ദേവാലയം തുറക്കുമോ? എനിക്കൊരു സമര്‍പ്പണമുണ്ട്…
ഫാ.ജോൺസൺ പുത്തൻവീട്ടിൽ
അപ്പോസ്തല പ്രവർത്തനങ്ങൾ 2:42-47b “വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു”.
കരുണയുടെ ഞായർ ദിനം. ഉച്ചയ്ക്ക് 12 മണിയോടെ വൈദീക ഭവനത്തിന്റെ വാതിൽക്കൽ വന്നു വിളിക്കുന്ന സ്വരംകേട്ട് പുറത്തിറങ്ങി നോക്കി. തൂവാലകൊണ്ട് മുഖം മറച്ച് കൈയ്യിൽ ഒരു തേങ്ങയുമായി നിൽക്കുന്ന വിൻസന്റച്ചായൻ. ആവശ്യം ഒന്നു മാത്രമാണ്, തന്റെ ഭവനത്തിലെ തെങ്ങിൽ നിന്ന് ലഭിച്ച ആദ്യത്തെ തേങ്ങ ദേവാലയത്തിലെ തിരുനടയിൽ സമർപ്പിക്കണം. ഇത് എന്റെ വിൻസെന്റച്ചായന്‍, ഇടവകയിലെ സാധാരണക്കാരനായ ഒരു അപ്പച്ചൻ, ദീർഘകാലം ഇടവക സ്നേഹ സമൂഹത്തിന്റെ ഭാരവാഹിയായിരുന്നു.
അൽപ്പനേരം വിശേഷങ്ങൾ തിരക്കുമ്പോൾ കുടുംബത്തിന്റെ സ്ഥിതികൾ അറിയാവുന്നതിനാൽ ഈ പ്രയാസം അനുഭവിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് വീട്ടിൽ ഉപയോഗിക്കുന്നില്ല, അത് തിരികെ കൊണ്ടുപോയി കൊള്ളുക എന്ന എന്റെ നിർബന്ധത്തിന്, “ഇത് ആദ്യ ഫലമാണ് അച്ചാ… എനിക്കിത് ദേവാലയത്തിൽ സമർപ്പിക്കണം”. ദേവാലയം തുറന്നുകൊടുത്തു. പ്രാർത്ഥനയോടെ അത് തിരുനടയിൽ സമർപ്പിച്ചപ്പോൾ, ആ കണ്ണുകളിൽ നിന്ന് അടർന്നുവീണ ഒരിറ്റ് കണ്ണീരും, മുഖത്തെ കൃതജ്ഞതയുടെ പ്രകാശവും… ഒരു വിശ്വാസിയിൽ നിന്ന് മാത്രം വായിച്ചെടുക്കാവുന്നതാണ്.
പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സ്നേഹത്തോടെ, ഈ നാളുകളിൽ കുടുംബത്തിന്റെ ആവശ്യം നിറവേറട്ടെ, സഹായിക്കാം എന്ന് പറഞ്ഞപ്പോൾ, സഹായം ഇടവകയിൽ നിന്നും മറ്റ് ഇടങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്; ഇതിന് ഞാൻ സഹായം വാങ്ങിയാൽ അത് പ്രതിഫലം പറ്റുന്നതാകും, അതുകൊണ്ട് വേണ്ട എന്ന നിർബന്ധബുദ്ധി കാണിച്ച ഒരു സാധാരണക്കാരന്റെ വിശ്വാസ മനസ്സ്. ഇന്നത്തെ (ഞായര്‍) ദിവ്യബലിയിൽ വായിച്ച അപ്പോസ്തല പ്രവർത്തനങ്ങളിലെ വചനഭാഗം വിശ്വാസികൾ ഒരു സമൂഹമായതും, എല്ലാം പങ്കുവെച്ചതും എന്റെ മുൻപിൽ ഈ വിശ്വാസിയിലൂടെ അനുഭവമായി മാറുന്നു.
രണ്ടു പ്രളയകാലത്തും, ഇപ്പോഴത്തെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിലും ദേവാലയങ്ങളെയും ആരാധനാലയങ്ങളെയും പഴിചാരി ഇവിടങ്ങളിലെ സാമ്പത്തിക പരാധീനത ഇനി ആര് നോക്കും, ഇതെല്ലാം നശിക്കാൻ പോകുന്നു, എന്ന പരിദേവനങ്ങൾക്ക് ഉത്തരമാണ് ഈ കുറിയ മനുഷ്യൻ. എല്ലാ കാലയളവിലും ഇത്തരത്തിലുള്ള വിശ്വാസി സമൂഹമാണ് ആരാധനാലയങ്ങൾ സംരക്ഷിക്കുന്നത്. കാലത്തിന്റെ മാറ്റമനുസരിച്ച് സാമ്പത്തിക ക്രമങ്ങളിൽ ആവശ്യമായ നടപടികൾ ഉണ്ടാകുമ്പോൾ, അതിൽ വ്യക്തത വരേണ്ടത് ന്യായമാണ്. എന്നാൽ, ദേവാലയങ്ങൾ അടയുകയും, ഭണ്ടാരങ്ങൾ ശൂന്യമാവുകയും ചെയ്യും എന്ന് തെറ്റായ ധാരണ തിരുത്തണമെന്ന് എന്നോടും വിശ്വാസ സമൂഹത്തോടും പൊതുസമൂഹത്തോടും പ്രവർത്തികൊണ്ട് പറയുന്ന ഒരു പാവം അപ്പച്ചൻ.
പിടിയരിയും, കെട്ടുതെങ്ങുമൊക്കെയായി പണിതുയർത്തിയ വിദ്യാഭ്യാസ, ദേവാലയ, ആതുരാലയ സാഹചര്യങ്ങൾ വിശ്വാസ ജീവിതത്തിനും, സാമുദായിക വളർച്ചയ്ക്കും കാരണമായ ചരിത്രം പഴമയിലേക്ക് മാത്രമല്ല വർത്തമാനത്തിലും ഭാവിയിലും സാധ്യമാണ് എന്ന സന്ദേശം ഈ അപ്പച്ചന്റെ പ്രവൃത്തി വിളിച്ചു പറയുന്നുണ്ട്.
ഈ കൊറോണ രോഗ ബാധിത കാലയളവിൽ ഗവൺമെന്റിനെ കാരണമില്ലാതെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തത് വായിച്ചിരുന്നു. റേഷനും പിന്നീട് നൽകിയ കിറ്റും ആവശ്യമില്ലാത്തവർ ഡൊണേറ്റ് (സംഭാവന) ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ പരിഹസിച്ചത് കേട്ടിരുന്നു. സാമ്പത്തികമായി ഗവൺമെന്റിനെ സഹായിക്കണം, എന്ന അടിയന്തര ആവശ്യവും
തെറ്റായ ചർച്ചകളിലേക്കും വിമർശനങ്ങൾക്കും പോകുന്നതും ശ്രദ്ധിച്ചിരുന്നു. രൂപതയിലും ഇടവകകളിലും നൽകപ്പെട്ട വിവിധങ്ങളായ സഹായങ്ങളെ കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും നന്മയായി കാണാതെ, വിമർശിക്കാനും വിലയിരുത്താനുമുള്ള അവസരമാക്കിയ അവസരവാദികളെയും പരിചയപ്പെട്ടു.
ഇങ്ങനെയുള്ള ദുരിത-പ്രതികൂല സാഹചര്യങ്ങളിൽ തങ്ങള്‍ക്ക് സ്വന്തമായി ലഭിച്ചിരിക്കുന്ന സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വത്തിൽ തുടർന്ന് പോകാം എന്ന സങ്കുചിത താല്പര്യങ്ങളാൽ, സഹായഹസ്തം നീട്ടാതിരിക്കുന്നതും വേദനയോടെ കാണുന്നു. തനിക്കും കുടുംബത്തിനും ആവശ്യമില്ലാതിരുന്നിട്ടും, ഏറ്റവും അർഹമായ ഒരു വ്യക്തിക്കോ കുടുംബത്തിനോ ലഭിക്കാമായിരുന്ന നന്മ സ്വന്തം താല്പര്യത്താലോ, മറ്റാരുടെയോ നിർബന്ധത്താലോ സ്വന്തമാക്കുന്നത് കാണുമ്പോൾ വിൻസെന്റ് അച്ചായൻ നമ്മുടെയൊക്കെ മനസാക്ഷിയുടെ മുമ്പിലെ ചോദ്യമാണ്. ഈ നാളുകളിൽ ഗവൺമെന്റ്-സഭാതലങ്ങളിലെ സേവന-സഹായ കാര്യങ്ങളിൽ കൂടെ നിന്ന, പ്രവർത്തനങ്ങൾ വിലയിരുത്തിയ ഒരു സഹോദരന്റെ വാക്കുകൾ പ്രസക്തമാണ് ‘to make difference between needy and greedy is a big problem’. ആത്യാവശ്യക്കാരനെയും ആർത്തിക്കാരനെയും വേർതിരിക്കുക ദുഷ്കരമാണ്.
ഏതു വലിയ ദാരിദ്ര്യത്തിലും ദുഃഖത്തിലും സംരക്ഷണത്തിന് ദൈവീകമായ ഇടപെടൽ ഉണ്ടാകുമെന്ന് ബോധ്യത്തോടെ സമർപ്പണം നടത്തുമ്പോൾ എങ്ങനെയാണ് നമ്മളിലൂടെ ദൈവം ആ വ്യക്തികളിലേക്ക് എത്തിച്ചേരാതെ ഇരിക്കുന്നത്. തങ്ങൾക്ക് ന്യായമായി ലഭിക്കാവുന്ന സാമ്പത്തീക നേട്ടങ്ങൾ സ്വമനസ്സാലെ വേണ്ടെന്നു വയ്ക്കുന്ന, സഹായഹസ്തവുമായി ഓടിയിറങ്ങുന്ന എത്രയെത്ര സാക്ഷ്യങ്ങൾ ലഭിച്ചു. നമുക്കുറപ്പിക്കാം ദേവാലയങ്ങൾ തുറപ്പിക്കാൻ ഈ വിൻസെന്റ് അച്ചായനെ പോലെ മുട്ടി വിളിക്കാൻവ്യക്തികൾ ഉണ്ടാകും. അവർക്ക് കണ്ണുനിറഞ്ഞ്, മുഖമുയർത്തി, സക്രാരിയെയും ക്രൂശിത രൂപത്തെയും നോക്കി ദൈവത്തിന് നന്ദി പറയണം… ആകുലതകളെ സമർപ്പിക്കണം… കുറവുകൾക്ക് പൊറുതി അപേക്ഷിക്കണം… എല്ലാറ്റിനുമുപരി തന്നെയും തനിക്കുള്ളതൊക്കെയും ദൈവത്തിന് നൽകണം.
എന്റെ വിശ്വാസം ദൈവത്തിലേക്ക് കൂടുതൽ ശക്തമാകുന്നു… എന്റെ കരുതൽ അച്ചായനെ പോലുള്ളവരുടെ നേർക്ക് കൂടുതൽ വിശാലമാകുന്നു… ദേവാലയങ്ങൾ തുറക്കപ്പെടും, ആരാധനകൾ തുടരും, സമർപ്പണങ്ങൾ ഉണ്ടാകും. അവ വിശ്വാസത്തിന് പ്രാധാന്യം നൽകുന്നതും, അന്ധവിശ്വാസത്തെയും ആഡംബരങ്ങളെയും ആഘോഷങ്ങളെയും അകറ്റുന്നതും ആകട്ടെ. ദേവാലയങ്ങൾ തുറക്കുന്നത് മനസ്സിനും ശരീരത്തിനും ആത്മാവിനും ആരോഗ്യം പകരുന്നതിനാകട്ടെ. സമർപ്പണങ്ങൾ എല്ലാവർക്കും എല്ലാം ആയിത്തീർന്ന ആദിമസഭയുടെ പങ്കുവയ്ക്കൽ ഓഹരിയാകട്ടെ. അത് ദാരിദ്ര്യദുഃഖം അനുഭവിക്കുന്ന അർഹരായവർക്ക് ആവശ്യസമയത്ത് ഉപകരിക്കുന്ന നന്മയുടെ ദശാംശമാകട്ടെ, ദൈവിക പരിപാലനയാകട്ടെ. ക്രിസ്തുവിന്റെ രൂപം ദരിദ്രനില്‍, അത് ഏതൊരു ദരിദ്രനിലും കാണുന്നതാകട്ടെ.
“എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്” (മത്തായി 25:40).