Kazhchayum Ulkkazchayum

ദൈവത്തിന്റെ സ്വപ്നം

"പത്തു കല്പന" ദൈവത്തിന്റെ ഒരു വലിയ സ്വപ്ന പദ്ധതിയായിരുന്നു...

വിശുദ്ധ ഗ്രന്ഥം സൂക്ഷ്മമായി വായിക്കുകയും, ധ്യാനിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് ദൈവത്തിന്റെ “സ്വപ്നം” വായിച്ചെടുക്കാൻ കഴിയും. ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള വചന ഭാഗങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും ഈ സ്വപ്നം അനാവരണം ചെയ്യുന്നുണ്ട്. ദൈവത്തിന്റെ വചനം ജീവദായകമാണ്. ഫലദായകമാണ്. സൃഷ്ടികർമ്മം നടത്തുമ്പോൾ ഓരോ പ്രാവശ്യവും ആവർത്തിക്കുന്ന ഒരു വചനം “ഹാ! ഭംഗിയായിരിക്കുന്നു, മനോഹരമായിരിക്കുന്നു”. മനുഷ്യനെ പ്രപഞ്ചത്തിന്റെ തിലകക്കുറിയായി സൃഷ്ടിച്ചുകൊണ്ട്, തന്നെ അറിഞ്ഞു സ്നേഹിക്കുവാൻ, കൽപ്പനകൾ പാലിക്കുവാൻ, സൃഷ്ടവസ്തുക്കളെ യഥാക്രമം പരിപാലിക്കുവാൻ തക്ക ബുദ്ധിയും, മനസ്സും, സ്വാതന്ത്ര്യവും നൽകി. അതെ… മനുഷ്യൻ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവനായിരിക്കണം എന്ന സ്വപ്നം. മനുഷ്യനെ പറുദീസയിൽ വാഴാൻ അനുവദിക്കുന്ന ദൈവം… മുഖാമുഖംകണ്ട് സംസാരിക്കുവാൻ ആഗ്രഹിക്കുന്ന ദൈവം… മനുഷ്യനെ “സന്തതസഹചാരി” ആക്കുവാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ സ്വപ്നപദ്ധതി ആയിരുന്നു. എന്നാൽ സാത്താന്റെ (നുണയൻ, ചതിയൻ, പ്രലോഭകൻ, വഞ്ചകൻ, ദൈവമില്ലാത്തവൻ) വശീകരണ തന്ത്രങ്ങളിൽ മയങ്ങി സ്വർഗ്ഗത്തെ നഷ്ടമാക്കി, “നഷ്ട സ്വർഗ്ഗത്തിന്റെ” വക്താവായിട്ട് മാറുന്ന മനുഷ്യൻ ദൈവത്തിന്റെ സ്വപ്നങ്ങളെയും, പദ്ധതികളെയും തകിടംമറിച്ചു. ദൈവം നീതിമാനാകയാൽ, കുറ്റത്തിന്റെ തോതനുസരിച്ചുള്ള ശിക്ഷാവിധി ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യൻ ദുർഭഗനായി.

മനുഷ്യനെ സൃഷ്ടിച്ചതിന്റെ പേരിൽ ദുഃഖിക്കുന്ന ദൈവം. മനുഷ്യനെ അന്വേഷിച്ചിറങ്ങുന്ന ദൈവം… ആദം നീ എവിടെയാണ്….? കായേൻ, നിന്റെ സഹോദരൻ എവിടെ….? മനുഷ്യനെ തേടിയുള്ള ഈ അന്വേഷണം ദൈവം ഇന്നും തുടരുന്നു. ദൈവത്തിന്റെ യജമാന പദ്ധതിയിൽ മനുഷ്യരെ പങ്കാളിയാക്കുക എന്നത് ദൈവത്തിന്റെ സ്വപ്നമായിരുന്നു. ഇസ്രായേൽ സമൂഹത്തിന്റെ ജീവിതസാഹചര്യത്തിൽ ഇറങ്ങിവന്നു കൊണ്ട് ചരിത്രം നയിക്കുന്ന ദൈവത്തിന്റെ പദ്ധതി അത്യന്തം ഹൃദ്യമാണ്, അവാച്യമാണ്. ഇസ്രായേൽ മക്കളുടെ നിലവിളി കേൾക്കുന്ന ദൈവം, തന്റെ പദ്ധതി പ്രാവർത്തികമാക്കാൻ ആ സമൂഹത്തിൽ നിന്നുതന്നെ നേതാക്കന്മാരെ തിരഞ്ഞെടുത്ത് ദൗത്യം ഏൽപ്പിക്കുന്ന മനോഹരമായ കാഴ്ച ഹൃദ്യമാണ്. സമൂഹത്തിൽ നിന്നുതന്നെ രാജാക്കന്മാരെയും, പ്രവാചകന്മാരെയും, പുരോഹിതരെയും ദൗത്യ നിർവഹണത്തിൽ പങ്കുചേർക്കുന്നതും നമുക്ക് ദർശിക്കാൻ കഴിയും.

ദൈവത്തിന്റെ സ്നേഹവും, കരുണയും, നീതിയും വിളംബരം ചെയ്യുന്ന പ്രവാചകരിലൂടെ ദൈവം തന്റെ മനസ്സ് തുറക്കുകയായിരുന്നു. യാഥാർത്ഥത്തിൽ “പത്തു കല്പന” ദൈവത്തിന്റെ ഒരു വലിയ സ്വപ്ന പദ്ധതിയായിരുന്നു. അർഹമായ അവകാശവും, അംഗീകാരവും അർഹിക്കപ്പെട്ടവർക്ക് നിഷേധിക്കരുത് എന്ന ഒരു താക്കീതും ആ കല്പനകളിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്. മനുഷ്യൻ ദൈവത്തെ സ്നേഹിക്കുന്നപോലെ മനുഷ്യരെയും സ്നേഹിക്കണമെന്ന പരമസത്യം 10 കല്പനകളിൽ ദർശിക്കാനാവും… ലോകം ഒരു വലിയ തറവാട് ആകണമെന്ന സ്വപ്നം. അതെ, ഭൂമിയിൽ ദൈവരാജ്യം…! അത് ദൈവത്തിന്റെ വലിയ സ്വപ്നമായിരുന്നു.

അത്ഭുതങ്ങളിലൂടെ, അടയാളങ്ങളിലൂടെ, പ്രവാചകരിലൂടെ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുള്ള ദൈവത്തിന്റെ സ്വപ്നം ഇന്നും അനുസ്യൂതം തുടരുകയാണ്. കാലത്തിന്റെ തികവിൽ മനുഷ്യനായി (ഇമ്മാനുവേൽ) തീരുക എന്നത് ഏറ്റവും സുന്ദരമായ ഒരു സ്വപ്നമായിരുന്നു. ഇന്ന് സമകാലിക സമൂഹവും, സംഭവവികാസങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത് “ഒരു പുതിയ ആകാശവും, പുതിയ ഭൂമിയും” ( ഏശയ്യ 65:17 മുതൽ 66:24) അതെ… പുതിയ മനുഷ്യരാകാം… ഏശയ്യായിലൂടെ ദൈവം വെളിപ്പെടുത്തിയ പുതിയ ആകാശത്തിലെയും ഭൂമിയുടേയും അവകാശികളായിത്തീരാൻ പരിശ്രമിക്കാം… പ്രാർത്ഥിക്കാം!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker