ഫാ. പ്രഭീഷ് ജോര്ജ്ജ്
നെയ്യാറ്റിന്കരയ്ക്കടുത്ത് ചെന്പരത്തിവിളയില് ഒരു പഴയ വൈദിക മന്ദിരമുണ്ട്. 40 വര്ഷത്തോളം ഒരു പുരോഹിതന് അന്തിയുറങ്ങിയ വൈദിക മന്ദിരം. ഒരു നാടിന്റെ സ്പന്ദനങ്ങളെ ഹൃദയത്തിലേറ്റുവാങ്ങിയ വന്ദ്യ ഉഴുന്നല്ലൂര് ഫിലിപ്പ് കോര്എപ്പിസ്കോപ്പാ അച്ചന്റെ ജീവിതത്തിന്റെ നല്ലപങ്കും ജീവിച്ചു തീര്ത്തത് ഈ കൊച്ചു ഭവനത്തിലായിരുന്നു. ദൈവത്തിന്റെ ബലിപീഠത്തിലേയ്ക്കും ദൈവമക്കളുടെ കുടിലുകളിലേയ്ക്കും നിരന്തരം യാത്ര ചെയ്ത ആ വൈദിക ശ്രേഷ്ഠന് പരാതികളും പരിഭവങ്ങളുമില്ലാതെ അന്തിയുറങ്ങിയത് ഈ വൈദിക മന്ദിരത്തിലായിരുന്നു. അദ്ദേഹത്തിന്റെ വിയര്പ്പുത്തുള്ളികളുടെ സുഗന്ധം പരിലസിക്കുന്ന ഈ വിശുദ്ധ മന്ദിരത്തില് കാല്വയ്ക്കുന്പോള് ഭയവും ഭക്തിയും ഒരുപോലെ മനസില് നിറയും….
ഏതൊരു ക്രൈസ്തവന്റെയും സ്വപ്നമാണ് വിശുദ്ധ നാടുകളിലേയ്ക്കുള്ള യാത്ര. 50 വര്ഷത്തെ പൗരോഹിത്യജൂബിലി വര്ഷത്തില് ആ പുരോഹിതന് പറഞ്ഞു, “എന്റെ വിശുദ്ധ നാട് ഞാന് പ്രവര്ത്തിക്കുന്ന ഈ മണ്ണാണ്….” ഇന്ന്, ഇവിടെ സുവിശേഷമായി മാറിയ ഒരു ധന്യ ജീവിതം. അതാണ്, ഏവരുടേയും പ്രിയങ്കരനായ ഫിലിപ്പച്ചന്.
“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള് എത്ര സുന്ദരം” അതെ, ഈ വൈദികന് നടന്നു പോയ വഴിത്താരകള് വിശുദ്ധമാണ്. അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷകള് ഏറ്റുവാങ്ങിയ ദേശങ്ങള് വിശുദ്ധനാട് ആണെന്നതില് സംശയമില്ല.
ലാളിത്യം ജീവിതത്തില് അന്ത്യംവരെ കാത്തുസൂക്ഷിച്ച ഒരു പുരോഹിതന്, തന്റെ സന്പാദ്യം അത് പാവപെട്ടവര്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതല് മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. “തന്നെ കാണാന് വരുന്നവര്ക്ക് കൊടുക്കാന് എപ്പോഴും എന്റെ കൈയില് എന്തെങ്കിലും ഉണ്ടായിരിക്കണം.” മരണം വരെ അദ്ദേഹം കാത്തുസൂക്ഷിച്ച അജപാലകനിഷ്ഠ അതായിരുന്നു. പാവങ്ങളെ നെഞ്ചോട് ചേര്ത്തുവച്ച ആടിന്റെ മണമുള്ള അജപാലകനായിരുന്നു വന്ദ്യ ഫിലിപ്പച്ചന്….
ഫിലിച്ചന്റെ കാര്ക്കശ്യ സ്വഭാവം ഇടവക ജനങ്ങള്ക്ക് സുപരിചിതമാണ്. അദ്ദേഹത്തിന്റെ കാര്ക്കശ്യം മറ്റാരോടും ആയിരുന്നില്ല, പിന്നെയോ തന്റെ ജീവിതചര്യകളോട്, ആത്മീയ നിഷ്ഠകളോട്, കൗദാശിക അനുഷ്ഠാനങ്ങളോട്, വിശ്വാസപഠനങ്ങളോട്, വിശ്വാസ ജീവിതത്തോട്… അത്രമാത്രം.
ആത്മാക്കളുടെ നിത്യരക്ഷയെ പ്രതി ജ്വലിച്ചിരുന്ന ആ ഹൃദയം അന്വേഷിച്ചിറങ്ങിയത് ആത്മാക്കളെ കണ്ടെത്താനാണ്. വി. ഫ്രാന്സിസ് സേവ്യറിന്റെ തിരുന്നാള് ദിനത്തില് (1963 Dec 3) പൗരോഹിത്യാഭിഷേകം പ്രാപിച്ച അദ്ദേഹം ഒരു വലിയ പ്രേഷിതനായി മാറി എന്നത് ദൈവനിയോഗം മാത്രമായിരുന്നു.
ദൈവത്തിനുവേണ്ടി മനുഷ്യമക്കളെ നേടാന് ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് ആ വൈദികന് അദ്ധ്വാനിച്ചു… സുദീര്ഘമായ ആ പ്രേഷിത ശുശ്രൂഷ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യമായിരുന്നു. ആ വൈദികന്റെ കരങ്ങളിലൂടെ നിത്യജീവന്റെ വീണ്ടും ജനനം പ്രാപിച്ചവര് 30,000 ലധികം പേരായിരുന്നു. ആ വൈദികന് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ആനയിച്ച കൂട്ടായ്മകള് 50ലധികമായിരുന്നു… ഈ കണക്കുകള് ആധുനിക പ്രേഷിതവേദിയിലെ അനന്യമായ ഒരു റിക്കോര്ഡാണ്.
ഞാന് എന്റെ ഓട്ടം പൂര്ത്തിയാക്കിയെന്ന് ഈ തെക്കിന്റെ അപ്പസ്തോലന് പ്രഖ്യാപിച്ചുകൊണ്ട് 2020 സെപ്തംബര് 25ന് നിത്യമായ വിശ്രമത്തിലേയ്ക്ക് പ്രവേശിച്ചു.
ദൈവജനത്തോട് കൂടെയായിരിക്കുന്നതില് അത്യധികം സന്തോഷം കണ്ടെത്തിയിരുന്ന ഈ പുരോഹിതന് അന്ത്യവിശ്രമം കൊള്ളാന് തെരഞ്ഞെടുത്തത്തും തന്റെ പ്രേഷിത മണ്ണായിരുന്നു, 1968 ആദ്യ ദൈവാലയം ആരംഭിച്ച കണ്ടലയക്കടുത്ത് നെല്ലിക്കാട്. വിദ്യതേടി വരുന്ന വിദ്യാര്ത്ഥികള്ക്ക് അനുഗ്രഹസാന്നിധ്യമായി ആ പൂജ്യദേഹം അവിടെ അന്തിയുറങ്ങുന്നു.
പ്രേഷിത ദൈവശാസ്ത്രത്തിലെ എഴുതപ്പെടാത്ത ഒരു വലിയ പാഠപുസ്തകമാണ് വന്ദ്യ ഉഴുന്നല്ലൂര് കോര്എപ്പിസ്ക്കോപ്പായുടെ ജീവിതം…
നൂറ്റാണ്ടില് ഒരിക്കല്മാത്രം പ്രത്യക്ഷപ്പെടുന്ന സുവിശേഷത്തിന്റെ നക്ഷത്രശോഭയാണ് ആ ധന്യ ജീവിതം.
പാറശ്ശാല ഭദ്രാസനത്തിന്റേയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടേയും ആത്മീയ ശ്രോതസ്സായി ആ ജീവിതം വിശുദ്ധരുടെ കൂട്ടത്തു പരിലസിക്കുന്നു എന്ന് നമുക്ക് വിശ്വസിക്കാം….
മറക്കില്ലാ…
അങ്ങു വെട്ടിത്തെളിച്ച വിശ്വാസ പാതകള്,
പ്രേഷിത സാക്ഷ്യങ്ങള്,
നല്കിയ കരുതലുകള്,
ആശ്ലേഷിച്ചു നല്കിയ സ്നേഹചുംബനങ്ങള്,
ഹൃദയപൂര്വം നല്കിയ സമ്മാനങ്ങള്,
പ്രചോദനാത്മകമായ വാക്കുകള്,
പൗരോഹിത്യ പടവുകളില് നല്കിയ പിന്ബലം….
പ്രാര്ത്ഥനാപൂര്വം ഹൃദയം മന്ത്രിക്കുന്നു….
ദൈവത്തിന്റെ അതിവിശ്വസ്തനായ കാര്യവിചാരിപ്പുകാരാ, സമാധാനത്താലെ പോവുക…
കൂദാശകളുടെ സൂക്ഷ്മതയുള്ള പരികര്മ്മി, സമാധാനത്താലെ പോവുക…
സത്യവിശ്വാസത്തിന്റെ പ്രബോധകാ, സമാധാനത്താലെ പോവുക…
ദൈവസ്നേഹത്തിന്റെ ജീവിക്കുന്ന സ്മാരകമേ, സമാധാനത്താലെ പോവുക…
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രേഷിതവര്യാ, സമാധാനത്തോടെ പോവുക…
പുനരൈക്യത്തിന്റെ പോരാളി, സമാധാനത്താലെ പോവുക…
പാവങ്ങള്ക്ക് വികസനമന്ത്രമോതിയ ജനനായകാ, സമാധാനത്താലെ പോവുക…
വിശുദ്ധ പുരോഹിതാ, സമാധാനത്തോടെ പോവുക..
ജീവന്റെ തുറമുഖത്ത് അങ്ങയെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ,
പൗരഹിത്യയാത്രയില് അങ്ങയുടെ കുഞ്ഞനുജന്,