന് തന്റെ കുടുംബത്തിന്റെ ജന്മനഗരമായ ബത്‌ലഹേമിലേക്ക് നസ്രത്തില്‍നിന്ന് യൗസേപ്പ് നടത്തിയ ക്ലേശകരമായ യാത്ര ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നുണ്ട്. അവിടെ യേശു ജനിക്കുകയും മറ്റേതൊരു കുട്ടിയെയും പോലെ ചക്രവര്‍ത്തിയുടെ രേഖയില്‍ പേരു ചേര്‍ക്കുകയും ചെയ്തു. നിയമാനുസൃതമായ എല്ലാ നിര്‍ദ്ദേശങ്ങളും യേശുവിന്‍റെ മാതാപിതാക്കള്‍ പാലിച്ചുവെന്ന് വിശുദ്ധ ലൂക്കാ നമ്മോട് പ്രത്യേകം പറയുന്നുണ്ട്. ആദ്യജാതനെ ദൈവത്തിനായി സമര്‍പ്പിക്കുന്നതും, യേശുവിന്റെ പരിശ്ചേദനകര്‍മ്മവും മറിയത്തിന്റെ പ്രസവാനന്തര ശുദ്ധീകരണവും അവര്‍ സാമൂഹിക മുറപോലെ നിര്‍വ്വഹിച്ചു. കുടുംബനാഥന്‍ എന്നനിലയില്‍, മാതാപിതാക്കളെ അനുസരിക്കാന്‍ യൗസേപ്പ് യേശുവിനെ പഠിപ്പിച്ചു. നസ്രത്തിലെ അജ്ഞാതവാസ കാലത്ത്, പിതാവിന്റെ തിരുവുള്ളം നിറവേറ്റാന്‍ യേശുവിന് യൗസേപ്പിന്റെ ശിക്ഷണം ലഭിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് പിതാവെന്ന നിലയില്‍ യേശുവിന്റെ വ്യക്തിത്വത്തെയും ദൗത്യത്തെയും സഹായിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവനാണ് വിശുദ്ധ യൗസേപ്പ് എന്നാണ്. ഈ രീതിയില്‍ കാലത്തിന്റെ തികവില്‍ രക്ഷാകര ദൗത്യത്തിന്റെ മഹാരഹസ്യം ഉള്‍ക്കൊള്ളുകയും രക്ഷയുടെ സേവനത്തിനായി വിശുദ്ധ യൗസേപ്പ് വിശ്വസ്തനായി വര്‍ത്തിക്കയും ചെയ്തു.

10. അംഗീകരിക്കുന്ന പിതാവ്

വ്യവസ്ഥകളൊന്നുമില്ലാതെ മറിയത്തെ യൗസേപ്പ് സ്വീകരിച്ചു. അദ്ദേഹം മാലാഖയുടെ വാക്കുകളില്‍ വിശ്വസിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരികവും മാനസികവും ഭാഷാപരവുമായ അതിക്രമങ്ങള്‍ പെരുകുന്ന ഇന്നത്തെ ലോകത്ത്, യൗസേപ്പിന്‍റെ ഹൃദയനൈര്‍മല്യവും ശ്രേഷ്ഠതയും മാതൃകയാണ്. ആദരണീയനും ആര്‍ദ്രതയുള്ളവനുമായ ഒരു വ്യക്തിയായി യൗസേപ്പ് കാണപ്പെടുന്നു. വിശാലമായ ചിത്രം വ്യക്തമായി മനസ്സിലാക്കുന്നില്ലെങ്കില്‍ പോലും മറിയത്തിന്‍റെ ജീവിതത്തെയും അന്തസ്സിനെയും ബഹുമാനിക്കുവാനും അവളുട സല്‍പ്പേര് കാത്തുസൂക്ഷിക്കുവാനും യൗസേപ്പ് തീരുമാനിക്കുകയുണ്ടായി. എന്തു ചെയ്താലാണ് ശരിയാവുക എന്ന് യൗസേപ്പ് സന്ദേഹിച്ചപ്പോള്‍ ദൈവം യഥാസമയം യുക്തമായത് ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചു. ജീവിതത്തില്‍ പലപ്പോഴും നമുക്ക് അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. നിരാശയുടെയും നിഷേധത്തിന്‍റേതുമായിരിക്കും പലപ്പോഴും നമ്മുടെ ആദ്യപ്രതികരണം. എന്നാല്‍ യൗസേപ്പ് തന്‍റെ ആശയങ്ങള്‍ മാറ്റിവയ്ക്കുകയും, സംഭവഗതികളെ അംഗീകരിക്കുകയും, അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. യൗസേപ്പിതാവ് നമുക്കു മുന്നില്‍ തെളിയിക്കുന്ന ആത്മീയപാത വിശദീകരിക്കുന്നതിന്‍റെതല്ല, പക്ഷെ അംഗീകരിക്കുന്നതിന്‍റെതാണ്. ഈ അംഗീകരണത്തിന്റെയും അനുരഞ്ജനത്തിന്‍റെയും മനോഭാവത്തില്‍ മാത്രമേ നമുക്ക് വിശാലമായ ചിത്രത്തിന്‍റെ ആഴത്തിലുള്ള അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കൂ.

തീര്‍ച്ചയായും നിസ്സംഗതയോടെ പിന്മാറുകയല്ല യൗസേപ്പിതാവു ചെയ്തത്, മറിച്ച് ധൈര്യത്തോടെയും ക്രിയാത്മകമായും അതിനെ നേരിട്ടു. പരിശുദ്ധാത്മാവിന്റെ വരപ്രസാദമായ സ്ഥൈര്യം നമ്മുടെ ജീവിതത്തില്‍ പ്രകാശിക്കുന്നത് ഇത്തരം അംഗീകരണത്തിലൂടെയും സ്വാഗതം ചെയ്യലിലൂടെയുമാണ്. ജീവിതത്തെ അതേപോലെ അതിന്‍റെ എല്ലാ വൈരുദ്ധ്യങ്ങളിലും നിരാശകളിലും പിരിമുറുക്കങ്ങളിലും അംഗീകരിക്കാനുള്ള ശക്തി ദൈവത്തിനു മാത്രമേ നമുക്ക് നല്‍കാനാവൂ. ദൈവം യൗസേപ്പിനോട് പറഞ്ഞതുപോലെ “ദാവീദിന്‍റെ പുത്രാ, ഭയപ്പെടേണ്ട” എന്നതു തന്നെയാണ് അദ്ദേഹം നമ്മോടു പറയുന്നത്. “നിങ്ങള്‍ ഭയപ്പെടേണ്ട.” നിരാശയും ദേഷ്യവുമെല്ലാം നമ്മള്‍ മാറ്റിവെയ്ക്കണം, എന്നിട്ട് നമ്മള്‍ ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കിലും അവയെ സ്വീകരിക്കണം. പാറപ്പുറത്തുനിന്നുപോലും പൂക്കളെ വിരിയിക്കാന്‍ ദൈവത്തിനു കഴിയും. നമ്മുടെ ഹൃദയംപോലും നമ്മെ തള്ളിപ്പറയുകയാണെങ്കിലും “ദൈവം നമ്മുടെ ഹൃദയങ്ങളെക്കാള്‍ വലുതാണ്, അവിടുന്ന് എല്ലാമറിയുന്നു” (യോഹ. 3:20).

11. ക്രിയാത്മകമായി ധീരനായ പിതാവ്

നാം ജീവിതത്തില്‍ തെരഞ്ഞെടുക്കാത്ത കാര്യങ്ങളെപ്പോലും പുല്‍കിക്കൊണ്ട് നമ്മുടെ വ്യക്തിപരമായ ഭൂതകാലത്തെ അംഗീകരിക്കുകയെന്നതാണ് യഥാര്‍ത്ഥമായ ആത്മീയ സുഖപ്പെടലിന്റെ ആദ്യഘട്ടം. അതോടൊപ്പം നാം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് സക്രിയമായ ധൈര്യം. വിഷമഘട്ടങ്ങളെ നാം ഏതു രീതിയിലാണ് തരണംചെയ്യുന്നത് എന്നതില്‍നിന്നാണ് ഇത് ഉരുവാകുന്നത്. നമുക്ക് ഇല്ലെന്ന് വിചാരിക്കുന്ന കഴിവുകള്‍പോലും പുറത്തേയ്ക്കു വരുന്നത് പലപ്പോഴും ഇത്തരം വിഷമഘട്ടങ്ങളിലാണ്. യേശുവിന്റെ ശൈശവ ഘട്ടത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ നാം വായിക്കുമ്പോള്‍ ദൈവം എന്തുകൊണ്ടാണ് നേരിട്ടും കൂടുതല്‍ വ്യക്തമായും ഇടപെടാതിരുന്നതെന്നു നാം അത്ഭുതപ്പെട്ടേക്കാം. എങ്കിലും ദൈവം സംഭവങ്ങളിലൂടെയും ആളുകളിലൂടെയും ഇടപെടുന്നുണ്ട്. രക്ഷാകര ചരിത്രത്തിന്റെ ആരംഭത്തെ മുന്നോട്ടു നയിക്കാന്‍ ദൈവം തെരഞ്ഞെടുത്ത മനുഷ്യനാണ് യൗസേപ്പ്. ശിശുവിനെയും മാതാവിനെയും സംരക്ഷിക്കാന്‍ ദൈവം പ്രവര്‍ത്തിച്ച യഥാര്‍ത്ഥ “അത്ഭുത”മാണ് ജോസഫ് എന്ന വ്യക്തി.

ബെത്‌ലഹേമിലെത്തി പാര്‍ക്കാന്‍ ഇടമൊന്നും കിട്ടാതായപ്പോള്‍ തനിക്ക് സാധ്യമായ രീതിയില്‍ ഒരു കാലിത്തൊഴുത്ത് കണ്ടെത്തി മറിയത്തിന് പ്രസവിക്കാനുള്ള ഇടമൊരുക്കിയത് അദ്ദേഹമാണ്. ശിശുവിനെ കൊല്ലാന്‍ തുനിയുന്ന ഹെറോദേസിന്‍റെ അപകം നേരിടേണ്ടി വന്നപ്പോള്‍ യൗസേപ്പിന് സ്വപ്നത്തിലൂടെ ശിശുവിനെ രക്ഷിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചു. ഇതനുസരിച്ച് അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്ന് ഈജിപ്തിലേക്ക് പലായനംചെയ്യാന്‍ യൗസേപ്പ് തയ്യാറായി. ഈ കഥകള്‍ ഉപരിപ്ലവമായി വായിച്ചാല്‍ പ്രബലരുടെയും വലിയവരുടെയും കാരുണ്യത്തിലാണ് ഈ ലോകം എന്ന തോന്നല്‍ ഉളവായേക്കാം. എന്നാല്‍ സുവിശേഷത്തിന്‍റെ ‘സദ്‌വാര്‍ത്ത’ കാണിച്ചു തരുന്നത് ലോകശക്തികളുടെ അക്രമങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും മുന്നില്‍ ദൈവം വഴികാട്ടുന്ന ഒരു രക്ഷാകര പദ്ധതിയുണ്ടെന്നാണ്. അതിനാല്‍ ദൈവിക അരുളപ്പാടില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നസ്രത്തിലെ മരപ്പണിക്കാരനെപ്പോലെ ക്രിയാത്മകമായ ധൈര്യം കാണിച്ചാല്‍ പ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടുവാന്‍ ദൈവം ഒരു വഴി എപ്പോഴും നമുക്കും കാണിച്ചുതരും.

ദൈവം നമ്മെ സഹായിക്കുന്നില്ലെന്ന് ചിലപ്പോഴെല്ലാം തോന്നാമെങ്കിലും അവിടുന്ന് നമ്മെ ഉപേക്ഷിച്ചെന്നല്ല അര്‍ത്ഥം. മറിച്ച് നമ്മള്‍തന്നെ പോംവഴി കണ്ടെത്തുവാനും സക്രിയരായി ആസൂത്രണം ചെയ്യുവാനും നമ്മില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ദൈവം ചെയ്യുന്നത്. യേശുവിന്റെ സവിധത്തില്‍ എത്തിക്കുവാനായി തളര്‍വാതരോഗിയെ മേല്‍പ്പുരയിലൂടെ താഴേക്കിറക്കിയ സുഹൃത്തുക്കള്‍ കാണിച്ചുതന്നത് അത്തരം ക്രിയാത്മകമായ ധൈര്യമാണ്. ആ സുഹൃത്തുക്കളുടെ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും മുന്നില്‍ പ്രതിബന്ധങ്ങള്‍ തടസ്സമായില്ല. യേശുവിന് ആ മനുഷ്യനെ സുഖപ്പെടുത്താനാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. രോഗബാധിതനായ സുഹൃത്തിനെ തന്‍റെ അടുക്കലെത്തിച്ച അവരുടെ ക്രിയാത്മകമായ വിശ്വാസം യേശു തിരിച്ചറിഞ്ഞു.

എത്രകാലം യൗസേപ്പും മറിയവും ഉണ്ണിയോടൊപ്പം ഈജിപ്തില്‍ വസിച്ചുവെന്ന് സുവിശേഷം നമ്മോട് പറയുന്നില്ല. മറ്റേതൊരു കുടുംബത്തെയും പോലെ തിരുക്കുടുംബത്തിനും സമൂര്‍ത്തമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരിക്കണം. വിശപ്പില്‍നിന്നും ദൗര്‍ഭാഗ്യങ്ങളില്‍നിന്നും ജീവിതം രക്ഷപ്പെടുത്താന്‍ കുടിയേറ്റക്കാരായി ഇന്നു വരുന്ന സഹോദരീ സഹോദരന്മാരുടെയും അവസ്ഥ സമാനമാണ്. നാം യേശുവിനെയും മറിയത്തെയും സംരക്ഷിക്കാന്‍ സന്നദ്ധരാണോ എന്നത് എല്ലായ്‌പ്പോഴും സ്വയം പരിഗണിക്കണം. തന്‍റെ ജീവിതം രക്ഷിക്കുക മാത്രമല്ല, തനിക്കും കുഞ്ഞിനും എല്ലായ്‌പ്പോഴും തുണയായ് യൗസേപ്പിനെ കണ്ട മറിയത്തെപ്പോലെ ദൈവവും അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചു.

12. അദ്ധ്വാനശീലനായ പിതാവ്

ആദ്യത്തെ സാമൂഹിക ചാക്രിക ലേഖനത്തില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ സിദ്ധനെക്കുറിച്ച് എഴുതിയ കാലംമുതലേ തന്റെ തൊഴിലുമായി വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന ബന്ധം സഭയില്‍ എടുത്തു കാട്ടിയിട്ടുണ്ട്. തന്റെ കുടുംബം പുലര്‍ത്താന്‍ സത്യസന്ധമായി അദ്ധ്വാനിച്ച് സമ്പാദിച്ചിരുന്ന ഒരു മരപ്പണിക്കാരനായിരുന്നു യൗസേപ്പ്. സ്വന്തം അദ്ധ്വാനത്തിന്റെ ഫലമായി ആഹാരം നേടുന്നതിന്റെ ആനന്ദവും അന്തസ്സും വിലയും യേശു പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. നമ്മുടെ ഇക്കാലത്ത് തൊഴില്‍ വീണ്ടും ഒരു പ്രശ്‌നമായിത്തീരുമ്പോള്‍, സാമ്പത്തിക സമൃദ്ധി ദശകങ്ങളായി അനുഭവിച്ചുവരുന്ന രാഷ്ട്രങ്ങളില്‍പോലും തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍, അന്തസ്സുള്ള അദ്ധ്വാനത്തിന്‍റെ മാതൃകയായ വിശുദ്ധ യൗസേപ്പിനെ ആദരിക്കേണ്ടതിന്റെ ആവശ്യം വീണ്ടും ഉയരുകയാണ്.

രക്ഷാകര കര്‍മ്മത്തില്‍ ഭാഗഭാക്കാകുവാനുള്ള ഒരു ഉപാധിയാണ് അദ്ധ്വാനം. ദൈവരാജ്യത്തിന്റെ വരവിനെ ത്വരിതപ്പെടുത്തുവാന്‍ നമ്മുടെ കഴിവുകളും സര്‍ഗശേഷിയും വികസിപ്പിച്ച് അവയെ നമ്മുടെ സഹോദരങ്ങള്‍ക്കും സമൂഹത്തിനുമായി സമര്‍പ്പിക്കുവാനുള്ള അവസരമാണത്. തൊഴിലില്ലാത്ത ഒരു കുടുംബം തകര്‍ച്ചയ്ക്കും സംഘര്‍ഷത്തിനും അന്യതാബോധത്തിനും പെട്ടെന്ന് വശംവദരാകാം. എല്ലാവര്‍ക്കും അന്തസ്സായ വരുമാനം ഉറപ്പാക്കാനാകുന്നില്ല. സമൂഹത്തില്‍ തൊഴില്‍ ലഭ്യമല്ലെങ്കില്‍ പിന്നെ മനുഷ്യാന്തസ്സിനെക്കുറിച്ചു പറയാന്‍ എങ്ങനെ നമുക്കാകും.?
അദ്ധ്വാനിക്കുന്ന വ്യക്തികള്‍, അവരുടെ തൊഴില്‍ എന്തുതന്നെ ആയാലും, ദൈവത്തോട് സഹകരിക്കുകയും ഏതെങ്കിലും രീതിയില്‍ നമുക്കു ചുറ്റുമുള്ള ലോകത്തിന്‍റെ സ്രഷ്ടാക്കളാകുകയും ചെയ്യാം.

13. നിഴലില്‍ ഒതുങ്ങിയ പിതാവ്

ഒരു നോവലിന്റെ രൂപത്തില്‍ പോളീഷ് എഴുത്തുകാരന്‍ യാന്‍ ദൊബ്രാചിന്‍സ്‌കി രചിച്ച വിശുദ്ധ യൗസേപ്പിന്റെ ജീവിത കഥയാണ് ‘പിതാവിന്റെ നിഴലില്‍’. യൗസേപ്പിനെ നിര്‍വചിക്കാന്‍ ഒരു നിഴലിന്റെ രൂപകമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. യേശുവുമായുള്ള ബന്ധത്തില്‍ സ്വര്‍ഗീയ പിതാവിന്‍റെ ഭൗമികമായ നിഴല്‍പോലെയായിരുന്നു യൗസേപ്പ്. ഉണ്ണിക്ക് തണലേകി, അവനെ സംരക്ഷിച്ചു. തന്നിഷ്ടപ്രകാരം ചെയ്യാതെ ഓരോന്നിലും മാര്‍ഗദര്‍ശനം നല്‍കി. ഇസ്രയേല്‍ ജനതയോട് മോശ പറഞ്ഞ വാക്കുകള്‍ നമുക്ക് ചിന്തിക്കാവുന്നതാണ്. “ഒരു ശിശുവിനെ ചുമക്കുന്നതുപോലെ, നിങ്ങളുടെ യാത്രയിലുടനീളം വന്യതയിലൂടെ നാഥനായ ദൈവം നിങ്ങളെ നയിച്ചു.” ഇതിനു സമാനമായ രീതിയിലാണ് ഒരു പിതാവെന്ന നിലയില്‍ ജീവിതം മുഴുവന്‍ യൗസേപ്പ് സമര്‍പ്പിച്ചത്. ജന്മനാ അല്ല പിതാക്കന്മാര്‍ ഉണ്ടാകുന്നത്, മറിച്ച് ആയിത്തീരുകയാണ്. ലോകത്തിലേക്ക് ഒരു കുഞ്ഞിനെ കൊണ്ടുവരുന്നതുകൊണ്ടു മാത്രമല്ല ഒരു മനുഷ്യന്‍ പിതാവായിത്തീരുന്നത്, ആ ശിശുവിന്‍റെ പരിപാലനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലൂടെയാണ്. അങ്ങനെയാണ് ഒരാള്‍ ആ വ്യക്തിയുടെ പിതാവായി മാറുന്നത്.

14. ഇന്നത്തെ കുടുംബബന്ധങ്ങള്‍

പിതാക്കന്മാരുടെ അഭാവമുള്ള അനാഥരെപ്പോലെയാണ് മിക്കവാറും ഇന്നത്തെ കുട്ടികള്‍. സഭയ്ക്കും പിതാക്കന്മാരെ ആവശ്യമുണ്ട്. “ക്രിസ്തുവിലൂടെ അസംഖ്യം മാര്‍ഗദര്‍ശികള്‍ നിങ്ങള്‍ക്കുണ്ടെങ്കിലും, നിങ്ങള്‍ക്ക് വേണ്ടത്ര പിതാക്കന്മാരി”ല്ലെന്ന് പൗലോസ് അപ്പസ്‌തോലന്‍ കൊറീന്ത്യരോട് പറയുന്നുണ്ട്. ഓരോ പുരോഹിതനും മെത്രാനും അപ്പസ്‌തോലന്‍റെ പ്രസ്താവനയോടു കൂട്ടിച്ചേര്‍ക്കാന്‍ കഴിയണം, “വചനത്തിലൂടെയും യേശുക്രിസ്തുവിലൂടെയുമാണ് ഞാന്‍ നിങ്ങളുടെ പിതാവായത്.” ഗലാത്തിയരോടും പൗലോസ് ഇതുപോലെ പറയുന്നുണ്ട്, “നിങ്ങളില്‍ ക്രിസ്തു രൂപപ്പെടുന്നതുവരെയുള്ള വേദനയിലാണ് ഞാന്‍ എന്‍റെ കുഞ്ഞു മക്കളേ”.

കുട്ടികളെ ജീവിതവും യാഥാര്‍ത്ഥ്യവും പരിചയപ്പെടുത്തുവാന്‍ ഒരു പിതാവിന് ചുമതലയുണ്ട്. അവരെ കടിഞ്ഞാണിട്ടു പിടിച്ചും വരുതിയിലാക്കിയും ചിറകിനുള്ളിലാക്കിയുമല്ല അത് ചെയ്യേണ്ടത്, മറിച്ച് സ്വയം തീരുമാനങ്ങളെടുക്കുവാനും സ്വാതന്ത്ര്യം ആസ്വദിക്കുവാനും പുതിയ അവസരങ്ങള്‍ അന്വേഷിക്കുവാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇതിനാലായിരിക്കണം പരമ്പരാഗതമായി യൗസേപ്പിനെ “ഏറ്റവും അലിവുള്ള പിതാവ്” എന്ന് വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നത് വെറുതെ വാത്സല്യത്തിന്‍റെ അടയാളം മാത്രമല്ല, അധികാര പ്രയോഗത്തിന് വിപരീതമായുള്ള ഒരു മനോഭാവത്തിന്റെ പ്രതീകം കൂടിയാണ്. ഒരാളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും വരുതിയിലാക്കുന്നതില്‍നിന്നുള്ള വിടുതലാണ് ആ അലിവ്. അലിവുണ്ടെങ്കില്‍ മാത്രമേ സ്‌നേഹം യഥാര്‍ത്ഥ സ്‌നേഹമാകൂ. വരുതിയില്‍ അല്ലെങ്കില്‍ നിയമത്തിന്‍റെ ബന്ധനത്തില്‍ നിര്‍ത്തിയുള്ള സ്‌നേഹം ആത്യന്തികമായി അപകടകരമാണ്. അത് തടവിലാക്കുന്നതും നിയന്ത്രിക്കുന്നതും ദുരിതം വരുത്തിവെയ്ക്കുന്നതുമാണ്. മാനവരാശിയെ ദൈവം സ്‌നേഹിച്ചത് അലിവോടെയാണ്. അപഥസഞ്ചാരത്തിനും തനിക്കെതിരായി നിലകൊള്ളുവാന്‍പോലും ദൈവം മനുഷ്യരെ സ്വതന്ത്രരായി വിട്ടു. സ്വാതന്ത്ര്യത്തിന്റെ യുക്തി എന്തെന്നാല്‍ അത് എല്ലായ്‌പ്പോഴും സ്‌നേഹത്തിന്റെ യുക്തിയാണ്. അസാധാരണമായ സ്വാതന്ത്ര്യം നല്‍കി എങ്ങനെ സ്‌നേഹിക്കണമെന്ന് യൗസേപ്പിന് അറിയാമായിരുന്നു. കാര്യങ്ങളുടെ നടുക്ക് തന്നെത്തന്നെ ഒരിക്കലും അദ്ദേഹം പ്രതിഷ്ഠിച്ചില്ല. മറിയത്തിന്റെയും യേശുവിന്റെയും ജീവിതത്തെക്കുറിച്ചാണ്, അല്ലാതെ തന്നെക്കുറിച്ചല്ല അദ്ദേഹം തത്രപ്പെട്ടത്.

15. ത്യാഗജീവിതം നഷ്ടമല്ല

വെറുതെ ആത്മത്യാഗത്തിലല്ല, പക്ഷെ സ്വയം സമര്‍പ്പണത്തിലാണ് യൗസേപ്പ് സന്തോഷം കണ്ടെത്തിയത്. മുറുമുറുപ്പോ മുരടിപ്പോ അല്ല, മറിച്ച് വിശ്വസ്തത മാത്രമാണ് അദ്ദേഹത്തില്‍ നമുക്ക് കാണാനാവുക. ഈ വിശ്വസ്തതയുടെ സമൂര്‍ത്തമായ പ്രകാശനത്തിനുള്ള ആമുഖമായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപൂര്‍വ്വമായ നിശബ്ദത. ഇന്നത്തെ നമ്മുടെ ലോകത്തിന് പിതാക്കന്മാരെ ആവശ്യമുണ്ട്. തങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളാക്കി മറ്റുള്ളവരുടെമേല്‍ അധികാരം സ്ഥാപിക്കുന്ന ഏകാധിപതികളെക്കൊണ്ട് നമുക്കൊരു കാര്യവുമില്ല. അധികാര പ്രമത്തതയെ അധികാരമായും, സേവനത്തെ ദാസ്യമായും, അനുരഞ്ജനത്തെ അടിച്ചേല്‍പ്പിക്കലായും, ഉപവിയെ ക്ഷേമമനോഭാവമായും, ശക്തിയെ നിഗ്രഹമായും തെറ്റിദ്ധരിക്കുന്നവരെ നിരാകരിക്കണം. ഇത്തരമൊരു പക്വതയാണ് പൗരോഹിത്യവും സമര്‍പ്പിത ജീവിതവും ആവശ്യപ്പെടുന്നത്. പക്വമായ ത്യാഗത്തിന്റെ ഫലമായി ഒരാള്‍ തന്നെത്തന്നെ ദാനമായി നല്‍കുന്നതില്‍നിന്നാണ് യഥാര്‍ത്ഥ ദൈവവിളി ഉരുവാകുന്നത്. ബ്രഹ്മചര്യത്തിനോ വിവാഹത്തിനോ കന്യാത്വത്തിനോ എന്തുമായിക്കൊള്ളട്ടെ, നമ്മുടെ നിയോഗം പൂര്‍ത്തിയാകണമെങ്കില്‍ ജീവിതത്തില്‍ ത്യാഗം ഒഴിവാക്കാനാകില്ല.

16. ദൈവ പിതാവിങ്കലേയ്ക്ക് ആനയിക്കാം

ഒരു കുട്ടിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന പിതാവിന്റെ സഹായത്തോടെ മാത്രമേ ഒരു കുട്ടിക്ക് താന്‍ വഹിക്കുന്ന ഉല്‍കൃഷ്ടമായ രഹസ്യം പ്രകാശിതമാക്കാന്‍ കഴിയൂ. അന്തിമമായി യേശു നമ്മെ മനസ്സിലാക്കിത്തരുന്നത് അവിടുന്ന് പറയുന്നുണ്ട്. “ഭൂമിയിലെ സ്വര്‍ഗസ്ഥനായ ഒരുവനാണ് നിന്‍റെ പിതാവ്” (മത്തായി 23:4). പിതാവിന്റെ കടമ ഓരോ തവണയും ഒരാള്‍ നിര്‍വഹിക്കുമ്പോള്‍ നാം എപ്പോഴും മനസ്സില്‍ ഓര്‍ക്കേണ്ടത് ചൊല്‍പ്പടിക്കു നിര്‍ത്തുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല, മറിച്ച് മഹോന്നതനായ ഒരു പിതാവിലേക്ക് നയിക്കുവാനുള്ള “അടയാളം” മാത്രമാണ് നമ്മുടെ പിതൃത്വമെന്നാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം യൗസേപ്പിനെ പോലെയാണ്. നീതിമാന്മാരുടെയും അനീതിക്കാരുടെയും മേല്‍ ഒരു പോലെ മഴ പെയ്യിക്കുകയും, ദുഷ്ടരുടേയും ശിഷ്ടരുടേയും മേല്‍ ഒരുപോലെ തന്റെ സൂര്യനെ ഉദിപ്പിക്കുകയും ചെയ്യുന്ന സ്വര്‍ഗസ്ഥനായ പിതാവിന്റെ ഒരു നിഴലാണ് നാം, അവിടുത്തെ പുത്രനെ അനുഗമിക്കുന്ന ഒരു നിഴല്‍!

17. ഉപസംഹാരം

മഹാനായ ഈ വിശുദ്ധനോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കുകയും, അദ്ദേഹത്തിന്റെ നന്മകളെയും സ്ഥൈര്യത്തെയും അനുകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ അപ്പോസ്തലിക ലിഖിതത്തിന്റെ ലക്ഷ്യം. വിശുദ്ധന്മാരുടെ ദൗത്യമെന്നത് അനുഗ്രഹങ്ങളും അത്ഭുതങ്ങളും നേടിത്തരിക മാത്രമല്ല, അബ്രഹാമിനെയും മോശയെയും യേശുവിനെയും പോലെ ദൈവത്തിനു മുന്നില്‍ നമുക്കായി മാദ്ധ്യസ്ഥം വഹിക്കുക എന്നുകൂടിയാണ്. ദൈവത്തിനോട് നമുക്കായി വാദിക്കുന്ന, എല്ലായിപ്പോഴും നമുക്കായി ഇടപെടുവാന്‍ തയ്യാറായി ജീവിച്ച യേശുവിനെപ്പോലെയാണ് തീര്‍ച്ചയായും വിശുദ്ധന്മാരുടെ ദൗത്യവും. “എന്നെ അനുഗമിക്കുക” എന്ന് വിശുദ്ധ പൗലോസ് വ്യക്തമായി പറയുന്നുണ്ട് (കൊറീന്ത്യര്‍ 1, 4:16) അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ വിശുദ്ധ യൗസേപ്പും പറയുന്നത് അതുതന്നെയാണ്, “എന്നെ അനുഗമിക്കുക!

നിരവധി വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ദൃഷ്ടാന്തം മുന്‍നിര്‍ത്തി വിശുദ്ധ അഗസ്റ്റിന്‍ സ്വയം ചോദിച്ചു “അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് നിനക്കും ചെയ്യാനാവില്ലേ?” അങ്ങനെ അദ്ദേഹം തന്റെ സുദൃഢമായ മനഃപരിവര്‍ത്തനത്തിലേക്ക് സമീപിച്ചു. അപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു: “ചിരപുരാതനവും, നിത്യനൂതനവുമായ സൗന്ദര്യമേ, നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ എത്ര വൈകി…?!”

വിശുദ്ധ യൗസേപ്പിനോട് നമ്മള്‍ ചോദിക്കേണ്ടത് അനുഗ്രഹങ്ങളുടേയും അനുഗ്രഹമായ ഒന്നാണ്: നമ്മുടെ മനഃപരിവര്‍ത്തനം…!!

18. യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിക്കാം

രക്ഷകന്റെ കാവല്‍ക്കാരനേ, സ്വസ്തീ!
കന്യാമറിയത്തിന്റെ അനുഗൃഹീതനായ ഭര്‍ത്താവേ,
അങ്ങയെയാണല്ലോ തന്റെ ഏകജാതനു സംരക്ഷകനായി ദൈവം ഭരമേല്‍പ്പിച്ചത്.
അങ്ങിലാണല്ലോ മറിയം വിശ്വാസമര്‍പ്പിച്ചത്.
അങ്ങയോടൊപ്പമാണല്ലോ ക്രിസ്തു മനുഷ്യനായ് വളര്‍ന്നത്.
അനുഗൃഹീതനായ യൗസേപ്പിതാവേ, ഞങ്ങള്‍ക്കും അങ്ങു പിതാവാകണമേ,
ജീവിതപാതയില്‍ ഞങ്ങളെ നയിക്കണമേ!
അനുഗ്രഹവും കരുണയും ധൈര്യവും ഞങ്ങള്‍ക്കായ് നേടിത്തരണമേ,
എല്ലാ തിന്മയില്‍നിന്നും ഞങ്ങളെ കാത്തുപാലിക്കണമേ!
ആമേന്‍.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker