നെയ്യാറ്റിന്‍കര രൂപതക്ക് ആറ് നവ വൈദികര്‍
കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെയുളള വൈദികപട്ട സ്വീകരണം പുതിയ കാലത്തിലേക്കുളള സുവിശേഷ പ്രഘോഷണത്തിന്റെ ചവിട്ടുപടി...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ ആറ് ഡീക്കന്മാര്‍ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് ശുശ്രൂഷാവഴി പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. അരുവിക്കര സെന്റ് അഗസ്റ്റിന്‍ ദേവാലയ അംഗമായ ഡീക്കന്‍ വിപിന്‍രാജ്, ചന്ദ്രമംഗലം സെന്റ് സെബാസ്റ്റ്യന്‍ ഇടവകാഗമായ ഡീക്കന്‍ ജിനുറോസ്, സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകാഗമായ ഡീക്കന്‍ എ.അനീഷ്, പയറ്റുവിള ഹോളി റോസറി ദേവാലയ അംഗം ജിബിന്‍രാജ് ആര്‍.എന്‍., കുഴിച്ചാണി സെന്റ് ജോസഫ് ദേവാലയ അംഗങ്ങളായ ഡീക്കന്‍ സുജിന്‍ എസ്. ജോണ്‍സന്‍, വിജിന്‍ എസ്.ആഞ്ചലോസ് എന്നിവരാണ് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്.
കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പത്താങ്കല്ല് ബിഷപ്സ് ഹൗസിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, റീജിയന്‍ കോ-ഓർഡിനേറ്റര്‍മാരായ മോണ്‍.ഡി.സെല്‍വരാജന്‍, മോണ്‍.റൂഫസ് പയസലിന്‍, മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ഫാ.വിപിന്‍രാജും ഫാ.ജിനുറോസും തിയോളജി പഠനം പൂര്‍ത്തിയാക്കിയത് പൂനെ പേപ്പല്‍ സെമിനാരിയിലാണ്. ഫാ.അനീഷ്, ഫാ.ജിബിന്‍രാജ് ഫാ.സുജിന്‍ എന്നിവര്‍ ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയിലാണ് തിയോളജി പൂര്‍ത്തീകരിച്ചത്. ഫാ.വിജിന്‍ സെന്റ് ജോസഫ് ഇന്റെര്‍-ഡയോസിഷന്‍ സെമിനാരിയില്‍ തിയോളജി പൂര്‍ത്തീകരിച്ചു.
കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെയുളള വൈദികപട്ട സ്വീകരണം പുതിയ കാലത്തിലേക്കുളള സുവിശേഷ പ്രഘോഷണത്തിന്റെ ചവിട്ടുപടിയാണെന്നും, വെല്ലുവിളികള്‍ നേരിട്ട് സുവിശേഷ പ്രഘോഷണം മുന്നോട്ട് കൊണ്ട് പോവുകയാണ് ലക്ഷ്യമെന്നും നവ വൈദികര്‍ കാത്തലിക് വോക്സിനോട് പറഞ്ഞു.
(നവ വൈദികര്‍ ജീവിതാനുഭവങ്ങള്‍ പങ്ക് വക്കുന്ന “കാന്‍ഡില്‍ ലൈറ്റ്” എന്ന പ്രോഗ്രാം കാത്തലിക് വോക്സ് യൂട്യൂബ് ചാനലിലൂടെ ഉടന്‍ പബ്ലിഷ് ചെയ്യും).