ദേവാലയം Vs ദൈവാലയം
ശബ്ദതാരാവലിയിൽ ദേവാലയത്തിന് നൽകിയിരിക്കുന്ന അർത്ഥങ്ങൾ : സ്വർഗ്ഗം, ക്ഷേത്രം, പള്ളി...
ജോസ് മാർട്ടിൻ
ഇന്നലെ മുഖപുസ്തകത്തിൽ ഒരു വാദപ്രതിവാദം കാണുകയുണ്ടായി. “ദേവാലയമോ…? ദൈവാലയമോ…?” ആണ് വിഷയം. താല്പര്യമുള്ള വിഷയമായതിനാലും, ഈയുള്ളവനും വല്ലതുമൊക്കെ കുത്തികുറിക്കുന്നതിനാലും കമന്റുകൾ ശ്രദ്ധിച്ചു വായിച്ചു. എന്തെങ്കിലും എഴുതുമ്പോൾ ദൈവനിന്ന ആകരുതല്ലോ!
ചിലരുടെ വാദം “ദേവാലയം” എന്ന് എഴുതുന്നത് ക്രിസ്തീയമല്ല. കാരണം, ‘ദേവാലയം’ എന്ന വാക്കിന് ക്രിസ്ത്യൻ പള്ളിയെന്ന് അർഥമില്ല, മറിച്ച് അത് ഹിന്ദു ആരാധനാലയമായ അമ്പലമെന്നാണ് അവരുടെ വ്യാഖ്യാനം. അതായത് ഇങ്ങനെ : ദേവൻ + ആലയം = ദേവന്റെ ആലയം = ദേവാലയം. ശരിയാണല്ലോ അപ്പോൾ ഇത്രയും നാൾ പറഞ്ഞതും, പഠിച്ചതും, മലയാളം ബൈബിളിൽ എഴുതിയിരിക്കുന്നതും തെറ്റാണല്ലോ?
സംശയം തീർക്കാൻ മലയാള ഭാഷയുടെ ആധികാരിക ഗ്രന്ഥമായ ശബ്ദതാരാവലിയിൽ പരതിയപ്പോൾ (മലയാളം വാക്കിന്റെ സംശയം തീർക്കാൻ ആ ഗ്രന്ഥമല്ലാതെ മറ്റൊരു പുസ്തകം ഉണ്ടോ എന്നറിയില്ല) ഏതായാലും ഒരുകാര്യം വ്യക്തമായി “ദൈവാലയം” എന്ന വാക്കേ ശബ്ദതാരാവലിയിൽ കാണാനില്ല. അതേസമയം, ദേവാലയത്തിന് നൽകിയിരിക്കുന്ന അർത്ഥങ്ങൾ ഇങ്ങനെ: സ്വർഗ്ഗം, ക്ഷേത്രം, പള്ളി.
മലയാള ഭാഷ ഏറെ പരിമിതികളുള്ള ഭാഷയാണ്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പല വാക്കുകളും മറ്റു ഭാഷകളിൽ നിന്ന് വന്നതാണ്, അല്ലങ്കിൽ കടമെടുത്തതാണ്. ഉദാഹരണമായി കസേര, അലമാര, ബരാന്ത തുടങ്ങി ഒട്ടനവധി വാക്കുകൾ പോർച്ചുഗീസ് ഭാഷയിൽ നിന്നാണ്. മറ്റൊരു പദപ്രയോഗം ശ്രദ്ധയിൽ പെടുത്താം: ആംഗലേയ ഭാഷയിലും മറ്റ് ഭാഷകളിലും മതങ്ങളെയും ആചാരങ്ങളെയും സൂചിപ്പിക്കുന്ന പല വാക്കുകളുമുണ്ട് എന്നത് ശരിതന്നെ പക്ഷേ പൊതുവായി മലയാളത്തിൽ ഉപയോഗിച്ചുവരുന്ന “പള്ളി”യെന്ന വാക്ക് ക്രിസ്ത്യാനിയും മുസ്ലിമും തങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചു വരുന്നുണ്ട്. ഇക്കാരണത്താൽ “പള്ളി” എന്നാൽ മുസ്ലിം പള്ളിമാത്രമാണെന്ന് പറയാൻ സാധിക്കുമോ? അതുപോലെ തന്നെയല്ലേ ഈ ദേവാലയവും.
പുസ്തകം അത് മതഗ്രന്ഥമായിക്കോട്ടെ മറ്റു പുസ്തകങ്ങളായിക്കോട്ടെ പരിഭാഷപ്പെടുത്തുമ്പോൾ ആ ഭാഷയുടെ അംഗീകരിക്കപ്പെട്ട പൊതുവായ പദങ്ങളായിരിക്കും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പി.ഓ.സി. ബൈബിളും, മറ്റു സ്വതന്ത്ര സഭകളുടെ ബൈബിളുകളും ഇത് തന്നെയാണ് അവലംമ്പിക്കുന്നതും.
ഒരുകാര്യം കൂടി ശ്രദ്ധയിൽപ്പെടുത്താം: ഈ ദേവാലയയവും, ദൈവാലയവും മലയാള വാക്കുകളേ അല്ല. രണ്ടും സംസ്‌കൃതത്തിൽ നിന്നും മലയാള ഭാഷയിലേയ്ക്ക് എത്തിയതാണ്.
പൊതുവെ ദേവാലയം അറിയപ്പെടുന്നത് ‘ദൈവികസാന്നിധ്യം അനുഭവവേദ്യമാകുകയും, ദൈവത്തിന്റെ കൃപാകടാക്ഷം അഥവാ അനുഗ്രഹം ലഭ്യമാകുകയും ചെയ്യുന്ന ഇടമായിട്ടാണ്’. ഏതെങ്കിലും വിധത്തിലുള്ള “ദേവാലയം” ഇല്ലാത്ത മതവിശ്വാസികളുണ്ടാവില്ല. അമ്പലം, ക്ഷേത്രം, പള്ളി, മസ്ജിദ്, ദേവപ്പുര എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുമ്പോഴും ആത്യന്തികമായി ദൈവ-മനുഷ്യസമാഗമത്തിന്റെ ഇടമായിട്ടാണ് ഇത് കരുതപ്പെടുക. ദൈവത്തെ സംബന്ധിച്ച വിശ്വാസികളുടെ സങ്കല്പങ്ങള്‍ക്കനുസൃതമായി ആലയത്തിന്റെ സ്വഭാവത്തിലും ലക്ഷ്യത്തിലും വ്യത്യാസങ്ങളുണ്ടാകാം.
ക്രിസ്ത്യാനി ശ്രദ്ധിക്കേണ്ടത്: “ദേവാലയം” എന്നു പറയുമ്പോൾ ‘ഏതെങ്കിലും വിശുദ്ധന് വസിക്കാനായി മാറ്റിവച്ച സ്ഥലം’ എന്നല്ല, ദൈവം വസിക്കുന്ന, ദൈവസാന്നിധ്യം പ്രത്യേകമാംവിധം അനുഭവിക്കാന്‍ കഴിയുന്ന ഇടമാണ് എന്നത് മറക്കരുത്. അതായത്, ‘വി. അന്തോനീസിന്റെ ദേവാലയം’ എന്നു പറയുമ്പോള്‍ ‘ആ വിശുദ്ധന്റെ സഹായത്താല്‍ പ്രത്യേകമായ ഉദ്ദിഷ്ടകാര്യസാധ്യത്തിന് സഹായിക്കുന്ന ഇടം’ എന്ന തെറ്റിധാരണ വിശ്വാസിയുടെ മനസ്സില്‍ കടന്നുകൂടാന്‍ പാടില്ല. വെളിപാടിന്റെ പുസ്തകം അദ്ധ്യായം 21-ൽ ദേവാലയം എന്ന പദത്തെ കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്.