Articles

ദരിദ്രരുടെ ദൈവം (ലൂക്കാ 16:19-31)

ദരിദ്രരുടെ ദൈവം (ലൂക്കാ 16:19-31)

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ

പേരില്ലാത്ത ഒരു ധനവാനും ലാസർ എന്ന് പേരുള്ള ഒരു ദരിദ്രനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഒരു ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. ലാസർ എന്ന വാക്കിന്റെ അർത്ഥം ദൈവം എന്റെ സഹായം എന്നാണ്. ഈയൊരു ഉപമ ലൂക്കായുടെ സുവിശേഷത്തിൽ മാത്രമേയുള്ളൂ. മാനുഷികതയുടെ കണികകൾ നമ്മുടെ വാക്കിലും പ്രവർത്തിയിലും ചിന്തയിലും മനോഭാവത്തിലും കുറഞ്ഞു വരുമ്പോൾ ഇടക്കൊക്കെ ഈ ഉപമ ഒന്ന് എടുത്തു വായിച്ചു ധ്യാനിക്കണം. എന്നിട്ട് നമ്മൾ നമ്മോട് തന്നെ പറയണം; “ഒന്നും ഇവിടെ അവസാനിക്കുന്നില്ല”.

നമ്മൾ രചിക്കുന്ന ചരിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. അതിൽ ധനവാന്മാർക്കും അധികാരികൾക്കും രാജാക്കന്മാർക്കും പേരുകൾ ഉണ്ടാകും. ദരിദ്രരെയും അടിമകളെയും നമ്മൾ നാമരഹിതരായി ചിത്രീകരിക്കും. പക്ഷേ സുവിശേഷത്തിന്റെ യുക്തി നമ്മുടെ യുക്തിയല്ല. അവിടെ ദരിദ്രർക്ക് നാമമുണ്ട്, ധനവാന്മാർക്ക് നാമമില്ല. എന്തുകൊണ്ട് അവർക്ക് നാമമില്ല? എന്തെന്നാൽ ധനം അവരുടെ അസ്തിത്വത്തെ വിഴുങ്ങിയിരിക്കുകയാണ്. നോക്കുക, ഉപമയിലെ ദരിദ്രന്റെ പേരും ബഥാനിയായിലുള്ള യേശുവിൻറെ സുഹൃത്തിൻറെ പേരും ഒന്നുതന്നെയാണ് – ലാസർ. സാധാരണ ഉപമകളിലെ കഥാപാത്രങ്ങൾക്ക് പേരുകൾ ഉണ്ടാകാറില്ല. പക്ഷെ ഈയൊരു ഉപമയിലെ കഥാപാത്രത്തിന് പേരുണ്ട്. ഇതാണ് ഈ ഉപമയുടെ ഒരു പ്രത്യേകതയും അസാധാരണത്വവും. ഇത് സുഖകരമായ ഒരു അസാധാരണത്വമാണ്. എന്തെന്നാൽ ഈ ലാസർ എന്ന അസാധാരണമായ കഥാപാത്ര സൃഷ്ടിയിൽ യേശുവിൻറെ ഹൃദയത്തുടിപ്പുകളുണ്ട്.

ഇനി ഉപമ ഒന്ന് അടുത്തു വായിക്കാൻ ശ്രമിക്കാം. ദരിദ്രൻ മരിച്ചു. ദൈവദൂതൻമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്ക് സംവഹിച്ചു. പിന്നീട് ഒരു ദിവസം ധനികനും മരിച്ചു. പക്ഷേ അവനെക്കുറിച്ച് ഉപമ പറയുന്നത് മണ്ണിൽ അടക്കപ്പെട്ടു എന്നാണ്. എന്തുകൊണ്ടാണ് ധനവനെ ദൈവദൂതന്മാർ സംവഹിക്കാതിരുന്നത്? അവൻ ആർഭാടത്തിലും ആഘോഷത്തിലും സുഭിക്ഷതയിലും ജീവിച്ചത് കൊണ്ടാണോ? അല്ല. അവൻ ദരിദ്രനോട് കാണിച്ച നിസ്സംഗത കാരണമാണ്. ഒരു കരുണയോടുള്ള നോട്ടം, ഒരു ആർദ്രമായ വാക്ക്, ഒരു കൈ സഹായം അവൻറെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഒരു കാര്യം നമ്മൾ ഓർക്കണം. വെറുപ്പല്ല സ്നേഹത്തിന് വിപരീതമായി നിൽക്കുന്ന യാഥാർത്ഥ്യം. നിസ്സംഗതയാണ്. നിസ്സംഗതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് സഹജന്റെ സാന്നിധ്യത്തെ നമ്മുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും കണ്ണിൽ നിന്നു പോലും മായ്ച്ചു കളയും. ആ ധനവാനെ സംബന്ധിച്ച് ലാസർ എന്ന ദരിദ്രൻ തെരുവുനായ്ക്കളുടെ ഇടയിലെ ഒരു നിഴൽ മാത്രമായിരുന്നു.

ദരിദ്രൻ മുകളിലേക്ക് സംവഹിക്കപ്പെട്ടപ്പോൾ ധനികൻ താഴെ മണ്ണിൽ അടക്കപ്പെടുന്നു. സാമൂഹിക വ്യവസ്ഥിതിയുടെ വ്യത്യസ്ത ധ്രുവങ്ങളിൽ ജീവിച്ചിരുന്നവർ മരിച്ചു കഴിഞ്ഞപ്പോഴും ഇരുധ്രുവങ്ങളിലായി തിരിക്കപ്പെടുന്നു. ഉപമയിൽ അബ്രഹാം പറയുന്നുണ്ട്; “ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ വലിയൊരു ഗർത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു” (v.26). ആരാണ് ഈ ഗർത്തം സ്ഥാപിച്ചത്? ധനവാന്റെ ജീവിതശൈലിയാണ് ഇങ്ങനെയൊരു ഗർത്തം അവരുടെ ഇടയിൽ ഉണ്ടാക്കിയത്. ഒരു കാര്യം നമ്മൾ എപ്പോഴും ഓർക്കണം. വ്യവഹാരികമായ സമയത്തിൽ നിന്നാണ് നിത്യത ആരംഭിക്കുന്നത്. നമ്മുടെ ഓരോ നിമിഷത്തിലും നിത്യത ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വർഗ്ഗവും നരകവും ഇവിടെത്തന്നെയുണ്ട്. നമ്മൾ എടുക്കുന്ന തീരുമാനങ്ങളിലൂടെ നമ്മുടെ സ്വർഗ്ഗവും നരകവും നമ്മൾ തന്നെ വളർത്തി വലുതാക്കുന്നുണ്ട്. ധനവാൻ മൂന്ന് കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊരു ഗർത്തം ഉണ്ടാകുമായിരുന്നില്ല. അവന് കൺവെട്ടത്തിലുണ്ടായിരുന്ന ആ ദരിദ്രനെ ഒന്നു നോക്കാമായിരുന്നു. ഒന്നടുത്തറിയാമായിരുന്നു. ആ കരം നീട്ടി ഒന്നു സ്പർശിക്കാമായിരുന്നു. കരുണയുടെ ഈ പ്രവർത്തികൾ ചെയ്യുവാൻ ഇല്ലാതിരുന്ന സമയത്തിൽ നിന്നുമാണ് നരകം ഒരു നിത്യഅനുഭവമായി അവന്റെ ജീവിതത്തിൽ പ്രവേശിക്കുന്നത്. മനുഷ്യത്വം നഷ്ടപ്പെടുമ്പോൾ നരകത്തിന്റെ ഗർത്തങ്ങൾ തനിയെ രൂപപ്പെടും. കരുണയില്ലാതെ ഇന്നു നീ പണിയുന്ന മതിലുകളെല്ലാം നാളെ വലിയൊരു ഗർത്തമായി മാറിടും എന്ന സത്യവുമോർക്കണം നീ.

രണ്ടുകാര്യങ്ങളാണ് നരക വേദനയുടെ നടുവിലിരുന്ന് ധനവാൻ ചോദിക്കുന്നത്. ഒന്ന്, ഒരു തുള്ളി വെള്ളം (v.24). രണ്ട്, അവന്റെ സഹോദരങ്ങൾക്ക് ഈ ഗതി വരാതിരിക്കാൻ ലാസറിനെ ഭൂമിയിലേക്ക് അയക്കണം (vv.27-28). അതിന് അബ്രഹാം അവന് നൽകുന്ന ഉത്തരം ചിന്തനീയമാണ്. “മരിച്ചവരിൽ നിന്നും ഒരുവൻ ഉയിർത്താലും അവർക്ക് ബോധ്യമാവുകയില്ല” (v.31). മരണമല്ല ബോധ്യം നൽകുന്നത്, ജീവനാണ്. ജീവൻ എന്ന ഈ മഹത്തരമായ യാഥാർത്ഥ്യത്തിന്റെ മുൻപിലിരുന്ന് ദൈവത്തിന്റെയും സഹജന്റെയും സങ്കീർണതകളുടെ ചുരുളഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ മരണം എന്ന യാഥാർത്ഥ്യത്തിൽ നിന്നും നമ്മൾ എന്ത് പഠിക്കാനാണ്?

അബ്രഹാം പറയുന്നു; “അവർക്ക് മോശെയും പ്രവാചകന്മാരുമുണ്ട്” (v.29). മറ്റൊരു രീതിയിൽ പറഞ്ഞാൽ അവർക്ക് ദരിദ്രരുടെ മുറവിളിയുണ്ട്. അവരാണ് ദൈവത്തിന്റെ വാക്കുകളും ശരീര സാന്നിധ്യവും. അവരുടെ വിശപ്പിൽ ദൈവത്തിന്റെ വിശപ്പുണ്ട്. അവരുടെ മുറിവിൽ ദൈവത്തിൻറെ മുറിവുണ്ട്. അവരുടെ കണ്ണിൽ ദൈവത്തിന്റെ നോട്ടമുണ്ട്. അവരുടെ നെഞ്ചിൽ ദൈവത്തിന്റെ തുടിപ്പുണ്ട്. അവരുടെ സഹനത്തിനേക്കാൾ വലുതല്ല ഒരു ദൈവത്തിന്റെയും പ്രത്യക്ഷപ്പെട്ടാലും അത്ഭുതവും പ്രാർത്ഥനയും ഒന്നും തന്നെ. വാതിലിൽ മുട്ടുന്ന യാചകനെ അവഗണിച്ചുകൊണ്ട് ഉച്ചത്തിൽ കുടുംബ പ്രാർത്ഥന ചൊല്ലിയാൽ ഭവനം സ്വർഗ്ഗമാകുമെന്ന് വിചാരിക്കണ്ട. പടിവാതിലിൽ നിൽക്കുന്നവനിലാണ് ദൈവം.

ഒരു കാര്യം നീ ശ്രദ്ധിച്ചോ? ഈ ഉപമയിൽ ദൈവത്തെ ഒരു കഥാപാത്രമായിട്ട് ഒരു സ്ഥലത്തും കാണുവാൻ സാധിക്കുന്നില്ല. പക്ഷേ ദൈവം ഒരു അദൃശ്യ സാന്നിധ്യമായി ഉപമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അതിലുപരി ലാസർ എന്ന ദരിദ്രനിൽ ദൈവമുണ്ട്. നിന്റെ മുന്നിൽ വരുന്ന ഓരോ എളിയവനിലും ദൈവമുണ്ട്. നീ നൽകുന്ന ഓരോ വറ്റ് ചോറിന്റെയും ഓരോ തുള്ളി ദാഹജലത്തിന്റെയും കണക്കുകൾ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്ന നിത്യതയുടെ സൂക്ഷിപ്പുകാരനായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker