നെയ്യാറ്റിന്‍കര രൂപതയില്‍ സമരിറ്റന്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
നെയ്യാറ്റിന്‍കര രൂപതയില്‍ സമരിറ്റന്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര രൂപതയില്‍ കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാര കര്‍മ്മങ്ങള്‍ നടത്തുന്നതിനായി സമരിറ്റന്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് ശവസംസ്കാരം നടത്തുമ്പോള്‍, ക്രിസ്തീയ വിശ്വാസപ്രകാരം മൃതസംസ്കാര കര്‍മ്മങ്ങള്‍നടത്തുന്നതിന് വൈദികരെ സഹായിക്കാന്‍ വേണ്ടിയാണ് ടാസ്ക് ഫോഴ്സിന് ആരംഭം കുറിച്ചത്.
ടാസ്ക് ഫോഴ്സില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഐഡന്റിറ്റി കാര്‍ഡ്, പി.പി.ഇ. കിറ്റുകള്‍ എന്നിവയുടെ വിതരണവും, ടാസ്ക് ഫോഴ്സിന്റെ ഔദ്യോഗിക ഉത്ഘാടനവും നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ വച്ച് ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ നിര്‍വ്വഹിച്ചു. കോവഡ്-19 വരുന്നതുവരെ ലോകനേതാക്കള്‍ കരുതിയത് എല്ലാം അവര്‍ വിചാരിക്കുന്നപോലെ, അവരുടെ ചൊൽപ്പടിയിൽ മാത്രമെ കാര്യങ്ങള്‍ നടക്കൂ എന്നാണ്. എന്നാല്‍ ഇന്ന് അവര്‍ക്ക് ബോധ്യം വന്നു, അവര്‍ വിചാരിക്കുമ്പോലെ കാര്യങ്ങള്‍ നില്‍ക്കില്ലെന്ന്. കോവിഡ് മനുഷ്യരാന്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് ഇന്ന് ബോധ്യമായിട്ടുണ്ടെന്നും, പരസ്പര സഹകരണത്തിനായി മനുഷ്യര്‍ പരിശ്രമിക്കുന്നത് കോവിഡ് കാലത്തെ വ്യത്യസ്തമായ കാഴ്ചയായതും നമുക്ക് കാണാന്‍ സാധിച്ചെന്നും ബിഷപ്പ് പറഞ്ഞു.
രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്റോ, സമരിറ്റന്‍ ടാസ്ക് ഫോഴ്സിലെ വൈദികര്‍, കമ്മിഷന്‍ സെക്രട്ടറി ദേവദാസ്, ആനിമേറ്റര്‍ ഷൈല മാര്‍ക്കോസ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ബിജു ആന്റെണി എന്നിവര്‍ പ്രസംഗിച്ചു.