Kazhchayum Ulkkazchayum

ദൂഷിതവലയം

'താൻ അടിമത്വത്തിൽ കഴിയുന്നു' എന്ന് തിരിച്ചറിവ് ഉണ്ടാകുന്ന നിമിഷം മുതൽക്കാണ് സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്നത്...

നന്മ-തിന്മകളെ വിവേചിച്ചറിയാനുള്ള ബുദ്ധിശക്തി മനുഷ്യനെ ഒന്നാമനാക്കി. വിശേഷണ ബുദ്ധിയും, വിശേഷ വിചാര വികാരങ്ങളും മനുഷ്യനെ ജന്തുലോകത്തിന്റെയും തലതൊട്ടപ്പനാക്കി. ഇനിയും നൂറ് നൂറുകൂട്ടം വിശേഷണങ്ങൾ കൊണ്ട് മനുഷ്യനെ പ്രശംസിക്കാൻ കഴിയും. എന്നാൽ അതേസമയം, നിഷേധാത്മകമായ വിധം മനുഷ്യനെ സംബോധന ചെയ്യാനും കഴിയും എന്നതാണ് ചരിത്രം. ആർജനാസക്തിയുടെ ഒരു ബോധമാണ് മനുഷ്യൻ എന്ന് വിളിച്ചാലും അധികമാവില്ല. കൊല്ലും കൊലവിളിയും, കരിഞ്ചന്തയും, മായംകലർത്തൽ, പൂഴ്ത്തിവെക്കലും, രാഷ്ട്രീയ കുതിരക്കച്ചവടവും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, അധോലോക പ്രവർത്തനങ്ങളും, ധാർമിക അപചയങ്ങളും, അനീതിയും etc… മനുഷ്യനെ ഒരു ദൂഷിത വലയത്തിൽ ആക്കിയിരിക്കുകയാണ്. ഈ ദുരിത വിഷമവൃത്തത്തിൽ നിന്ന് മനുഷ്യനെ ആർക്ക് രക്ഷിക്കാനാകും? ആര് മോചിപ്പിക്കും? എങ്ങനെ, എപ്പോൾ, എവിടെവച്ച്? ഇങ്ങനെ നൂറു കൂട്ടം ചോദ്യങ്ങൾ മുന്നിൽ ഉയരും.

ഒരാൾ ‘താൻ അടിമത്വത്തിൽ കഴിയുന്നു’ എന്ന് തിരിച്ചറിവ് ഉണ്ടാകുന്ന നിമിഷം മുതൽക്കാണ് സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്നത്, മോചനത്തിനുള്ള മാർഗം തിരയുന്നത്. സൂക്ഷ്മമായി നാം നമ്മെത്തന്നെ വിശകലനം ചെയ്യുമ്പോൾ, നാം ചെന്നു നിൽക്കുന്നത് “സ്വാർത്ഥത”യുടെ കോട്ടയ്ക്കുള്ളിലാണ്. ഒരുവേള, ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്തവിധം ശോചനീയമായ നിലയിൽ നാം എത്തിപ്പെട്ടിട്ടുണ്ടാകും.

“ഒരുവേള പഴക്കമേറിയാൽ, ഇരുളും മെല്ലെ വെളിച്ചമായ് വരാം…
പലനാൾ ഭുജിച്ചിടിൽ, കൈപ്പും മധുരിച്ചിടാം…!”

ലോകചരിത്രത്തിൽ വ്യക്തിമുദ്രപതിപ്പിച്ച (രാജ്യതന്ത്രജ്ഞൻ, ദാർശനികൻ, പ്രഭാഷകൻ) റോമാക്കാരനായ സീസറോ (ബി.സി. 106-43) മനുഷ്യരുടെ 6 തെറ്റുകൾ ചൂണ്ടി കാണിച്ചിട്ടുണ്ട്. ഇന്നും മനുഷ്യർ ധാരമുറിയാത്ത അനുവർത്തിച്ചുപോരുന്ന തെറ്റുകൾ!!!

