Daily Reflection

“നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും” (ഏശയ്യാ 58:10)

യേശുവിന്റെ വിളികേട്ടവൻ യേശു കണ്ട തന്നിലെ സാധ്യത കണ്ട്, അതുവരെ ജീവിച്ച അന്ധകാരത്തിന്റെ മാറാപ്പുകൾ വലിച്ചെറിഞ്ഞു...

ക്രിസ്തീയ ജീവിതത്തെ ദൈവം നൽകിയ ഒരു വിളിയായി സഭ നമ്മെ പഠിപ്പിക്കുന്നെങ്കിൽ, ‘പ്രകാശം’ എന്ന വാക്കിനോട് ദൈവം ദാനമായി നൽകിയ ക്രിസ്തീയ ജീവിതത്തെ തുലനം ചെയ്യാം. ക്രിസ്ത്യാനി ഈ ലോകത്തിൽ പ്രകാശം നല്കാൻ വിളിക്കപ്പെട്ടവനാണ്. ആ പ്രകാശം ഈ ലോകത്തിന്റെ ഏതു അന്ധകാരത്തിലും പ്രകാശിച്ചു നില്ക്കാൻ ശക്തിയുള്ള ഒന്നാണ്. സുവിശേഷത്തിൽ ലേവി എന്ന ചുങ്കക്കാരനെ വിളിക്കുന്നത് ലൂക്കാ 9:27-31-ൽ കാണുന്നുണ്ട്. ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു യേശു കണ്ടു എന്നാണ് പറയുന്നത്. ലേവി കണ്ടു എന്ന് പറയുന്നില്ല. ലേവിയിൽ യേശു എന്താണ് കണ്ടത്? മാനുഷികമായി ചിന്തിച്ചാൽ ലേവി എന്ന ചുങ്കക്കാരന് പറയാൻ മാത്രമുള്ള ഒരു നന്മപോലുമില്ലായെന്നു യേശുവിനു അറിയാം. ആയതിനാൽ നീ പോയി ശുദ്ധയായിട്ടു വാ, നീ സകലതും വിട്ടിട്ട് എന്നെ അനുഗമിക്കുക എന്നൊന്നും അവിടുന്ന് പറഞ്ഞില്ല.

ബലഹീനതയെ ബലമാക്കി ഉയർത്താൻ കഴിവുള്ളവൻ, ബലഹീനതയുടെ അടുത്തേക്ക് നടന്നടുന്നിട്ട് അവനിൽ കണ്ടത്, യേശു അവനെയോ അവന്റെ ബലഹീനതയെയോ അവനിലെ അന്ധകാരത്തെയോ, അല്ല, അവന്റെ ഉള്ളിലെ ദൈവീക ലക്ഷ്യങ്ങളുടെ വളർച്ചയുടെ സാധ്യതയെയാണ് കണ്ടത്. അവനിലൂടെ ഉദിച്ചുയരേണ്ട പ്രകാശത്തെ കാണുന്നു യേശു. അവന്റെ കുറവുകളുടെ അടുത്തേക്ക്, കുറവുകളെ നിറവുകളാക്കി മാറ്റുവാൻ കഴിവുള്ളവൻ നടന്നടുത്തിട്ടു ഒരു കാര്യം മാത്രം പറയുന്നു, “എന്നെ അനുഗമിക്കുക”. ജീവിതത്തിൽ ഇല്ലായ്മകളെ പ്രതി ദൈവം നൽകിയ ജീവിതത്തെ സ്നേഹിക്കാതെ, പഴിപറഞ്ഞു ജീവിക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം ഇതാണ്, ദൈവം എന്റെ എന്റെ ഇല്ലായ്മകളെ കണ്ടിട്ട് തന്നെയാണ് എനിക്ക് ഈ ജീവിതം, ക്രിസ്തീയ വിളി നൽകിയിരിക്കുന്നത്. എന്നിലുള്ള എല്ലാ സാധ്യതകളെയും കാണാൻ കഴിവുള്ള തമ്പുരാൻ പറയുന്ന ഒരു കാര്യം മാത്രം കേൾക്കാം, നീ എന്നെ അനുഗമിക്കുക.

യേശുവിന്റെ വാക്കുകേട്ട് ലേവി മൂന്ന് കാര്യങ്ങൾ ചെയ്തു:
1) എല്ലാം ഉപേക്ഷിച്ചു
2) എഴുന്നേറ്റു
3) അവനെ അനുഗമിച്ചു.
യേശുവിന്റെ വിളികേട്ടവൻ യേശു കണ്ട തന്നിലെ സാധ്യത കണ്ട്, ഒരു നിധി കണ്ടെത്തിയവനെപ്പോലെ സകലതും ഉപേക്ഷിച്ചു, അതുവരെ ജീവിച്ച അന്ധകാരത്തിന്റെ മാറാപ്പുകൾ വലിച്ചെറിഞ്ഞു. അതുവരെ അവന്റേതു എന്ന ഒരു ലക്ഷ്യം മാത്രമേ അവനിലിൽ ഉണ്ടായിരുന്നുള്ളൂ. അവന്റെ ലക്ഷ്യമല്ല വിളിച്ചവന്റെ ലക്ഷ്യത്തിനു വേണ്ടി ജീവിക്കാൻ തീരുമാനിച്ചപ്പോൾ അവന്റെ ലക്‌ഷ്യം വിട്ടു അവൻ എഴുന്നേറ്റു. എഴുന്നേറ്റവന് പിന്നെ വിളിച്ചനെ അനുഗമിച്ചേ മതിയാവൂ. അവൻ ക്രിസ്തുവിനെ അനുഗമിച്ചു.

വിളിച്ചവന്റെ ലക്ഷ്യം നിറവേറ്റാൻ അവനെ അനുഗമിച്ച ലേവി ആദ്യം ചെയ്തത്, ഒരു വിരുന്നൊരുക്കലാണ്. ചുങ്കക്കാരും പാപികളുമായ ഒരു വലിയഗണം അവരോടൊപ്പം ഭക്ഷണത്തിനിരുന്നുവെന്നു വചനം പറയുന്നു. വിളിച്ചവന്റെ ലക്ഷ്യം നിറവേറ്റാൻ തീരുമാനിച്ചുറച്ച് അവനെ അനുഗമിച്ചപ്പോൾ ബലഹീനമെന്നു അവനും ലോകവും കണ്ടിരുന്ന അവന്റെ ജീവിതം അനേകർക്ക്‌ വിരുന്നായി മാറി. യേശു കണ്ട അവന്റെ സാധ്യത ഇതാണ്. ഒരു ധ്യാനഗുരു പറഞ്ഞത് ഓർക്കുന്നുണ്ട്, ദൈവവിളി ആരുടെയൊക്കെയോ നിലവിളിക്കുള്ള ഉത്തരമാണെന്ന്. പഴയനിയമത്തിൽ രാജാക്കന്മാരെയും ന്യായാധിപന്മാരെയും പ്രവാചകരെയും പുരോഹിതരെയും വിളിക്കുന്ന വചനഭാഗങ്ങൾ വായിച്ചാൽ നമുക്ക് കിട്ടുന്ന ഒരുതിരിച്ചറിവാണത്. അവരുടെ വിളി ഇസ്രായേൽ ജനങ്ങളുടെ ദൈവത്തെനോക്കിയുള്ള നിലവിളിക്കുള്ള ഉത്തരമായിരുന്നു.

ദൈവം നൽകിയ ജീവിതത്തെ (അത് വിവാഹ ജീവിതമോ, സന്ന്യസ്ത ജീവിതമോ, പൗരോഹിത്യ ജീവിതമോ, ഏതു ജീവിതാന്തസ്സ് ആയിരുന്നാലും) പഴിക്കുമ്പോൾ ഓർക്കുക, എന്റെ ജീവിതം, എന്റെ വിളി ആരൊക്കെയോ ദൈവത്തോട് നിലവിളിച്ചപ്പോൾ ദൈവം എന്നിലെ സാധ്യത കണ്ടു നൽകിയതാണെന്ന്. ആയതിനാൽ ചെയ്യേണ്ട കാര്യം ഇത്ര മാത്രം, നിന്റെ ലക്‌ഷ്യം വിട്ടു വിളിച്ചവന്റെ ലക്ഷ്യത്തിനായി നിന്നിൽ നിന്നും അവനിലേക്ക്‌ എഴുന്നേറ്റു അവനെ അനുഗമിക്കുക. അപ്പോൾ നീ അവനാൽ പ്രകാശിതനാകും, നിന്റെ പ്രകാശം ലോകത്തിന്റെ അന്ധകാരത്തിനു മുന്നിൽ പ്രകാശിക്കും.

ക്രിസ്തുവിനാൽ പ്രകാശിതനായവന്റെ ജീവിതം ഏശയ്യാ പ്രവാചകൻ പറയുന്നപോലെയാകും: “നിന്റെ ഇരുണ്ടവേളകൾ മദ്ധ്യാഹ്നം പോലെയാകും, കർത്താവു നിന്നെ നയിക്കും, മരുഭൂമിയിലും നിനക്ക് സമൃദ്ധി തരും, നിന്റെ അസ്ഥികൾ ബലപ്പെടുത്തും, നനച്ചു വളർത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവും പോലെയാകും” (ഏശയ്യാ 58, 10 -11 )

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker