Articles

ദിവ്യബലിയും ദൈവജനവും

ദിവ്യബലികളില്‍ വിശ്വാസികള്‍ പലപ്പോഴും കാഴ്ച്ചക്കാരും, ശ്രോതാക്കളും മാത്രമാകുന്നു...

ജോസ് മാർട്ടിൻ

ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളുടെ പീഡാസഹനം, മരണം, ഉഥാനം എന്നിവയുടെ ഏറ്റവും സമുന്നതമായ പുനരാവിഷ്കരണമാണല്ലോ ദിവ്യബലി.

‘ദൈവത്തിന്റെ പ്രവൃത്തിയിലുള്ള മനുഷ്യന്റെ പങ്കുചേരൽ’ എന്നാണ് വിശുദ്ധ കുര്‍ബാനക്ക് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നല്കുന്ന നിർവചനം (CCC 1069). ലോകത്തിന്റെ പാപമോചനത്തിനും രക്ഷയ്ക്കും വേണ്ടി ദൈവം നിർവഹിച്ച രക്ഷാകരപദ്ധതിയുടെ ആഘോഷമെന്ന നിലയിലാണ് വിശുദ്ധ കുര്‍ബാനയെ ദൈവത്തിന്റെ പ്രവർത്തിയിലുള്ള പങ്കുചേരലായി സഭ കാണുന്നത്.

ദിവ്യബലിയില്‍ പുരോഹിതനും ദൈവജനവും ചൊല്ലേണ്ട ഓരോ പ്രാര്‍ത്ഥനകള്‍ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, വിശുദ്ധ ബലിയില്‍ വൈദീകനും ദൈവജനവും തങ്ങളുടേതായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ചൊല്ലിയിരിക്കണം എന്ന് സഭ പഠിപ്പിക്കുന്നു.

വിശ്വാസികളുടെ സജീവ പങ്കാളിത്വം ഉറപ്പാക്കുന്നതിന് വേണ്ടി ദിവ്യബലി / ആരാധനാക്രമം ലത്തീന്‍ ഭാഷയില്‍ നിന്ന് പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുവാന്‍ 1962-ല്‍ കൂടിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും, 1970 -ല്‍ മലയാളത്തിലെ ആദ്യ റോമന്‍ മിസ്സാൽ പുറത്തിറക്കുകയും, 1972-മുതല്‍ കേരളത്തിലെ എല്ലാ ലത്തീന്‍ പള്ളികളിലും മലയാളത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു തുടങ്ങുകയും ചെയ്തു.

കേരള ലത്തീന്‍ കത്തോലിക്കാ ലിറ്റര്‍ജി കമ്മിഷന്‍ 2012-ല്‍ പുറത്തിറക്കിയ പരിഷ്കരിച്ച ദിവ്യപൂജാക്രമം (PROPOSED PRAYER TEXTS FOR NEW MALAYALAM MISSAL) പ്രസിദ്ധികരിച്ചിട്ടുണ്ട്. അതില്‍ കാർമ്മികനും ദൈവജനവും ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ ഗദ്യരൂപത്തിലും ഗാനരൂപത്തിലും കൊടുത്തിട്ടുണ്ട്‌.

വിശുദ്ധ കുര്‍ബാന പ്രാദേശിക ഭാഷകളില്‍ പ്രാബല്യത്തില്‍ വരുത്തിയത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യം ദിവ്യബലിയില്‍ പങ്കെടുക്കുന്ന ദൈവജനത്തിന് പ്രാര്‍ത്ഥനകളുടെ അര്‍ഥം തങ്ങളുടെ മാതൃഭാഷയില്‍ മനസിലാക്കാനും, തങ്ങള്‍ ചൊല്ലേണ്ട ഭാഗങ്ങള്‍ ഏറ്റുചൊല്ലാനും വേണ്ടിയായിരുന്നു. പുരോഹിതനും ദൈവജനവും ഒരുമിച്ചു ചേര്‍ന്ന് ആരാധനാക്രമ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള പ്രാര്‍ത്ഥനകള്‍ ഒരുമിച്ച് അര്‍പ്പിച്ചാലേ ദിവ്യബലി പൂര്‍ണ്ണമാകുകയുള്ളൂ.

ബലി അര്‍പ്പിക്കുന വൈദീകന്റെ ഹിതപ്രകാരം വിശുദ്ധ കുര്‍ബാന അര്‍പ്പണം ഗദ്യരൂപത്തിലോ ഗാനരൂപത്തിലോ ആകാം.

നമ്മുടെ പള്ളികളില്‍ ഗാനാരൂപത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ പങ്കെടുന്ന വിശ്വാസികള്‍ പലപ്പോഴും കാഴ്ച്ചക്കാരും, ശ്രോതാക്കളും മാത്രമാകുന്നു. കേരളാ ലത്തീന്‍ കത്തോലിക്കാ ലിറ്റര്‍ജി കമ്മിഷന്‍ പുറത്തിറക്കിയ ദിവ്യപുജാക്രമ പുസ്ത്തകത്തില്‍ (PROPOSED PRAYER TEXTS FOR NEW MALAYALAM MISSAL) കൊടുത്തിരിക്കുന്ന ഗാനങ്ങള്‍, വിശ്വാസികൾ കേട്ട് പരിചയിച്ച പൊതുആലാപന രീതിയില്‍ നിന്ന് വ്യതസ്തമായ ഈണങ്ങളില്‍ ആയിരിക്കും ഗായകസംഘം പലപ്പോഴും ആലപിക്കുക. ഇതിനാൽതന്നെ ദൈവജനത്തിന് ഏറ്റു പാടാൻ കഴിയാതെ വരുന്നു. പലപ്പോഴും സംഗീത സൗകര്യത്തിന് ടെക്സ്റ്റിൽ കൊടുത്തിരിക്കുന്ന വാക്കുകള്‍ക്ക് പോലും മാറ്റമുണ്ടാക്കുന്നു.

ഉദാഹരണമായി, വിശ്വാസ പ്രഖ്യാപനം ഗാനരൂപത്തില്‍ ആകുമ്പോള്‍, കാര്‍മ്മികന്‍ ‘ഏകനാം ദെവത്തില്‍ വിശ്വസിക്കുന്നേന്‍…’ എന്ന് ചൊല്ലി കഴിയുമ്പോള്‍ ‘ആകാശത്തിന്റെയും ഭൂമിയുടെയും…’ എന്ന് തുടങ്ങി കുറച്ചു ഭാഗങ്ങള്‍ male ഭാഗം ആലപിക്കുകയും അടുത്ത ഭാഗം female ഭാഗം ആലപിക്കുകയും, തുടർന്ന് ഇരുകൂട്ടരുടെയും ആലാപന മികവ് തെളിയിക്കാനുള്ള മത്സരമായി മാറുകയും ചെയ്യുന്ന പതിവുണ്ട്. ഫലത്തിൽ വിശ്വാസ പ്രഖ്യാപനം ദിവ്യബലിയിൽ പങ്കെടുക്കുന്ന വിശ്വാസിക്ക് ഏറ്റുപാടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. ഇങ്ങനെ ഒരു യുഗ്മഗാന മത്സരത്തിന്റെ ആവശ്യം ഉണ്ടോ?

താന്‍ ശ്രവിച്ച ദൈവവചനത്തോടും, വ്യാഖ്യാനിക്കപ്പെട്ട വചനത്തോടുമുള്ള തന്റെ വിശ്വാസ പ്രഖ്യാപനവും, ഐക്യവും കൂടിയാണ് വിശ്വാസപ്രമാണത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. ആദ്യകാലംമുതല്‍ ഇന്നു വരെയുള്ള വിശ്വാസികളുടെ ഏറ്റുപറച്ചിലാണ് വിശ്വാസപ്രമാണത്തിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. ശ്രവിച്ച ദൈവവചനത്തോടുള്ള സമ്മതവും, ക്രിസ്തുരഹസ്യങ്ങളിലുള്ള വിശ്വാസവുമാണ് പ്രഖ്യാപിക്കപ്പെടുന്നത് (ദിവ്യബലിയുടെ പൊതുനിര്‍ദേശം, നമ്പര്‍ 29). തിരുസഭ ഇത്രയും പ്രാധാന്യം കൊടുക്കുന്ന വിശ്വാസപ്രമാണം ദൈവ ജനത്തിന് കൂടി ഏറ്റുപാടാന്‍ കഴിയുന്ന വിധം ലളിതമായി, എല്ലാവര്‍ക്കും ഏറ്റുപാടാന്‍ കഴിയുന്ന രീതിയില്‍ ആലപിക്കാന്‍ ഗായക സംഘങ്ങൾ ശ്രദ്ധിക്കണം.

അതുപോലെതന്നെ, ദിവ്യപൂജാക്രമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പോലെ മറ്റു
ഗാനങ്ങളും ആലപിക്കാന്‍ കഴിയണം. അതുവഴി വിശ്വാസ സമൂഹത്തിന്റെ ‘സജീവ പങ്കാളിത്തം’ വിശുദ്ധ കുര്‍ബാനയില്‍ ഉറപ്പാക്കാന്‍ വലിയൊരു പരിധിവരെ കഴിയും.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker