പതിനായിരങ്ങൾ സാക്ഷി എടത്വ പുണ്യവാളന്റെ പ്രദക്ഷിണം ഭക്‌തി സാന്ദ്രം
പതിനായിരങ്ങൾ സാക്ഷി എടത്വ പുണ്യവാളന്റെ പ്രദക്ഷിണം ഭക്‌തി സാന്ദ്രം
എടത്വ: ദർശന പുണ്യമായി, തേരിലേറി എത്തിയ വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷിണത്തിൽ പങ്കെടുത്തതു പതിനായിരങ്ങൾ. എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധഗീവർഗീസ് സഹദായുടെ പെരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തവർ പുണ്യദർശനം അനുഭവിച്ചറിഞ്ഞു മടങ്ങിയതോടെ ഒരു തീർത്ഥാടനകാലത്തിനു കൂടി വിരാമം.
പുലർച്ചെ മുതൽ അൻപതിലേറെ വൈദികരുടെ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കു ശേഷം നാലിനു പ്രധാന കവാടത്തിൽ നിന്നു തിരുസ്വരൂപം പ്രദക്ഷിണത്തിനെടുത്തു. പള്ളിക്കു ചുറ്റും വലം വച്ചു തിരികെ എത്താൻ രണ്ടു മണിക്കൂറെടുത്തു.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ്, വികാരി ജനറൽ ഡോ. ജോസഫ് മുണ്ടകത്തിൽ, കോട്ടാർ രൂപത മെത്രാൻ മാർ പീറ്റർ റെമിജിയൂസ് എന്നിവരുടെ കാർമികത്വത്തിൽ കുർബാനകൾക്കു ശേഷം ഫാ. മാത്യു കുഴിക്കാട്ടുമാലിൽ പ്രദക്ഷണത്തിനുള്ള ചടങ്ങുകൾ നടത്തി.
രൂപം ചലിച്ചപ്പോൾ ആചാരവെടിമുഴങ്ങി. തുടർന്നു തിരുമുറ്റത്തെത്തിയപ്പോൾ പനിനീർ തളിച്ചും വെറ്റിലയെറിഞ്ഞും പൂക്കൾ വർഷിച്ചും ആണു വിശ്വാസികൾ വരവേറ്റത്. തിരുസ്വരൂപവും അനുധാവന രൂപങ്ങളും വഹിച്ചത് അവകാശികളായ, കന്യാകുമാരിയിലെ ചിന്നമുട്ടത്തു നിന്നുള്ള വിശ്വാസികളാണ്. വർഷത്തിൽ ഒരു ദിവസം മാത്രം പുറത്തേക്കെടുക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പ്രദക്ഷിണത്തിനു ശേഷം ആറുമണിയോടെ തിരികെ പ്രധാന കവാടത്തിൽ തന്നെ പ്രതിഷ്ഠിച്ചു.
14-ന് ആണ് എട്ടാമിടം അന്നു വൈകിട്ടു വിശുദ്ധന്റെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടിയിലേക്കു നടക്കും. തുടർന്നു രാത്രി ഒൻപതോടെ തിരുസ്വരൂപം തിരികെ അൾത്താരയിൽ പ്രതിഷ്ഠിക്കും. ഇതോടെ ഈ വർഷത്തെ പെരുന്നാളിനു സമാപനമാകും.
പ്രദക്ഷിണത്തിനു വികാരി ഫാ. ജോൺ മണക്കുന്നേൽ, ജനറൽ കൺവീനർ ജെ.ടി. റാംസെ, പബ്ലിസിറ്റി കൺവീനർ ബിൽബി മാത്യു കണ്ടത്തിൽ, കൈക്കാരന്മാരായ കെ.വി. കുര്യൻ കൊച്ചുപറമ്പിൽ, ബേബിച്ചൻ കടമ്മാട്ട്, മനോജ് മാത്യു പുത്തൻവീട്ടിൽ, ജയൻ ജോസഫ് പുന്നപ്ര എന്നിവർ നേതൃത്വം നൽകി.