Kazhchayum Ulkkazchayum

ദൈവത്തിന്‍റെ പ്രതിനിധികള്‍

ദൈവത്തിന്‍റെ പ്രതിനിധികള്‍

കാഴ്ചയും ഉള്‍കാഴ്ചയും

പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങള്‍ ദൈവത്തിന്‍റെ പ്രതിനിധികളാണ്. സൃഷ്ടികര്‍മ്മത്തിലൂടെയാണ് ദൈവം സകലത്തിന്‍റെയും പിതാവായത്. ദൈവം തന്‍റെ സൃഷ്ടിപരതയില്‍ മാതാപിതാക്കളെ പങ്കാളികളാക്കി. ദൈവത്തിന് ഒരേ സമയം എല്ലായിടത്തും പ്രത്യക്ഷപ്പെടാന്‍ കഴിയാത്തതുകൊണ്ട് ദൈവം മാതാപിതാക്കളെ സൃഷ്ടിച്ചു. പത്തുകല്പനകള്‍ നല്‍കിയപ്പോള്‍ മാതാപിതാക്കള്‍ക്ക് ശ്രേഷ്ഠമായ പദവി നല്‍കി. ദൈവത്തിന്‍റെ ദാനമാണ് മക്കള്‍. മക്കളെ ദൈവമക്കളാക്കി വളര്‍ത്തി വലുതാക്കാനുളള ഭാരിച്ച ഉത്തരവാദിത്വമാണ് തങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.

പ്രിയപ്പെട്ടവരെ, കുടുംബത്തെ ഗാര്‍ഹിക സഭയെന്നാണ് വിവക്ഷിക്കുന്നത്. ഭവനം അനുഗ്രഹത്തിന്‍റെയും ദൈവാശ്രയബോധത്തിന്‍റെയും പുണ്യസ്ഥലമാകണം… ശ്രദ്ധയും കരുതലും സൂക്ഷമതയും മക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്കുണ്ടാവണം. ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ദൈവവിശ്വാസത്തിനും വിലപറയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തിന്മയിലേക്കുളള ചായ്വ് വല്ലാതെ വര്‍ദ്ധിച്ചുവരുന്നുണ്ട്. കുടുംബത്തിന്‍റെ ഉളളില്‍ നിന്നുപോലും മക്കള്‍ നാനാതരത്തിലുളള പീഡനങ്ങള്‍ക്കു വിധേയരാകുന്ന വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഋഷിപുംഗവന്മാര്‍ പറയുന്നത് ഒരാള്‍ക്ക് അഞ്ച് അപ്പന്മാരെ വേണമെന്നാണ്… ജന്മം നല്‍കുന്നവന്‍, അപ്പം നല്‍കുന്നവന്‍, അക്ഷരം നല്‍കുന്നവന്‍, ആത്മീയത നല്‍കുന്നവന്‍, ആപത്തില്‍ നിന്ന് രക്ഷിക്കുന്നവന്‍. ഈ അഞ്ച് ഗുണങ്ങളും ഒരു അപ്പനില്‍ മേളിക്കുമ്പോഴാണ് ഒരു നല്ല അപ്പനെ കിട്ടുക. അമ്മയുടെ കാര്യത്തിലും ഈ ജാഗ്രത ഉണ്ടാവണം. ആധുനിക വിവര സാങ്കേതിക മണ്ഡലം നമ്മുടെ മുന്‍പില്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും വച്ചു നീട്ടുകയാണ്. ഒരു കുപ്പിപ്പാലില്‍ ഒരു തുളളി വിഷം വീണാല്‍ എല്ലാം വിഷമയമാകും. മൊബൈലും ഫെയ്സ്ബുക്കും വാട്ട്സാപ്പും ലാപ്പും കമ്പ്യൂട്ടറും യൂറ്റ്യൂബും എല്ലാം… നല്ലതാണ്. പക്ഷേ സൂക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കളായ നിങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം മക്കള്‍ക്ക് നല്‍കുന്നതിലും അതീവ ശ്രദ്ധപുലര്‍ത്തണം. റബറിന്‍റെ പാലും പശുവിന്‍റെ പാലും ഒന്നു തന്നെ. വെളളനിറമാണ്.

മക്കള്‍ക്കു റബറിന്‍റെ പാല്‍ കുടിക്കാന്‍ കൊടുക്കുമോ? മക്കള്‍ ചോദിക്കുന്നതെന്തും വിവേചനം കൂടാതെ വിശകലനം കൂടാതെ വാങ്ങിക്കൊടുക്കാതിരിക്കാനുളള സുബോധം നിങ്ങള്‍ക്കുണ്ടാവണം. നിങ്ങള്‍ക്ക് ഭവനത്തില്‍ ഒരു പ്രാര്‍ഥനാ മുറി ഉണ്ടാവണം. ആത്മസംഘര്‍ഷങ്ങള്‍, അസ്വസ്ഥതകള്‍ ഇറക്കിവയ്ക്കാന്‍ ഒരു അത്താണി. ഒരു ദിവസം 86,400 സെക്കന്‍റ് ദൈവം നമുക്ക് തരുന്നുണ്ട്. കുടുംബത്തില്‍ ഒരു സമയ ബജറ്റും ഒരു കുടുംബ ബജറ്റും അവശ്യം ക്രമീകരിക്കണം. മക്കളുടെ കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കണം. മക്കളുടെ ഭാവിക്ക് വേണ്ടി ആര്‍ഭാടവും ധൂര്‍ത്തും കര്‍ശനമായി നിയന്ത്രിക്കണം… കാരണം നിങ്ങള്‍ ദൈവത്തിന്‍റെ ജീവിക്കുന്ന പ്രതിനിധികളാണ്!!!

(ജോബ് 3/3-13) ജോബിനെപ്പോലെ ജന്മം നല്‍കിയ മാതാപിതാക്കളെയും ജനിച്ച ദിവസത്തെയും മക്കള്‍ ശപിക്കാന്‍ നിങ്ങള്‍ ഇടയാക്കരുത്…! നിങ്ങള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ ആലയങ്ങളായി വര്‍ത്തിക്കണം… അപ്പോള്‍ മക്കള്‍ കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും പ്രീതികരമായ ജീവിതം നയിക്കുന്നവരാകും…

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker