Daily Reflection

നിങ്ങളുടെ ചിന്തകൾ മാനുഷികമാണ്

മാനുഷികചിന്തകളെ വിട്ട് അവനോപ്പം നമുക്കും ഈ നോമ്പിന്റെ വഴികളിൽ നടക്കാം...

യേശു താൻ വളർന്ന സ്ഥലമായ നസറത്തിൽ വച്ച് തിരസ്കരിക്കപ്പെടുന്ന സംഭവമാണ് ഇന്നത്തെ ധ്യാനവിഷയം. സ്വന്തം നാടിന്റെ അന്ധതയാണതിനു കാരണം. ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ അളക്കുന്നത് അവൻ ആരാണ്, അവന്റെ സാദ്ധ്യതകൾ എന്തൊക്കെയാണ് എന്നതിന്റെ തോതിലല്ല. മറിച്ച് അവൻ ഏതു കുടുംബത്തിൽ നിന്നാണ്, എവിടെ നിന്ന് വരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം ക്രിസ്തു, നസറത്തുകാരൻ, ജോസഫിന്റെ മകൻ അത്രമാത്രമേയുള്ളു. ക്രിസ്തുവിന്റെ ദൈവികത അവർക്ക് മനസിലായാലും അവർ അതിനെ ഒരു മൂടുപടമിട്ടു മറച്ചുകളയും. അന്ധരായി ജനിച്ചു അന്ധരായി ജീവിച്ചുമരിക്കും പോലെയുള്ള ഒരു ജീവിതം. അതുകൊണ്ടു തന്നെ പഴയനിയമം എന്നീ നിറവേറുന്നുവെന്നു സിനഗോഗിൽ നിന്ന് വിളിച്ചുപറഞ്ഞ യേശുവിനെ (ലൂക്കാ 4:21) അവർക്ക് ഒരു കല്ലുകടിപോലെ കാണാനേ സാധിച്ചുള്ളൂ.

യേശുവിന്റെ ജനനത്തിനു പഴയനിയമത്തിന്റെ പൂർത്തീകരണവും നവീകരണവുമുണ്ടെന്നു അവർക്കു മനസ്സിലായില്ല. അതുകൊണ്ടു തന്നെ അവനെ പട്ടണത്തിൽനിന്നും പുറത്താക്കി, പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തിൽനിന്നും താഴേക്ക് തള്ളിയിടാൻ ശ്രമിച്ചു എന്നാണ് വചനം പറയുന്നത്.

1) പട്ടണത്തിൽനിന്നും പുറത്താക്കി: ‘excommunication’, എന്നാണ് ആ മൂലവാക്കിന്റെ ഇംഗ്ലീഷ് തർജമ. മലയാളത്തിൽ പുറത്താക്കിയെന്നു പറയുമ്പോൾ വാക്കിന് പരിമിതിയുണ്ട്. ആ സമൂഹത്തിൽനിന്നും, അവരുടെ മനോഭാവങ്ങളോട് ചേരാത്ത ഒരു വ്യക്തിയെ അവരുടെ ജീവിതത്തിൽനിന്നും തന്നെ പുറത്താക്കിയെന്നു വായിച്ചെടുക്കണം.

2) മലയുടെ ശൃംഗത്തിൽനിന്നും താഴേക്ക് തള്ളിയിടാൻ ശ്രമിച്ചു: മല ദൈവസാന്നിധ്യമുള്ള ഇടമാണ്. അവരുടെ ചിന്ത അവിടുന്ന് താഴേക്കാണ്. അല്ലെങ്കിൽ സ്വർഗ്ഗത്തിൽനിന്നുമിറങ്ങി വന്നവനെ, സ്വർഗ്ഗീയതയെ മാനുഷിക ചിന്തയിലേക്ക് ഒതുക്കാൻ ശ്രമിച്ചു എന്ന് മനസിലാക്കണം. കാരണം അവന്റെ ജീവിതവും ചിന്തയും ദൈവികമായിരുന്നു, മുകളിൽ നിന്നുള്ളതായിരുന്നു. മുകളിൽനിന്നുള്ളവയെ മനസിലാക്കാൻ പറ്റാത്തതുകൊണ്ടാണ്, ഏലിയായ്ക്കു യഹൂദരിൽനിന്നും പുറത്തുള്ള ഒരു വിജാതീയ വിധവയ്ക്കുവേണ്ടി മാത്രമായി അത്ഭുതം പ്രവർത്തിക്കേണ്ടിവന്നതും എലിസേവൂസിനു യഹൂദരിൽനിന്നും പുറത്തുള്ള നാമാൻ എന്ന വ്യക്തിക്കു കുഷ്ഠരോഗത്തിൽനിന്നും മോചനം ലഭിച്ചതും. കുഷ്ഠരോഗം മനസ്സിന്റെ സംവേദനം നഷ്ടപ്പെട്ടതും ഹൃദയ കാഠിന്യം നഷ്ടപ്പെട്ടതുമായ അവസ്ഥ എന്നുകൂടി വ്യാഖ്യാനിക്കാം. ദൈവിക ചിന്തയെ സ്വീകരിക്കുന്ന ഒരു വിജാതീയനും, ദൈവിക ചിന്തയെ നിരാകരിക്കുന്ന ദൈവത്തിന്റെ സ്വന്തം ജനതയും. ഒരാൾക്കുവേണ്ടി അപ്പം വർദ്ധിപ്പിച്ച ഏലിയായുടെ ജീവിതത്തിന്റെ പൂർണ്ണത യേശുവിൽ നിറവേറുന്നു. അനേകർക്കുവേണ്ടി അപ്പം വർദ്ധിപ്പിക്കുന്നു. ഒരാൾക്കുവേണ്ടിമാത്രം രോഗം നീക്കിയവ എലിസേവൂസിന്റെ ജീവിതത്തിന്റെ പൂർണ്ണതയായ യേശു അനേകർക്കു സൗഖ്യം നൽകുന്നു. വചനത്തിന്റെ പൂർത്തീകരണവും വചനം തന്നെയുമാണെന്നും മുകളിൽനിന്നും നിന്നും ഇറങ്ങിവന്ന് മാനുഷികചിന്തകളെ മുകളിലേക്ക് ഉയർത്താൻ വന്നവനെ അവർ തിരസ്കരിക്കുന്നു.

3) യേശു എന്താണ് ചെയ്തത്? അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി. അവരെ വിട്ടുപോയെന്നല്ല വചനം പറയുന്നത്. അവരുടെ ഇടയിലൂടെ പോയി എന്നാണ് പറയുന്നത്. അവരുടെ കുറവുകളുടെ ഇടയിലൂടെ നടന്നു കുറവുകൾ തന്റെ തോളിൽ വഹിച്ച് മലകയറി. മാനുഷികചിന്തകളെ ഉന്നതത്തിലെ ചിന്തകളാക്കാൻ മാനുഷികത സ്വീകരിച്ച് മനുഷ്യരെ ദൈവികതയിലേക്ക് ഉയർത്തി. അവരുടെ ഇടയിലൂടെ നടന്ന് അവരുടെ മാനുഷിക ചിന്തകളെ മോഷ്ടിച്ച് ഉന്നതത്തിലെ ചിന്തകളാക്കാൻ കുരിശിലേറി.

ഉന്നതത്തിലെ ചിന്തകൾ വീണ്ടും തിരസ്കരിക്കപ്പെടാതിരിക്കാൻ അവന്റെ ഇരുതലവാളാകുന്ന വചനത്തെ നമ്മുടെ മനസ്സികളിലൂടെ കടത്തിവിട്ടു മാനുഷിക ചിന്തകളെ കീറിമുറിക്കപ്പെടണം. അപ്പോൾ നമുക്കുവേണ്ടി മുറിയപ്പെട്ടു രക്ഷനൽകിയ വചനത്തിന്റെ ശക്തിയാൽ നമ്മുടെ ചിന്തകളെ ഉന്നതങ്ങളിലേക്ക് ഉയർത്താൻ സാധിക്കും. മാനുഷികചിന്തകളെ വിട്ട് അവനോപ്പം നമുക്കും ഈ നോമ്പിന്റെ വഴികളിൽ നടക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker