Kerala

പള്ളിക്കൊരു കൃഷിതോട്ടം; കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് ദേവാലയം ഇനി ഗ്രീൻ പാരിഷ്

പള്ളിയും പരിസരവും കൂടാതെ ഇടവകയിലെ മുഴുവൻ കുടുംബങ്ങളെയും പ്രകൃതി സൗഹാർദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം...

ജോസ് മാർട്ടിൻ

കാഞ്ഞിരപ്പള്ളി/കോട്ടയം: വിജയപുരം രൂപതയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് ദേവാലയം കേരളത്തിലെ പ്രഥമ ഗ്രീൻ പാരിഷായി. ‘പള്ളിക്കൊരു കൃഷിതോട്ടം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നു വർഷങ്ങളായി ഫാ.തോമസ് പഴവക്കാട്ടിലിന്റെ നേതൃത്വത്തിൽ പള്ളി പരിസരത്ത് പൂന്തോട്ടം, പച്ചക്കറി, ഫലവൃക്ഷങ്ങൾ എന്നിവ നട്ട് സംരക്ഷിച്ചു വരികയായിരുന്നു. പള്ളിയും പരിസരവും കൂടാതെ ഇടവകയിലെ മുഴുവൻ കുടുംബങ്ങളെയും പ്രകൃതി സൗഹാർദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രൂപതയിലെ പ്രഥമ ഗ്രീൻ പാരിഷായി കാഞ്ഞിരപ്പള്ളി പൊടിമറ്റം ഇടവകയെ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.അഗസ്റ്റിൻ മേച്ചേരിയിൽ ജനുവരി 24-ന് പ്രഖ്യാപിക്കുകയായിരുന്നു.

മുന്തിരി, കിളിഞാവൽ, മുള്ളാത്ത, റമ്പൂട്ടാൻ, സാന്തോൾ, മിറക്കിൾ ഫ്രൂട്ട്, അവക്കാഡോ തുടങ്ങി നാടൻ വിദേശ ഇനങ്ങളിൽപ്പെട്ട ഏകദേശം നൂറിലധികം ഫലവൃക്ഷങ്ങളും കാന്താരി, ചീര, പയർ, പച്ചമുളക്, വെണ്ട, വഴുതനങ്ങ തുടങ്ങി വിവിധ ഇനം പച്ചക്കറികളും പള്ളി പരിസരത്ത് കൃഷി ചെയ്യുന്നു. കൂടാതെ മീൻ കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പരിശുദ്ധ പിതാവിന്റെ “ലൗദാത്തോ സി”എന്ന ചാക്രിക ലേഖനത്തിൽ നിന്ന് ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് ഇടവക ദേവാലയം എന്ന വലിയ കുടുംബത്തിൽ നിന്നാരംഭിച്ച്, അതിന്റെ ചൈതന്യം ഇടവകയിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കുക, പച്ചക്കറി കൃഷികളിലൂടെ ഓരോ കുടുംബങ്ങളും സ്വയംപര്യാപ്തത നേടുകയും അതോടൊപ്പം ഫല-വൃക്ഷ കൃഷിയിലൂടെ സാമ്പത്തികനേട്ടവും കൈവരിക്കുക തുടങ്ങിയവയാണ് പദ്ധതിയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് ഇടവക വികാരി തോമസ് പഴവക്കാട്ടിൽ കാത്തലിക് വോക്സിനോട് പറഞ്ഞു.

ഇടവക വികാരിയുടെ നേതൃത്വത്തിൽ കൃഷി വിദഗ്ധനായ ഡോ.സണ്ണി ജോർജ് വെളിയിലിനെ കോ-ഓർഡിനേറ്ററാക്കി ഗ്രീൻ പാരിഷ് കമ്മിറ്റി രൂപീകരിക്കുകയും നൂതന കൃഷി സമ്പ്രദായങ്ങൾ, കൃഷി അനുബന്ധ സംഭരണങ്ങൾ, ഗുണമേന്മയേറിയ ഫല-വൃക്ഷങ്ങളുടെ നടൽ തുടങ്ങിയവയിൽ പരിശീലനവും ഇടവക നൽകി വരുന്നു.

കേരളത്തിലെ തരിശായി കിടക്കുന്ന ദേവാലയ പരിസരങ്ങളിലും, വളരെ കുറച്ചു ഭൂമിയുള്ള ഭവനങ്ങളിലും ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമെന്നും, അതിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകാൻ തയ്യാറാണെന്നും ഫാ.തോമസ് പഴവക്കാട്ടിൽ പറയുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker