ദുരന്തം സഹായ പ്രവർത്തനങ്ങളുമായി ഗാന്ധിയൻ സംഘടനകൾ
ദുരന്തം സഹായ പ്രവർത്തനങ്ങളുമായി ഗാന്ധിയൻ സംഘടനകൾ
എഫ്.എം.ലാസർ
തിരുവനന്തപുരം: മഴക്കെടുതി – പ്രകൃതി ദുരന്തങ്ങളിൽ സഹായിക്കുവാൻ ഗാന്ധിയൻ സംഘടനകളും രംഗത്ത്. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി, തിരുവനന്തപുരം; കേരള സർവ്വോദയ മണ്ഡലം, തിരുവനന്തപുരം; ഇൻഡാക് – ഇൻഡ്യൻ നാഷണൽ ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ്; ദിസ്എബിലിറ്റി മിഷൻ കേരള എന്നിവർ സംയുക്തമായാണ് ദുരന്തം സഹായ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ജനങ്ങളുടെ കാര്യമായ പിന്തുണയും സഹായവും ലഭിക്കുകയുണ്ടായി. അങ്ങനെ, 50,000 രൂപയുടെ സാധനങ്ങൾ
മാതൃഭൂമി ഓഫീസുമായി സഹകരിച്ചു കൊണ്ട് കൈമാറി.
ബ്ലാങ്കെറ്റ്, ബെഡ് ഷീറ്റ്, സാരി, ചുരിദാർ, നൈറ്റി, മുണ്ട്, ബനിയനുകൽ, ഷർട്ട്, തോർത്ത്, ടവ്വൽ, അടിവസ്ത്രങ്ങൾ, ബക്കറ്റ്, കപ്പ്, സോപ്പ്, ലോഷനുകൾ, മരുന്നുകൾ, പോഷകാഹാരം, ബിസ്ക്കറ്റുകൾ, ഡ്രൈ ഫുഡുകൾ തുടങ്ങിയ പുതിയ സാധനങ്ങൾ തന്നെയാണ് നൽകിയത്. രണ്ടു ദിവസങ്ങളിലായി രാവിലെ പത്തു മണി മുതൽ പ്രവർത്തകർ ജില്ലയിലെ വീടുകളിൽ എത്തിയാണ് ഇവ ശേഖരിച്ചത്.
മുന്നണി ചെയർമാൻ വി.എസ്.ഹരീന്ദ്രനാഥിന്റെ നേതൃത്വത്തിൽ
കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സദാനന്ദൻ,
ഇൻഡാക് പ്രസിഡന്റും ദിസ്എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനുമായ എഫ്.എം.ലാസർ, ഗാന്ധി മീഡിയ ഫൗണ്ടേഷൻ കേന്ദ്ര സമിതിയംഗം അഡ്വ. ജോർജ് വർഗീസ്, കേരള മദ്യനിരോധന സമിതി താലൂക്ക് പ്രസിഡന്റ് പിആർഎസ് പ്രകാശൻ, ജില്ലാ യൂത്ത് കോർഡിനേറ്റർ സുശാന്ത് വലിയശാല എന്നിവർ അണിചേരുകയുണ്ടായി.
ഗാന്ധി ഭവനിൽ നടന്ന യോഗത്തിൽ ഡോ. എൻ.രാധാകൃഷ്ണൻ രക്ഷാധികാരിയായി അഡ്വ. വി.എസ്.ഹരീന്ദ്രനാഥിനെ ചെയർമാനും ജി.സദാനന്ദനെ ജനറൽ കൺവീനറുമാക്കി ദുരന്ത സഹായത്തിന് നേതൃത്വം നല്കുവാൻ പതിനഞ്ചംഗ സ്ഥിരം സമിതിക്കു രൂപം കൊടുത്തു. എഫ്എം.ലാസർ, അഡ്വ. ജോർജ് വർഗീസ്, പിആർഎസ്.പ്രകാശൻ, സുശാന്ത് വലിയശാല, അഡ്വ. ഉദയകുമാർ, ശിവശങ്കരൻ നായർ, കാട്ടായിക്കോണം ശശിധരൻ, ഏജെ.നഷീദ ബീഗം, എസ്. മോഹനകുമാരി, ജേക്കബ് കുര്യാക്കോസ്, ലീലാമ്മ ഐസക്, ലീല, കെ.രാജ്കുമാർ എന്നിവരാണ് അംഗങ്ങൾ.
മഴക്കെടുതി ആശ്വാസപ്രവർത്തനങ്ങൾ തുടരാനും സമിതി പ്രവർത്തനങ്ങളുടെ ആദ്യപടിയായി ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ ശേഖരിച്ച് നല്കാനും തീരുമാനിച്ചിട്ടുണ്ട്.