തെറ്റുകള്‍ തിരുത്തുവാനുളള അവസരമാണ് നോമ്പ് കാലം; ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
തെറ്റുകള്‍ തിരുത്തുവാനുളള അവസരമാണ് നോമ്പ് കാലം; ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെറ്റുകള്‍ തിരുത്തുവാനും തെറ്റുകളെപ്പറ്റി വിചിന്തനം ചെയ്യാനുമുളള നല്ല അവസരമാണ് നോമ്പ്കാലമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. അപരനോട് സ്നേഹവും അനുകമ്പയും കാണിക്കുമ്പോഴാണ് നോമ്പിന്‍റെ യഥാര്‍ത്ഥ നന്‍മ ജീവിതത്തില്‍ പ്രകാശമയമാകുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിഭൂതിബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്പ്.
നോമ്പ് ദിനങ്ങളില്‍, ഹൃദയങ്ങളില്‍ ദൈവസാനിധ്യം ശക്തിപ്പെടാനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. വിഭൂതി ബുധന്‍ ആചരണത്തോടെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ സഭയില്‍ നോമ്പുകാലത്തിന് തുടക്കം കുറിച്ചു. വിവിധ ദേവാലയങ്ങളില്‍ ഇന്ന് പുര്‍ച്ചെമുതല്‍ ദിവ്യബലികള്‍ നടന്നു. ഇടവക വികാരി മോണ്‍.വി.പി.ജോസ് ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികനായി. വിഭൂതി ബുധനില്‍ തുടങ്ങി 40 നാള്‍ നീണ്ടുനില്‍ക്കുന്ന നോമ്പാചരണമാണ് ലത്തീന്‍ സഭയില്‍ നടക്കുന്നത്.