നൈജീരിയയിൽ ക്രൈസ്തവരെ കോഴികളെ പോലെ കൊന്നൊടുക്കുന്നു; കടുത്ത ക്രൈസ്തവ മത പീഡനത്തിൽ അന്താരാഷ്ട്ര ഇടപെടൽ അഭ്യർത്ഥിച്ച് നൈജീരിയൻ ആർച്ച് ബിഷപ്പ്
കഡുവ അതിരൂപതയുടെ ആർച്ച് ബിഷപ്പായ മാത്യു മാൻ ഡോഗോ സൊ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്
സ്വന്തം ലേഖകൻ
വടക്ക് പടിഞ്ഞാറൻ നൈജീരിയ: കഴിഞ്ഞ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് നൂറുകണക്കിന് ക്രിസ്ത്യാനികൾ കൊലചെയ്യപ്പെട്ടു, നിരവധി ക്രിസ്തീയ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു, എന്നിട്ടും മാധ്യമങ്ങളും അന്താരാഷ്ട്ര സമൂഹവും നിശബ്ദത പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കഡുവ അതിരൂപതയുടെ ആർച്ച് ബിഷപ്പായ മാത്യു മാൻ ഡോഗോ സൊ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്. അമേരിക്കൻ പത്രമായ ‘ലൈഫ് സൈറ്റ് – ന്യൂസ് ‘ നടത്തിയ അഭിമുഖത്തിൽ ആണ് ആർച്ച് ബിഷപ്പ് ഇപ്രകാരം പ്രതികരിച്ചത്.
ക്രിസ്ത്യാനികളുടെ മേലുള്ള അക്രമം മതവും വംശീയവുമായ കാരണങ്ങളാൽ ഫുലാനി തീവ്രവാദികളാണ് നടത്തുന്നത്. ഇത് അറിഞ്ഞു കൊണ്ട് നൈജീരിയൻ ഭരണകൂടം നിശബ്ദത പാലിക്കുന്നു. 98% മുസ്ലിം ജനസംഖ്യയുള്ള വടക്കുപടിഞ്ഞാറൻ നൈജീരിയൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ വളരെ ചെറിയ ന്യൂനപക്ഷമാണ്. ഈ ദുർബല വിഭാഗത്തെയാണ് ഇക്കൂട്ടർ ഉന്മൂല നാശം വരുത്തുവാൻ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ ട്രംപ് ഭരണകൂടത്തോടും അന്താരാഷ്ട്ര സമൂഹത്തോടും പാവപ്പെട്ട ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി നൈജീരിയൻ ഭരണകൂടത്തിന് മേൽ ഇടപെടാൻ ആർച്ച് ബിഷപ്പ് അഭ്യർത്ഥിക്കുക ആയിരുന്നു.