ദേശീയ ദുരന്ത നിവാരണ സേനയും, സൈന്യവും ചെങ്ങന്നൂരിൽ
ഇരുവിഭാഗവും ചെങ്ങന്നൂർ ആർ.ഡി.ഒ.യുടെ നിർദേശാനുസരണം പ്രവർത്തിക്കും...
ജോസ് മാർട്ടിൻ
ആലപ്പുഴ/ചെങ്ങന്നൂർ: ദേശീയ ദുരന്ത നിവാരണ സേനയും, സൈന്യവും ചെങ്ങന്നൂരിൽ എത്തി. മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ 12 പേരും, 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരിൽ എത്തിയിട്ടുള്ളത്. ഇരുവിഭാഗവും ചെങ്ങന്നൂർ ആർ.ഡി.ഒ.യുടെ നിർദേശാനുസരണം പ്രവർത്തിക്കും.
ഏതടിയന്തിര സാഹചര്യവും നേരിടാനായി 60 അംഗ സൈന്യവും 25 അംഗദേശീയ ദുരന്ത നിവാരണ സേനയും കഴിഞ്ഞ ദിവസംതന്നെ ജില്ലയിൽ എത്തിയിരുന്നു. മന്ത്രിമാരായ ജി.സുധാകരൻ, ഡോ. തോമസ് ഐസക് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.
കുട്ടനാടുൾപ്പടെയുള്ള പ്രദേശങ്ങളിൽ സബ് കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനം. ചെറുതന-പെരുമാൻതുരുത്തിലെ വെള്ളക്കെട്ട് അടിയന്തരമായി നീക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കിടങ്ങറ-ചങ്ങനാശേരി കനാലിലെ പോള നീക്കാനും നിർദേശിച്ചിട്ടുണ്ട്.
ജില്ലാതലത്തിൽ മൂന്നും, താലൂക്കു തലത്തിൽ ഓരോ പെട്രോൾപമ്പിലും ഇന്ധനം ശേഖരിച്ച് വയ്ക്കാൻ ജില്ല സപ്ലൈഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രാക്ടറുകൾ കരുതലായി വയ്ക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്.