നെയ്യാറ്റിന്‍കര രൂപതാ മെത്രാനെതിരെയുള്ള ആരോപണങ്ങള്‍ വേദനാജനകം; കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍
ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഇടപെടലുകളും ബിഷപ്പിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: വധശ്രമ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷനെതിരെയുള്ള പരമാര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേരളാ ലാറ്റിൻ കത്തോലിക്ക അസ്സോസിയേഷൻ. നടന്‍ ദിലീപുമായോ ബലചന്ദ്രനുമായോ ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഇടപെടലുകളും ബിഷപ്പിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
രൂപതാദ്ധ്യക്ഷനെതിരെ നടത്തുന്ന ഇത്തരം ആരോപണങ്ങളും അസത്യ പ്രചരണങ്ങളും വേദനാജനകവും അപലനീയവുമാണ്. യഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുംമില്ല. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വിശ്വാസികളില്‍ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. യാഥാര്‍ത്ഥ്യം മനസിലാക്കാതെ ഏകപക്ഷീയമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ.) ശക്തമായി പ്രതിഷേധിക്കുകയും ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നു.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ രൂപതാ പ്രസിഡന്റ് അഡ്വ. ഡി. രാജു അദ്ധ്യക്ഷത വഹിച്ചു, രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, മീഡിയാ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജി. നേശയ്യന്‍ കെ.എല്‍.സി.എ. ജനറല്‍ സെക്രട്ടറി സദാനന്ദന്‍, ഭാരവാഹികളായ വി. എസ്. അരുണ്‍, ജസ്റ്റസ് എന്നിവര്‍ സംസാരിച്ചു.