Kerala

പത്മിനി വർക്കി സ്മാരക പുരസ്‌കാരം ജെസി ഇമ്മാനുവലിന്; ആലപ്പുഴ രൂപതയ്ക്ക് അഭിമാനം

ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് ഇടവകാംഗം ജെസി ഇമ്മാനുവൽ അർഹയായി...

ജോസ് മാർട്ടിൻ

ആലപ്പുഴ: പ്രമുഖ സാമൂഹ്യ പ്രവർത്തകയായ പത്മിനി വർക്കി സ്മാരക പുരസ്കാരത്തിന് ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് ഇടവകാംഗം ജെസി ഇമ്മാനുവൽ അർഹയായി. പ്രഗത്ഭയായ ജീവകാരുണ്യ പ്രവർത്തകയ്ക്കാണ് പുരസ്കാരം നൽകിവരുന്നത്. 25000 രൂപയാണ് പുരസ്കാരത്തുക. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹജാലകം പാലിയേറ്റീവ് കെയർ സെന്ററിൽ വോളന്റിയർ നഴ്സാണ് ജെസി ഇമ്മാനുവൽ.

2013-ൽ സ്നേഹജാലകം പാലിയേറ്റീവ് കെയർ സ്ഥാപിക്കപ്പെട്ട കാലംമുതൽ തന്നെ വീട്സന്ദർശനം നടത്തുന്ന വോളന്റിയർ ടീമിലെ അംഗമാണ്. അതിന് മുൻപും സാമൂഹ്യസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജെസി ഇമ്മാനുവൽ. താൻ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് കടന്നുവരാനുള്ള സാഹചര്യത്തെ കുറിച്ച് ജെസിയ്ക്ക് പറയാനുള്ളത് തികച്ചും വ്യക്തിപരമായ സംഭവമാണ്. അതായത്, തന്റെ പിതാവിന്റെ രോഗാവസ്ഥയിൽ സ്ഥലത്തില്ലാത്തതിനാൽ പരിചരിക്കാൻ കഴിയാത്തതിന് പരിഹാരമായി 7 വർഷം മുൻപ് ഭർത്താവ് ഇമ്മാനുവലിന്റെ സ്കൂട്ടറിൽ പോയി സൗജന്യമായി കിടപ്പു രോഗികളെ പരിചരിച്ചുവരികയാണ്.

സാമൂഹ്യ പ്രവർത്തകനും മത്സ്യത്തൊഴിലാളി യൂണിയൻ സംഘടനാ നേതാവുമായ പി.ജെ. ഇമ്മാനുവലാണ് ജെസിയുടെ ഭർത്താവ്. മക്കൾ മൂന്നുപേരും വിദ്യാർഥികളാണ്. ഭർത്താവിന്റെ സാമൂഹ്യ സേവനം കണ്ട് ഒരു അഭ്യുതയകാംഷി 10 ലക്ഷം രൂപ ഉപയോഗിച്ച് വീട് വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തതും, ആ സഹായം സ്നേഹപൂർവ്വം നിരസിച്ചുകൊണ്ട് പകരം ചെട്ടികാട് ജനകീയ ലാബിൽ ഒരു രക്തപരിശോധന മെഷീൻ വാങ്ങി തരാൻ ആവശ്യപ്പെട്ടതും, അത് യാഥാർഥ്യമായതും സന്തോഷം നൽകുന്ന അനുഭവമാണെന്നും, ഇപ്പോൾ ലാബിലുള്ള ജർമൻ നിർമ്മിത മെഷീൻ അതാണെന്നും ജെസി പറയുന്നു.

പത്മിനി വർക്കിയുടെ അഞ്ചാം ചരമവാർഷികദിനമായ ഡിസംബർ- 12 ന് മൂന്നു മണിക്ക് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പുരസ്കാരം സമർപ്പിക്കും. ചാലക്കുഴി റോഡിലെ ദേവകി വാര്യർ സ്മാരകത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker