തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി ജിയോ ബാഗുകള്‍ സ്ഥാപിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി ജിയോ ബാഗുകള്‍ സ്ഥാപിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കടലാക്രമണത്തില്‍ നിന്നും തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തിരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്നു ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടി. തീരദേശത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യവുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ തിങ്കളാഴ്ച്ച മുതല്‍ ജിയോ ബാഗ് സ്ഥാപിക്കും. ആലപ്പുഴയിലെ തീരമേഖലയിലും ഏറെ വേഗത്തില്‍ തന്നെ ജിയോ ബാഗ് സ്ഥാപിക്കല്‍ നടപടി പൂര്‍ത്തിയാക്കും. എറണാകുളം ജില്ലയിലെ തീരമേഖലയിലും ഏറെ വേഗത്തില്‍ തന്നെ ജിയോ ബാഗ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.
തീരദേശത്തെ കടലാക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. 500 കോടിയോളം രൂപയാണ് ഇതിനായി ആവശ്യമായി വരുന്നത്. ഇതിനായി പണം എങ്ങനെ കണ്ടെത്തുമെന്നുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്യും. കടല്‍ ഭിത്തി നിര്‍മാണത്തിന് കരിങ്കല്ലിന്‍റെ ലഭ്യത ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. താത്കാലികമായ നിര്‍മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തീരദേശത്തിന്‍റെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന മന്ത്രിയുടെ നിലപാട് ഏറെ ശ്ലാഘനീയമാണെന്നു ആര്‍ച്ചിബിഷ് ഡോ. സൂസപാക്യം പറഞ്ഞു. അടിയന്തിരമായും സമയബന്ധിതമായും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നു മന്ത്രി ഉദ്യോഗസഥന്‍മാര്‍ക്ക് നിര്‍ദേശം നല്കിയത് ഏറെ സഹായകരമാണ്. തീരദേശ മേഖലയെ കടലാക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനമൊരുക്കണമെന്ന ആവശ്യം മന്ത്രിക്കു മുന്നില്‍ അറിയിച്ചതായും ബിഷപ് കൂട്ടിച്ചേര്‍ത്തു. ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ആര്‍.ക്രിസ്തുദാസും ബിഷപ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
തിരുവനന്തപുരം അതിരൂപതയുടെ തീര പ്രദേശത്തും, ആലപ്പുഴ, കൊച്ചി രൂപതകളുടെ തീരപ്രദേശങ്ങളിലും അടിയന്തിരമായി ജിയോ ബാഗ് ടൂബ്, ഉപയോഗിച്ച് താല്ക്കാലിക കടല്‍ഭിത്തി പ്രതിരോധം ഉടന്‍ ചെയ്യാമെന്നും, കരിങ്കല്ല് ലഭ്യമായ ഇടങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ബിഷപ്പ് സൂസൈപാക്യം പിതാവിനും, വിവിധ രൂപതകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കി. ഒറ്റമശ്ശേരിയില്‍ മൂന്ന് ദിവസത്തിനകം കല്ല് വരുമെന്നും, അതിനായി കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ചര്‍ച്ചയില്‍ കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്ജ്, രാജു ഈരേശ്ശേരില്‍, ഡാല്‍ഫിന്‍, ആന്‍റണി ആല്‍ബര്‍ട്ട്, ഇറിഗേഷന്‍ വിഭാഗത്തിലെ വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.