Articles

ദുരന്തമുഖത്തുനിന്ന് ജാഗ്രതയോടെ

നിങ്ങളുടെ ആയുസ്സും മറ്റുള്ളവരുടെ ആയുസ്സും നീട്ടി കിട്ടുന്നതിനുവേണ്ടി വിവേകത്തോടെ പ്രവർത്തിക്കുക...

സി.ഷൈനി ജർമ്മിയാസ് CCR

ദൈവം നൽകിയ പുതുവർഷത്തെ, പ്രത്യാശയോടെ ഏറെ പ്രതീക്ഷകളോടെ അതിലേറെ ആഹ്ലാദത്തോടെ വരവേറ്റു കൊണ്ട് ലോകം 2020 ലേക്ക് പ്രവേശിച്ചത്. എന്നാൽ, ഈ സന്തോഷം ഏറെ നീണ്ടുനിന്നില്ല; വർഷാരംഭത്തിൽ തന്നെ അതായത് ജനുവരി മൂന്നാo തീയതി, അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ മേജർ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ലോകരാഷ്ട്രങ്ങൾ കണ്ണു തുറന്നത്.

പ്രബലമായ രണ്ട് ലോകരാഷ്ട്രങ്ങൾ വീണ്ടും ശത്രുതയുടെ കൊടുമുടിയിലേക്ക് നടന്നു കയറുകയായിരുന്നു. തങ്ങളുടെ മേജർ ജനറലിനെ വധിച്ചതിന് പ്രതികാരമെന്നോണം ജനുവരി 8-ന് ഇറാഖിലെ 2 യു എസ് സൈനിക ക്യാമ്പുകൾക്ക് നേരെ ഇറാനും ആക്രമണം നടത്തി. അങ്ങനെ വാക്കുകൾ കൊണ്ടും ആയുധങ്ങൾ കൊണ്ടും പ്രകോപിപ്പിച്ചും ആക്രമിച്ചും തിരിച്ചടിച്ചും ഈ രണ്ടു രാജ്യങ്ങൾ മുന്നേറുമ്പോൾ ലോകം യുദ്ധ ഭീതിയിലേക്കാഴ്ന്നിറങ്ങുകയായിരുന്നു. ലോകത്തെ തന്നെ പൂർണമായും ഇല്ലാതാക്കാൻ കഴിയുന്ന അതിശക്തമായ നശീകരണ ശേഷിയുള്ള ആണവായുധങ്ങൾ മിക്കരാജ്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ആണവ മിസൈലുകളുടെ ഹുങ്കിൽ തങ്ങളാണ് ശക്തരെന്ന് ഓരോ പ്രബല രാഷ്ട്രങ്ങളും ചിന്തിച്ചു. ഇതിന്റെ ബലത്തിൽ ഒരു മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടും എന്ന് ആശങ്കപ്പെട്ടു.

എന്നാൽ, ഇതിനെയെല്ലാം അസ്ഥാനത്താക്കികൊണ്ട്, ഈ ലോകത്തെ തന്നെ വിഴുങ്ങുവാനായി “കൊറോണ” പൊട്ടിപ്പുറപ്പെട്ടു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത, സ്വയം ജീവൻ പോലുമില്ലാത്ത ഈ വൈറസിന് മുൻപിൽ വമ്പൻ രാഷ്ട്രങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും നിഷ്പ്രഭമായി. വളരെയേറെ ഭീതി പടർത്തി കളം നിറഞ്ഞാടുകയാണ് ഈ മഹാമാരി! കോവിഡ് -19 എന്നറിയപ്പെടുന്ന ഈ വൈറസ് ഏകദേശം 186 രാജ്യങ്ങളിലായി പടർന്നു പിടിച്ചിരിക്കുന്നു. ആഗോള മരണസംഖ്യ 12,000 കടക്കുകയും, രണ്ടര ലക്ഷത്തിലേറെ പേർ രോഗബാധിതരുമായിരിക്കുന്നു.

എന്തുകൊണ്ടാണ് ഈ വൈറസ് കാട്ടുതീപോലെ പടരുന്നത്?

വിവേക ശൂന്യമായ പ്രവർത്തനവും, ജാഗ്രത കുറവും കൊണ്ടാണ് ഇത് കൂടുതലായി സംഭവിച്ചത്. ഡിസംബർ അവസാനത്തോടെ കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് കൊടുത്ത ചൈനീസ് ഡോക്ടർ ജനങ്ങളെ ഭീതിയിലേക്ക് നയിക്കുന്നു എന്നുപറഞ്ഞ് പോലീസ് നടപടികളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഡോക്ടർ വെളിപ്പെടുത്തിയപ്പോൾ തന്നെ, വിവേകത്തോടും ജാഗ്രതയോടും കൂടി ഇതിനെതിരെ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഇതിനെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞേനെ.

കോവിഡ് 19-നെ പുച്ഛിച്ചു കണ്ടിരുന്ന പ്രബല ശക്തിയായ അമേരിക്കപോലും ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിൽ എത്തിച്ചേർന്നു. നിസ്സംഗതാ മനോഭാവത്തോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഇറ്റലിയിൽ മാർച്ച് 22 ആയപ്പോഴേയ്ക്കും 5476 പേരുടെ ജീവനെടുത്തുകഴിഞ്ഞു ഈ വൈറസ്. എല്ലാ ഭൂഖണ്ഡങ്ങളെയും പിടിച്ചുകുലുക്കാൻ ഇതിന് കഴിഞ്ഞു എന്നതാണ് വാസ്തവം.

യുദ്ധത്തിനേക്കാൾ അപകടകാരിയായ ഈ വൈറസിന് മുൻപിൽ രാഷ്ട്രങ്ങളെല്ലാം തന്നെ തകർന്നപ്പോൾ, മനുഷ്യജീവൻ രക്ഷിക്കുന്നതിനായി ഭരണകൂടങ്ങൾ ചില നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഒരു രാജ്യത്തിന്റെ പൗരൻ എന്ന നിലയിൽ എല്ലാ മതഗുരുക്കന്മാരും മതവിശ്വാസികളും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. തന്മൂലം അവർ താന്താങ്ങളുടെ മതാചാരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് എന്നത്തേയും പോലെ ഇപ്പോഴും കത്തോലിക്ക സഭ തന്നെയാണ്. ഏറ്റവും കൂടുതൽ മാമ്പഴമുള്ള മാവിനാണ് കൂടുതൽ ഏറ് കിട്ടാറുള്ളത്. കോവിഡ്-19 എന്ന മഹാമാരിയുടെ പേരിൽ ആരാധനാലയങ്ങളും, ധ്യാന കേന്ദ്രങ്ങളും വിമർശനം ഏറ്റുവാങ്ങുമ്പോൾ, വിമർശകർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്: അടിയുറച്ച ക്രിസ്തീയ വിശ്വാസമാണ് സഭയുടെ നിലനിൽപ്പിന്റെ കാതലെന്ന്. വിശ്വാസം ഒരു മാജിക്കല്ല. അന്ധവിശ്വാസവുമല്ല, എന്തും കേട്ടപാടെ വിശ്വസിക്കുവാൻ! മൂന്നക്ഷരങ്ങൾ മാത്രമുള്ള ഒരു ചെറിയ വാക്കാണ് വിശ്വാസം. അത് വായിക്കാൻ ഒരു നിമിഷം, ചിന്തിക്കാൻ ഒരു മിനിട്ട്, മനസ്സിലാക്കാൻ ഒരു ദിവസം! പക്ഷേ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതം തന്നെ മതിയാവുകയില്ല.

ദൈവം ഉണ്ടെന്ന് ബോധ്യം വരുകയും, ആ ബോധ്യത്തിന് സ്വയം സമർപ്പിക്കുകയും, അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ വിശ്വാസം. ആ വിശ്വാസത്തിന് മാത്രമേ, ദൈവസാന്നിദ്ധ്യവും പരിശുദ്ധാത്മാവിലൂടെയുള്ള അൽഭുതങ്ങളും അനുഭവിച്ചറിയുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് വിശ്വാസികൾ മാത്രം രക്ഷപെട്ടാൽ പോരാ, മതാചാരങ്ങൾ വേണ്ടെന്നുവച്ചപ്പോൾ ഒരു ചുക്കും സംഭവിച്ചില്ല, എന്ന് അഭിപ്രായപ്പെട്ടവരുൾപ്പെടെ ഓരോ അവിശ്വാസിയുടെയും (യുക്തിവാദികളും നിരീശ്വരവാദികളും) ജീവനുപോലും ഹാനി സംഭവിക്കരുതെന്നാണ് പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവിലൂടെ സഭ ആഗ്രഹിക്കുന്നത്.

സഭാനേതൃത്വത്തിന് പിന്നാലെ പായുന്ന സോഷ്യൽ മീഡിയകളെ, യുക്തിവാദികളെ ഈ നിർണായക സന്ദർഭത്തിലെങ്കിലും നിങ്ങളുടെ ധാർമികബോധം ഉണർന്ന് വിലപ്പെട്ട സമയം കേരള ജനതയെയെ ബോധവൽക്കരിക്കാനെങ്കിലും പ്രയോജനപ്പെടുത്തുക. നഷ്ടപ്പെടാനിരിക്കുന്ന ജീവനുകൾ രക്ഷിക്കാൻ ശ്രമിക്കുക.

നമ്മുടെ രാജ്യത്തെ കോവിഡ് 19-ൽ നിന്നും രക്ഷിക്കുക എന്നത് ഒരു ഗവൺമെന്റിന്റെയോ, അതിനായി പ്രവർത്തിക്കുന്നവരുടെയോ മാത്രം ഉത്തരവാദിത്തമല്ല; ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. അതുകൊണ്ട്, ഈ മഹാ മാരിയിൽ നിന്നും മുക്തി നേടാനും വ്യാപിക്കാതിരിക്കാനുമായി ഗവൺമെന്റ് തരുന്ന നിർദ്ദേശങ്ങളും, നിയമങ്ങളും ഓരോ വ്യക്തിയും അറിഞ്ഞിരിക്കുകയും, അതുമായി സഹകരിക്കുകയും വേണം. എത്ര നല്ലൊരു ആരോഗ്യമന്ത്രിയും സംവിധാനങ്ങളുണ്ടായാലും കൊടുങ്കാറ്റുപോലെ വീശി അടിച്ചു കൊണ്ടിരിക്കുന്ന കൊറോണയെ നിയന്ത്രിക്കുവാൻ കഴിയില്ല. എന്നാൽ, സമൂഹത്തിലെ ഓരോ വ്യക്തികളുടെയും സഹകരണം കൊണ്ട് അത് നേടിയെടുക്കുവാൻ നമുക്ക് കഴിയും. ഇതിന്റെ ഭീകരത മനസ്സിലാകണമെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കണ്ണോടിച്ചാൽ മാത്രം മതി. ഈ മഹാവിപത്തിന്റെ ഭീകരത അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഇറ്റലിയുടെ മണ്ണിൽ നിന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്.

ഗവൺമെന്റിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തിയും, നിസ്സഹകരണ പ്രവർത്തികളും കാരണം ഒരു ദിവസം മരിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം 700-ൽ കൂടുതലായി. പ്രായമായവരും കുഞ്ഞുങ്ങളും മാത്രമല്ല യുവതി-യുവാക്കൾ വരെ മരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം ഒരു ഇറ്റലി ആകാതിരിക്കാനുള്ള കടിഞ്ഞാൺ ഓരോ വ്യക്തിയുടെയും കയ്യിലാണ്. പ്രവാസിയായാലും, സ്വദേശിയായാലുo quarantine നേരിടുന്നവർ താൽക്കാലിക സുഖത്തിനും സന്തോഷത്തിനും വേണ്ടി ചുറ്റിയടിക്കാതെ നിങ്ങളുടെ ആയുസ്സും മറ്റുള്ളവരുടെ ആയുസ്സും നീട്ടി കിട്ടുന്നതിനുവേണ്ടി വിവേകത്തോടെ പ്രവർത്തിക്കുക.

ചിന്തിക്കുക, ഞാൻ മനുഷ്യരുടെ ആരാച്ചാർ ആകണോ, അതോ ജീവന്റെ കാവലാൾ ആകണോ? നമ്മുടെ രാജ്യം ഒരു ഇറ്റലിയോ, ചൈനയോ ആകാതിരിക്കാൻ വേണ്ടി നമുക്കോരോരുത്തർക്കും ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടി ഗവൺമെന്റിനോട് ചേർന്നു നിൽക്കാം. എല്ലാവർക്കും ഒരുമിച്ചു നിന്ന് ഈ മഹാമാരിയെയും ചെറുത്തു തോൽപ്പിക്കാം. അതേസമയം, ഞായറാഴ്ച മുഴുനീള ജനതകർ കർഫ്യൂ പ്രഖ്യാപിച്ച നടപടിയെ ഒരുപരിധിവരെ ന്യായീകരിക്കാമെങ്കിലും, ദിവസത്തിനൊടുവിൽ കലമുടച്ച പോലെ നടമാടിയ ജനങ്ങൾ കൂട്ടംകൂട്ടമായി പാത്രങ്ങളടിച്ച് തടിച്ചുകൂട്ടിയതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. എല്ലാവരിലുംനിന്ന് ഉത്തരവാദിത്വപൂർണ്ണമായ പ്രവർത്തി ഉണ്ടായേമതിയാകൂ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker