പരാജയപ്പെടുത്തേണ്ട പ്രലോഭനങ്ങൾ
ഇന്ന് പിശാച് നമ്മെ സമീപിക്കുന്നത് സ്വഭാവ സവിശേഷതകളുള്ള വ്യക്തിയായിട്ടോ, സംഘടനയായിട്ടോ, ആശയമായിയിട്ടോ ഒക്കെയാണ്...
തപസ്സുകാലം ഒന്നാം ഞായർ
ഒന്നാം വായന: ഉൽപ്പത്തി 2:7-9, 3:1-7
രണ്ടാം വായന: റോമാ. 5:12-19
സുവിശേഷം. വി. മത്തായി 4:1-11.
ദിവ്യബലിക്ക് ആമുഖം
40 ദിനരാത്രങ്ങൾ ഉപവസിച്ച യേശു പിശാചിനാൽ പരീക്ഷിക്കപ്പെട്ടുകയാണ്. യേശുവിന്റെ മരുഭൂമിയിലെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് 40 ദിവസത്തെ തപസുകാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന നാം ആത്മീയ ജീവിതത്തിലെ പ്രലോഭനങ്ങളെ എങ്ങനെയാണ് നേരിടേണ്ടതെന്ന് ഇന്നത്തെ വചനം പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണ കർമ്മം
ഇന്നത്തെ ഒന്നാം വായനയിലും, സുവിശേഷത്തിലും രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണം നാം ശ്രവിക്കുന്നുണ്ട്. ഒന്നാം വായനയിൽ (ഉൽപ്പത്തി പുസ്തകത്തിൽ) സ്ത്രീയും സർപ്പത്തിന്റെ രൂപത്തിൽ വന്ന പിശാചും ആണെങ്കിൽ, മത്തായി എഴുതിയ സുവിശേഷത്തിൽ അത് യേശുവും പിശാചും തമ്മിലാണ്. രണ്ടു സംഭാഷണങ്ങളിലെയും മുഖ്യപ്രമേയം ‘പ്രലോഭനം’ തന്നെയാണ്. മനുഷ്യവംശത്തിന്റെ മുഴുവൻ ആദ്യരൂപമായ സ്ത്രീയും, പുരുഷനും (ആദവും ഹവ്വയും) പിശാചിന്റെ പ്രലോഭനത്തിൽ വീണുപോകുന്നു. ദൈവത്തെ വെല്ലുവിളിക്കുന്ന രീതിയിൽ, ദൈവത്തെ പോലെ ആകാമെന്ന പിശാചിന്റെ പരീക്ഷണത്തിൽ മനുഷ്യകുലത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന ആദവും ഹവ്വയും പരാജയപ്പെടുന്നു. എന്നാൽ, സുവിശേഷത്തിൽ പുതിയ മനുഷ്യനായ യേശു, പുതിയ ആദമായ യേശു പിശാചിന്റെ പരീക്ഷണങ്ങളിൽ വിജയിക്കുന്നു. ആദ്യമനുഷ്യരുടെ അനുസരണക്കേട് മൂലം ഈ ഭൂമിയിൽ രോഗവും, മരണവും, കഷ്ടതയും വന്നുവെങ്കിൽ യേശുവിലൂടെ സൗഖ്യവും, ഉത്‌ഥാനവും, ജീവനും കൈവന്നു. ഈ യാഥാർഥ്യത്തെ ഇന്നത്തെ രണ്ടാമത്തെ വായനയിൽ പൗലോസ് അപ്പോസ്തലൻ ഇപ്രകാരം എടുത്തുപറയുന്നു: “ഒരു മനുഷ്യന്റെ പാപം എല്ലാവർക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂർവകമായ പ്രവൃർത്തി എല്ലാവർക്കും ജീവദായകമായ നീതീകരണത്തിന് കാരണമായി”. യേശു പ്രലോഭനങ്ങളെ അതിജീവിച്ചതാണ് നമ്മുടെ മുഖ്യ വിചിന്തനവിഷയം.
ആദ്യ പ്രലോഭനം: അതിജീവനത്തെക്കുറിച്ചുള്ള പേടി
40 ദിവസം ആഹാരം കഴിക്കാതിരിക്കുന്ന ഒരുവന്റെ ഭയം, അവൻ ഇനി ജീവിക്കുമോ എന്നുള്ളതാണ്. ഈ ഭയത്തെയാണ് പിശാച് ചൂഷണം ചെയ്യുന്നത്. “നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക” ഇതായിരുന്നു പിശാചിയന്റെ വാക്യം.
ഒന്നാമതായി; യേശുവിന്റെ ദൈവപുത്ര സ്ഥാനത്തെ പിശാച് പരീക്ഷിക്കുകയാണ്. അതുകൊണ്ടാണ് “എങ്കിൽ” എന്ന വാക്യം ഉപയോഗിച്ച് “ദൈവപുത്രനാണെങ്കിൽ” എന്നു പറയുന്നത്. തത്തുല്യമായ ഒരു പരീക്ഷണം നമ്മുടെ ചിന്തയിലും പിശാച് ഉയർത്താറുണ്ട്, “യേശു യഥാർത്ഥത്തിൽ ദൈവപുത്രനാണോ” എന്ന സംശയം നമ്മുടെ ബൗദ്ധിക മണ്ഡലത്തിലും ഉയർന്നുവരാറുണ്ട്. ഇതാണ് പിശാചിന്റെ ആദ്യത്തെ ആയുധം.
രണ്ടാമതായി; കല്ലുകളെ അപ്പമാക്കി മാറ്റി കൊണ്ട് അത്ഭുതം പ്രവർത്തിക്കാൻ യേശുവിനോട് ആവശ്യപ്പെടുന്നു. യേശു മറ്റുള്ളവർക്ക് വേണ്ടി അപ്പം വർധിപ്പിച്ചിട്ടുണ്ട്, എന്നാൽ ഒരിക്കലും തനിക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ചിട്ടില്ല. വിശപ്പിന്റെയും, അതിജീവനത്തിന്റെയും. നിലനിൽപ്പിന്റെയും ഭയാശങ്കകൾ ഉയർത്തി പ്രലോഭിപ്പിക്കാൻ വന്ന പിശാചിന് യേശു കൊടുക്കുന്ന മറുപടി: “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോവാക്കു കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു” എന്നാണ്.
അതായത്, നാളെയെക്കുറിച്ചുള്ള പേടി കൊണ്ടും, നിലനില്പിനെ കുറിച്ചുള്ള ഭയാശങ്കകൾ കൊണ്ടും നിറയുമ്പോൾ ദൈവത്തിലും, ദൈവവചനത്തിലും ആശ്രയിക്കുവാനാണ് യേശു പറയുന്നത്. ഇസ്രായേൽക്കാർ 40 വർഷം മരുഭൂമിയിലൂടെ സഞ്ചരിച്ചപ്പോഴും വെള്ളത്തെയും, ഭക്ഷണത്തെയും കുറിച്ചുള്ള (ജീവന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട) ഭയാശങ്കകൾ അവരെ അലട്ടിയിരുന്നു. ദൈവം അവർക്ക് മരുഭൂമിയിൽ പാറയിൽ നിന്ന് വെള്ളവും, മന്നായും, വെട്ടുകിളികളും ആഹാരമായി നൽകി പരിപാലിച്ചു. നമ്മുടെ അതിജീവനത്തെ കുറിച്ചുള്ള ഭയാശങ്കകൾക്കും ആകുലതകൾക്കും മുകളിലായി ദൈവ വചനത്തെ മുറുകെ പിടിക്കുന്ന, എല്ലാം ദൈവത്തിനു സമർപ്പിക്കുന്ന, നമുക്കാവശ്യമുള്ളതെല്ലാം ദൈവം നൽകുമെന്നുള്ള വലിയ ദൈവാശ്രയ ബോധം നമുക്കുണ്ടാകണമെന്നും, എല്ലാറ്റിലുമുപരി ദൈവത്തിന് പ്രാധാന്യം നൽകണമെന്നും യേശു നമ്മെ പഠിപ്പിക്കുന്നു.
രണ്ടാമത്തെ പ്രലോഭനം: ദൈവത്തെ പരീക്ഷിക്കൽ
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നതാണ് രണ്ടാമത്തെ പ്രലോഭനം. ജെറുസലേം ദേവാലയത്തിന് മുകളിൽ യേശുവിനെ കയറ്റി നിർത്തിയിട്ട്, സങ്കീർത്തനം 91-ലെ വാക്യം ഉദ്ധരിച്ചുകൊണ്ട് “നീ ദൈവപുത്രനാണെങ്കിൽ താഴേക്ക് ചാടുക, നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാർക്ക് കൽപന നൽകും, നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും എന്നെഴുതപ്പെട്ടിരിക്കുന്നു” എന്ന് പിശാച് പറയുന്നു. പിശാചിന്റെ വാക്കുകളിൽ പതുങ്ങിയിരിക്കുന്ന “ദൈവത്തെ പരീക്ഷിക്കുക” എന്ന അപകടം മനസ്സിലാക്കിയ യേശു നിയമാവർത്തന പുസ്തകത്തിലെ ആറാം അദ്ധ്യായം പതിനാറാം വാക്യം ഉദ്ധരിച്ചുകൊണ്ട് “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്ന് മറുപടി നൽകുന്നു.
ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും, ഞാൻ എന്തു ചെയ്താലും ദൈവം എന്റെ ആഗ്രഹം അനുസരിച്ച് എന്നെ സഹായിക്കണം എന്ന് വാശിപിടിക്കുന്ന ദൈവമുണ്ടോ ഇല്ലയോ എന്നും, ദൈവത്തിന് ശക്തിയുണ്ടോ ഇല്ലയോ എന്നും ചിന്തിച്ചു കൊണ്ട് ദൈവത്തെ പരീക്ഷിക്കുന്നവർക്കുള്ള ഒരു പാഠം യേശു നൽകുകയാണ്. നാം ആഗ്രഹിക്കുമ്പോളല്ല ദൈവം മാലാഖമാരെ ആയക്കുന്നത് മറിച്ച്, നമുക്ക് മാലാഖമാരെ യഥാർത്ഥമായും ആവശ്യമുണ്ടെന്ന് ദൈവത്തിന് ബോധ്യമാകുമ്പോഴാണ്.
മൂന്നാമത്തെ പ്രലോഭനം: ദൈവമില്ലാതെയും ജീവിക്കാം
ലോകത്തിലെ എല്ലാ രാജ്യങ്ങളും മഹത്വവും യേശുവിന് കാണിച്ചു കൊടുത്തിട്ട് “നീ സാഷ്ട്രാഗം പ്രണമിച്ച് എന്നെ ആരാധിച്ചാൽ, ഇവയെല്ലാം നിനക്ക് ഞാൻ നൽകാം” എന്ന് പിശാച് പറയുന്നു. യേശുവിനെക്കുറിച്ചുള്ള സിനിമകളിൽ ഈ രംഗം വരുമ്പോഴെല്ലാം, ഒരു വശത്ത് കറുത്ത വിരൂപനായ വാലും ചിറകുമൊക്കെയുള്ള പിശാചും, മറുവശത്ത് യേശുവിനെയുമാണ് ചിത്രീകരിക്കുന്നത്. സ്വാഭാവികമായും കറുത്ത് വിരൂപനായ പിശാചിന്റെ മുമ്പിൽ യേശു സാഷ്ട്രാഗം പ്രണമിക്കുന്നത് നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല. സുവിശേഷത്തിൽ “സാത്താനെ ദൂരെ പോവുക” എന്ന് പറഞ്ഞുകൊണ്ട് യേശു പിശാചിനെ ആട്ടിപ്പായിക്കുന്നു. എന്നാൽ, സിനിമയിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ ജീവിതത്തിൽ പിശാച് വരുന്നത് കറുത്ത വിരൂപനായ, വാലും ചിറകുമുള്ള വ്യക്തിയായിട്ടല്ല. മറിച്ച് സൗന്ദര്യമുള്ള, വ്യത്യസ്ത നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ, നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന, ഏറ്റവും ആകർഷണീയമായ സ്വഭാവ സവിശേഷതകളുള്ള വ്യക്തിയായിട്ടോ, സംഘടനയായിട്ടോ, ആശയമായിയിട്ടോ ഒക്കെയാണ്. അവർ നേരിട്ടും അല്ലാതെയും പറയുന്നത്; “പണത്തിന്റെയും, സമ്പത്തിന്റെയും, പദവിയുടെയും, അധികാരത്തിന്റെയും സ്ഥാനമാനങ്ങൾ ഞാൻ നിനക്ക് തരാം; പക്ഷേ, നീ ദൈവത്തെയും ദൈവവിശ്വാസത്തെയും തള്ളിപ്പറയണം” എന്നാണ്. എന്നാൽ, ഈ ലോകത്തിലെ സകലതിനെയുംകാൾ ഞാൻ ദൈവത്തെ സ്നേഹിക്കുന്നുവെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും മറുപടി പറയണമെന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്.
ഉപസംഹാരം
തപസുകാലത്തിന്റെ ആരംഭത്തിൽതന്നെ ശാരീരികവും, മാനസികവും, ആത്മീയവും, ഭൗതികവുമായ ആരോപണങ്ങളെ എങ്ങനെയാണ് അതിജീവിക്കേണ്ടത് എന്ന പാഠം നമുക്ക് യേശുവിൽ നിന്ന് പഠിക്കാം പ്രാവർത്തികമാക്കാം.
ആമേൻ.