പാണന്മാർ പാടിനടക്കുന്നു: “മതവും ദൈവവുമില്ലാത്ത രാജ്യം… ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം…” (യുവജനങ്ങളുടെ ശ്രദ്ധയ്ക്ക്)
ഫിന്‍ലാന്റിലെ 75 ശതമാനത്തോളം മനുഷ്യരും ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്നവരും, ക്രൈസ്തവവിശ്വാസത്തില്‍ മക്കളെ വളര്‍ത്തുന്നവരുമാണ്...
ഫാ.നോബിൾ തോമസ് പാറക്കൽ
ലോകത്ത് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്ന രാജ്യം ഏതാണ് എന്ന ചോദ്യത്തിന് ഇന്ന് പലരും മറുപടി പറയും ഫിന്‍ലാന്‍റ്… ചിലര്‍ പറയും നോര്‍വേ… എന്തുകൊണ്ടാണ് അപ്രകാരം ആ രാജ്യങ്ങളിലുള്ളവരുടെ ‘ഹാപ്പിനെസ് ഇന്‍ഡക്സ്’ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നത് എന്ന് ചോദിച്ചാലോ… മറുപടി തമാശയാണ്.. ‘ആ രാജ്യങ്ങളില്‍ മതവും ദൈവവും ദൈവവിശ്വാസവുമൊന്നും ഇല്ലത്രേ…’ കേരളത്തില്‍ നിരീശ്വരവാദവും യുക്തിവാദവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന ഒരു കള്ളക്കഥയാണ് ഇത്. പെട്ടെന്ന് ഈ വിഷയം മനസ്സിലേക്ക് വരാന്‍ കാരണം എസ്സന്‍സ് ഗ്ലോബല്‍ ട്രിവാന്‍ഡ്രം എന്ന ഫെയ്സ്ബുക്ക് പേജില്‍ നടന്‍ ശ്രീനിവാസന്റേതായി വന്ന 47 സെക്കന്റുകള്‍ മാത്രമുള്ള ഒരു വീഡിയോയാണ്.
എന്തൊരു ആധികാരികതയോടെയാണ് ശ്രീനിവാസന്‍ ഫിന്‍ലാന്റില്‍ മതവും ദൈവവുമൊന്നുമില്ലായെന്നും, അവിടെ മതം പഠിപ്പിക്കുന്നവനെ പിടിച്ച് ജയിലിലിടുമെന്നുമൊക്കെ വെച്ചു കാച്ചുന്നത്. അതുകേട്ട് കയ്യടിക്കാന്‍ നൂറുകണക്കിന് യുവജനങ്ങളും സമ്മേളിച്ചിട്ടുണ്ട്. ശാസ്ത്രവും യുക്തിചിന്തയും ഉപയോഗിച്ചുകൊണ്ട് ദൈവവിശ്വാസം ഇല്ലാതാക്കാമെന്ന വ്യാമോഹവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യരാണ് എസ്സന്‍സ് ഗ്ലോബലിന്റെ പിന്നാമ്പുറത്തുള്ളത്. സി.രവിചന്ദ്രന്‍ പ്രൊഫസറാണ് പ്രസ്ഥാനത്തിന് നേതൃത്വം നല്കുന്നതെന്ന് തോന്നുന്നു.
ഫിന്‍ലാന്റിലെ 75 ശതമാനത്തോളം മനുഷ്യരും ക്രൈസ്തവവിശ്വാസത്തില്‍ ജീവിക്കുന്നവരും, ക്രൈസ്തവവിശ്വാസത്തില്‍ മക്കളെ വളര്‍ത്തുന്നവരുമാണ് എന്നത് നഗ്നമായ ഒരു സത്യമാണ്. എസ്സന്‍സുകാർ പൊക്കിപ്പിടിക്കുന്ന താര്‍ക്കികബുദ്ധിയൊന്നും വേണ്ട, വെറുതേ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ മതി, ഫിന്‍ലാന്റില്‍ എത്ര ശതമാനം ക്രൈസ്തവരുണ്ട്? അവര്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് പെടുന്നത്? എന്നൊക്കെ മനസ്സിലാക്കാന്‍… വേള്‍ഡ് അറ്റലസ്.കോം ഫിന്‍ലന്റിലെ മതവിശ്വാസത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ… The majority of individuals in Finland identify as members of a Christian church; the vast majority of these Christians are attendants of the Evangelical Lutheran Church of Finland. Its followers make up 70.9% of the population. Although Finnish regulation allows for religious freedom, this church is considered one of two national churches in the country as a way to promote nationalism among the Finnish population. This promotes nationalism because Christianity has had influence over the culture since the 11th century. https://www.worldatlas.com/articles/religion-in-finland-today.html
ഏതായാലും ആഘോഷമായി മണ്ടത്തരം എഴുന്നള്ളിക്കാന്‍ വലിയ പ്രശസ്തരെ കൊണ്ടുവരികയും, അതിന് കൈയ്യടിക്കാന്‍ ബുദ്ധിജീവികളെന്ന് നടിക്കുന്ന കുറേപ്പെരെ ടാഗും കഴുത്തിലിടീപ്പിച്ച് കൊണ്ടുവന്നിരുത്തുകയും ചെയ്യുമ്പോള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതാണോയെന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്. ദയവുചെയ്ത് ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ സംഘങ്ങളില്‍ ചാടി സാമാന്യബോധംകൂടി ഇല്ലാതാക്കരുതേയെന്ന് പ്രിയ യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിരീശ്വരപ്രസ്ഥാനങ്ങളുടെ അബദ്ധപ്രചരണങ്ങളോട് കൂടുതല്‍ പ്രതികരണങ്ങള്‍ സാവധാനം രൂപപ്പെടുത്താമെന്ന് വിചാരിക്കുന്നു.