1) സ്വന്തം വിജയത്തിന് അന്യരെ ചവിട്ടിമെതിക്കാമെന്ന “മിഥ്യാബോധം”
2) മാറ്റാനോ തിരുത്താനോ കഴിയാത്ത കാര്യങ്ങളെപ്പറ്റി മനഃപ്രയാസപ്പെടുന്ന പ്രവണത
3) നമുക്ക് നേടാൻ കഴിയാത്തത് ആർക്കും നേടാൻ കഴിയില്ലെന്ന വാശി
4) നിസ്സാര കാര്യങ്ങളിലെ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവയ്ക്കാൻ വിസമ്മതം.
5) മനോവികാസത്തോടും, ചിത്തശുദ്ധിയോടും അവഗണന; വായനയും, പഠനവും ശീലിക്കാത്ത ജീവിതശൈലി
6) സ്വന്തം വിശ്വാസവും, ജീവിതരീതിയും അന്യർ സ്വീകരിക്കണമെന്ന നിർബന്ധം.

2020 വർഷം കഴിഞ്ഞിട്ടും, മേൽപ്പറഞ്ഞ യാഥാർത്ഥ്യങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ നാം ചെയ്തു കൂട്ടുന്നുണ്ട് എന്നതാണ് പരമാർത്ഥം. ഒരു സുപ്രഭാതത്തിൽ നമുക്ക് ബന്ധനങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ല. എന്നാൽ, ബോധപൂർവം മനസ്സ് വച്ച്, ആത്മശോധന ചെയ്ത്, യഥാസമയം പരിഹാരം കണ്ടെത്തി മുന്നോട്ടുപോയാൽ നല്ലൊരു ശതമാനം വരെ നമുക്കീ കുരുക്കിൽ നിന്ന് രക്ഷപ്രാപിക്കാൻ കഴിയും. നാം ആത്മവിമർശനത്തിന് തയ്യാറായാൽ മാത്രമേ ഇത് സാധ്യമാകൂ. മറ്റുള്ളവരുടെ ജീവിതാനുഭവവും, ഉപദേശവും, തിരുത്തലും, ശാസനകളും, നിരൂപണങ്ങളും, വിമർശനങ്ങളും സമചിത്തതയോടുകൂടി കേൾക്കാനും, സ്വാംശീകരിക്കാനും നാം തയ്യാറാകണമെന്ന് സ്പഷ്ടം!

സംസ്‌കൃതചിത്തരായി തീരാനുള്ള “നവീകരണ പ്രക്രിയ” നമ്മുടെ വികലമായ സങ്കൽപ്പങ്ങളെയും, കാഴ്ചപ്പാടുകളെയും, ആഭിമുഖ്യങ്ങളെയും അട്ടിമറിച്ചെന്നും വരാം. അതെ, ഈ യാത്ര വേദനാജനകമാണ്; ചോര കിനിയുന്ന അനുഭവങ്ങളാകും നമുക്ക് ഉണ്ടാവുക. അറിഞ്ഞുകൊണ്ട് പാളത്തിൽ തലവെക്കാൻ നാം ആഗ്രഹിക്കാറില്ല; കാരണം, നമ്മുടെ അസ്തിത്വം നാം നിഷേധിക്കുന്നതിന് തുല്യമാണത്. ഒഴുക്കിന് അനുകൂലമായിട്ട് നീന്താൻ എളുപ്പമാണ്. ഒഴുക്കിനെതിരെ നീന്താൻ ഇച്ഛാശക്തിയും, മനസ്സും, തന്റേടവും, പ്രാവീണ്യവും കൂടിയേ മതിയാവൂ.

ജീവിതം നിരന്തരമായ ഒരു പ്രയാണമാണ്; ഒരു തീർത്ഥാടനം കൂടെയാണ്! പലതിനെയും പിന്നമ്പിക്കൊണ്ടുള്ള യാത്ര! ജീവിതത്തിന്റെ നാൽക്കവലയിൽ പകച്ച് പോകാതിരിക്കാൻ ശരിയായ വഴി തിരഞ്ഞെടുക്കുവാനുള്ള “ആർജ്ജവം” കൈമുതലായിട്ടുണ്ടാകണം. ഓരോ ചുവടും പ്രാധാന്യമുള്ളതാണ്. ഒരു ചുവട് മുന്നോട്ട് വച്ചിണ്ട്, രണ്ട് ചുവട് പിന്നോട്ട് വച്ചാലുള്ള സ്ഥിതി എന്തായിരിക്കും? ദൂഷിത വലയങ്ങൾ ഭേദിച്ച്, ഉത്തമബോധ്യത്തോടെ മുന്നേറാൻ തമ്പുരാൻ നമ്മെ ശക്തരാക്കട്ടെ എന്ന് പ്രാർത്ഥിക്കാം. വിജയാശംസകൾ നേരുന്നു!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker