അങ്കമാലി: കർമലീത്ത സന്യാസിനി സമൂഹാംഗമായിരുന്ന മദർ മേരി സെലിനെ ദൈവദാസിയായി സഭ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ചരമവാർഷികം നാളെ മദറിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കറുകുറ്റി കർമലീത്ത മഠം തിരുഹൃദയ ചാപ്പലിൽ നടക്കും. ചരമ രജതജൂബിലിയുംകൂടിയാണു നാളെ നടക്കുന്നത്.
നാളെ രാവിലെ 10.30-ന് അനുസ്മരണ ദിവ്യബലിക്കു മാർ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം കൊടുക്കും. മാർ തോമസ് ചക്യത്ത്, മാർ മാത്യു വാണിയക്കിഴക്കേൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
കറുകുറ്റി സെന്റ് സേവ്യർ ഫൊറോനാ ദേവാലയത്തിന്റെയും സി.എം.സി. സഭാ മേരി മാതാ അങ്കമാലി പ്രൊവിൻസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കറുകുറ്റിയിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചിരിക്കുന്നത്. മദർ പ്രൊവിൻഷ്യൽ സിസ്റ്റർ പ്രസന്ന സിഎംസി, കൺവീനർമാരായ സിസ്റ്റർ ജയാ റോസ് സിഎംസി, പ്രകാശ് പൈനാടത്ത് എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുക്കും.
അങ്കമാലി മള്ളുശേരി തട്ടാട് പയ്യപ്പിള്ളി ഔസേപ്പിന്റെയും മറിയയുടെയും മകളായി 1906 ഡിസംബർ 10-നാണ് അന്നക്കുട്ടി എന്നു പേരുള്ള മദറിന്റെ ജനനം. 1924 ലാണ് കർമലീത്താ മഠത്തിൽ മദർ പരിശീലനം ആരംഭിച്ചത്.1928-ൽ സഭാവസ്ത്രം സ്വീകരിച്ചു. 1933 ജൂൺ ഒന്നിനാണ് സന്യസ്ത ജീവിത വ്രത വാഗ്ദാനം നടത്തിയത്.
അധ്യാപിക, പ്രധാനാധ്യാപിക, കർമലീത്താ സഭയുടെ വിവിധ പ്രൊവിൻസുകളുടെ പ്രൊവിൻഷ്യൽ, സഭാ സുപ്പീരിയർ ജനറാൾ എന്നീ മേഖലകളിൽ സേവനം ചെയ്തിരുന്ന മദർ വിശ്രമ ജീവിതത്തിനിടെ കറുകുറ്റിയിൽ 1993 ഏപ്രിൽ 23-നു നിര്യാതയായി. നാമകരണത്തിന്റെ അതിരൂപതാതല നടപടികളുടെ ആരംഭം എന്ന നിലയിലാണു മദർ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിച്ചത്.
അനുസ്മരണ ദിനാഘോഷത്തിനു മുന്നോടിയായി ഇന്നലെ രാവിലെ 10-ന് ദൈവദാസി മദർ മേരി സെലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന നവീകരിച്ച കറുകുറ്റി കർമലീത്ത മഠം തിരുഹൃദയ ചാപ്പലിന്റെ വെഞ്ചരിപ്പ് കർമം എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം ടാനിയ വർഗീസ്, ജിൻസി വർഗീസ്, ആൻ മരിയ ഷാജു, അഞ്ജലി വർഗീസ്, പി. കവിത, പി . രേവതി എന്നീ ആറു നവ സന്യാസിനിമാരുടെ പ്രഥമ വ്രതവാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും നടത്തി. ഇതിൽ പി. കവിത, പി. രേവതി എന്നിവർ ആന്ധ്രപ്രദേശിൽനിന്നുള്ളവരാണ്. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കരയുടെ മകളാണ് ആൻ മരിയ ഷാജു.
Related