Articles

ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ ബോധപൂർവം പാലിക്കേണ്ട ശീലങ്ങൾ

ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ ബോധപൂർവം പാലിക്കേണ്ട ശീലങ്ങൾ

1) ദിവ്യബലിയിൽ വൈകരുത്. ദൈവം നിന്നെ സ്നേഹം കൊണ്ട് നിറക്കുവാനും നിന്റെ കാതുകളിൽ സംസാരിക്കുവാനും നീ കേൾക്കാൻ ആവശ്യമായവ നിന്നോട്  പറയാനും നിന്നോട് ക്ഷമിക്കാനും പ്രത്യേക ഇരിപ്പിടം മേശയിൽ ഒരുക്കി നിനക്കായി കാത്തിരിക്കുന്നു. അവിടുത്തെ കാത്തിരിക്കാൻ നീ ഇടയാക്കരുത്.

2) അനുചിതമായ വസ്ത്രങ്ങൾ ധരിക്കരുത്. നിനക്കും മറ്റുള്ളവർക്കും വേണ്ടി അവ ഒഴിവാക്കുക.

3) കുരിശടയാളം വരച്ച് താഴ്മയോടെ വണങ്ങി യോഗ്യമായ അഭിവാദനത്തോടെ ദൈവാലയത്തിൽ പ്രവേശിക്കുക. നിറഞ്ഞ സ്നേഹത്തോടെ നിന്നെ ക്ഷണിച്ചു കാത്തിരിക്കുന്ന ദൈവത്തിനു നന്ദി അർപ്പിക്കുക.

4) കുമ്പിടുന്നതിലും മുട്ടുകുത്തി നമസ്ക്കരിക്കുന്നതിലും അലസത വെടിയുക. ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന ബലിപീഠത്തിനു മുന്നിലൂടെ നടക്കുമ്പോൾ കുമ്പിടുവാനും സക്രാരിയുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ മുട്ടുകുത്തി നമസ്ക്കരിക്കാനും ശ്രദ്ധിക്കുക.

5) ദിവ്യബലി മദ്ധ്യേ എന്തെങ്കിലും ചവക്കുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. ആരോഗ്യസംബന്ധമായ സന്ദർഭങ്ങളിൽ മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളു.

6) ദേവാലയത്തിലെ ഇരിപ്പിടങ്ങളിൽ അലസമായി നിവർന്നു വളഞ്ഞ് ഇരിക്കുകയോ ഉറക്കം തൂങ്ങുകയോ അരുത്. നിങ്ങളുടെ ശരീരവും ആത്മാർത്ഥമായ ഭക്തി പ്രകടിപ്പിക്കണം.

7) വായനകളിലും സങ്കീർത്തനത്തിലും നിർദ്ദേശാത്മകമായി അധികം ചേർത്ത വാചകങ്ങൾ വായിക്കേണ്ടതില്ല. അതായത് ചുവന്ന അക്ഷരത്തിൽ ചേർത്ത നിർദേശങ്ങൾ, ഒന്നാം വായന, പ്രതിവചന സങ്കീർത്തനം തുടങ്ങി തലക്കെട്ടുകൾ  മുതലായവ.

8) അല്ലേലൂയാ ഉരുവിടരുത്. അല്ലേലൂയ ആരെങ്കിലും പാടുന്നത് വരെ കാത്തു നിൽക്കുക. ആരും പാടാത്തപക്ഷം ആലേലൂയ എന്നു പറയുന്നത്  ഒഴിവാക്കുകയാണ് നല്ലത്.

9) സുവിശേഷം പ്രഘോഷിക്കുന്നതിനു മുൻപ് പൂർണ്ണമായ കുരിശടയാളം വരക്കരുത്. മൂന്ന് ചെറിയ കുരിശടയാളങ്ങൾ ഒന്ന് നെറ്റിത്തടത്തിന്മേലും മറ്റൊന്ന് അധരത്തിന്മേലും മറ്റൊന്ന് ഹൃദയത്തിന്മേലും വരക്കുക. അങ്ങനെ, ദൈവവവചനം നിന്റെ ബുദ്ധിയിലും അധരത്തിലും ഹൃദയത്തിലും ഉണ്ടായിരിക്കും.

10) ചോദ്യോത്തര രീതിയിൽ വിശ്വാസം പ്രഖ്യാപിക്കുമ്പോൾ ബഹുവചനത്തിൽ മറുപടി പറയരുത് അതായത്  “സർവശക്തനായ പിതാവിൽ നിങ്ങൾ വിശ്വസിക്കുന്നുവോ?” എന്ന കാർമ്മികന്റെ ചോദ്യത്തിന് “അതെ, ഞാൻ വിശ്വസിക്കുന്നു” എന്നാണ് മറുപടി. കാരണം വിശ്വാസ പ്രഖ്യാപനം വ്യക്തിപരമാണ്.

11) സാർവത്രിക പ്രാർത്ഥന അഥവാ വിശ്വാസികളുടെ പ്രാർത്ഥനയുടെ സമയത്തു കാഴ്ച വസ്തുക്കൾ സമാഹരിക്കാൻ പാടില്ല. കാർമ്മികൻ അപ്പവും വീഞ്ഞും ഉയർത്തി വാഴ്ത്തി കൈ കഴുകുന്ന സ്തോത്രയാഗ കർമ്മത്തിന്റെ ഭാഗത്ത് മാത്രമേ കാഴ്ച വസ്തുക്കളും സമാഹരിക്കാവൂ.

12) ദിവ്യബലിയിൽ സ്തോത്രയാഗ പ്രാർത്ഥനയുടെ ഭാഗത്ത് മുട്ടിന്മേൽ ആയിരിക്കുന്നതാണ് ശ്രേഷ്ഠം. അതിനു സാധിക്കാത്ത സാഹചര്യങ്ങളിൽ നിൽക്കുന്നതാണ് ഉത്തമം. എങ്കിലും രോഗാവസ്ഥയോ കൈക്കുഞ്ഞോ ഉള്ള അവസരത്തിൽ ഇരിക്കാവുന്നതും ആണ്‌.

13) പ്രതിഷ്ഠപ്രാർത്ഥനയുടെ വേളയിൽ പ്രാർഥനകൾ ഉച്ചത്തിൽ ഉരുവിടുന്നത് ഒഴിവാക്കുക. “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന വിശുദ്ധ തോമാശ്ലീഹായുടെ പ്രാർത്ഥന ഉരുവിടുന്ന  ശീലം വിശ്വാസികളിൽ ഉണ്ടെങ്കിലും അത് മറ്റുള്ള വിശ്വാസികളുടെ ശ്രദ്ധ തിരിക്കാതെ നിശബ്ദതയിൽ പ്രാർത്ഥിക്കുന്നതാണ് അനുയോജ്യം.

14) “ക്രിസ്തുവിലൂടെ ക്രിസ്തുവിനോടുകൂടെ… ” എന്ന പ്രാർത്ഥന മുഖ്യകാർമ്മികനായ വൈദീകൻ മാത്രമാണ് ചൊല്ലേണ്ടത്. അതിനാൽ ആ പ്രാർത്ഥന വിശ്വാസികൾ ആവർത്തിക്കാൻ പാടില്ല.

15) സമാധാനം പരസ്പരം ആശംസിക്കുമ്പോൾ നിങ്ങളുടെ ഇരിപ്പിടത്തിന്റെ ഇരുഭാഗവുമുള്ളവർക്കു അഭിവാദനങ്ങൾ നൽകിയാൽ മതിയാവും. ഇരിപ്പിടം വിട്ടുപോകേണ്ടതില്ല. സുഹൃത്തുക്കൾക്ക് അഭിനന്ദനവും അനുശോചനവും അറിയിക്കുവാനുള്ള സമയം അല്ല ഇത്.

16) ഒരു മണിക്കൂർ ഉപവസിച്ചും പ്രസാദവാരത്തോടുകൂടെയും നിങ്ങളുടെ ആത്മാവിനെ ഒരുക്കിയിട്ടില്ലെങ്കിൽ ദിവ്യകാരുണ്യം സ്വീകരിക്കരുത്.

17) വൈദീകനിൽ നിന്നും മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കൂ എന്നു ശഠിക്കരുത്. തിരുസഭ തക്കതായ ഒരുക്കത്തോടെ അംഗീകാരം നൽകി നിയോഗിച്ചിരിക്കുന്ന അസാധാരണ ശുശ്രൂഷകരിൽ നിന്നും സ്വീകരിക്കുന്ന ദിവ്യകാരുണ്യത്തിലും നാഥൻ സന്നിഹിതനാണ്.

18) ദിവ്യകാരുണ്യം സ്വീകരിച്ച ശേഷം പരസ്പരം സംസാരിക്കരുത്. സ്വസ്ഥാനങ്ങളിൽ ഇരുന്ന് നിശബ്ദമായി നാഥനുമായി സംസാരിക്കുക. ദിവ്യകാരുണ്യം സ്വീകരിക്കാത്തവർ ഈശോയുമായി ആത്മീയ ഐക്യത്തിൽ സംസാരിക്കുക.

19) ഫോൺ ഓഫാക്കുക. ദിവ്യബലി സമയത്ത് സെൽഫോണിൽ സന്ദേശം അയക്കുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കുക. നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന കർത്താവിങ്കലേക്കു നിങ്ങളുടെ ശ്രദ്ധ തിരിക്കുക.

20) കുഞ്ഞുങ്ങളെ നിങ്ങളുടെ ശ്രദ്ധയിൽ അടുത്ത് നിർത്തിക്കൊണ്ട് ദൈവാലയത്തിൽ ആയിരിക്കേണ്ട രീതി പരിശീലിപ്പിക്കുക.

21) ദിവ്യബലി പൂർണമാകാതെ ദേവാലയത്തിൽനിന്നു മടങ്ങരുത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ കാർമ്മികൻ ക്രിസ്തുവിനു സാക്ഷിയാകാൻ ലോകത്തിലേക്കയക്കുന്ന ശക്തിയേറിയ സമാപന ആശീർവാദം നഷ്ടമാക്കരുത്.
കർത്താവിൽ അനുഗ്രഹീതരും പ്രേരിതരുമായി സ്നേഹത്തിന്റെ രാജ്യം പടുത്തുയർത്തുവാൻ പ്രതേക ദൗത്യവുമായി വേണം നാം ദൈവാലയം വിട്ടു പോകാൻ.

വിവർത്തനം: ഫാ. ഷെറിൻ  ഡൊമിനിക് സി. എം., ഉക്രൈൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker