തീരദേശത്തെ കടലാക്രമണ വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന അപലപനീയം; യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ്
ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ തുറന്നു കാട്ടൽ...
ജോസ് മാർട്ടിൻ
ആലപ്പുഴ: തീരദേശത്തെ കടലാക്രമണ മേഖലയിൽ നിന്ന് ജനങ്ങൾ മാറി താമസിക്കുന്നത് മാത്രമാണ് പരിഹാരമെന്ന ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ തുറന്നു കാട്ടലാണെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികളോട് കാണിക്കുന്ന ഏറ്റവും വലിയ ദ്രോഹമാണ് ‘ഏറ്റവും മികച്ച പരിഹാരം’ എന്ന രീതിയിൽ മന്ത്രി പ്രഖ്യാപിച്ച തീരത്തു നിന്നുള്ള കുടിയൊഴിപ്പിക്കലെന്ന് എം.ജെ.ഇമ്മാനുവൽ പറഞ്ഞു.
സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിൽ ടൂറിസം ലോബിയെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ്. കടൽഭിത്തി പരിഹാരമല്ല എന്ന് പറയുന്നവർ തന്നെ ടൂറിസം ലോബികൾക്ക് അനുകൂലമായ രീതിയിൽ പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമ്മിച്ചു നൽകിയത് മത്സ്യതൊഴിലാളികളോടുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ചെല്ലാനത്തിന് സമീപമുള്ള ദ്രോണാചാര്യ മോഡൽ കടൽഭിത്തി കടലാക്രമണം ചെറുക്കുമെന്നതിന്റെ തെളിവാണ്. പിന്നെ എന്തിനാണ് തീരം ഒഴിഞ്ഞു ജനങ്ങൾ പോവുന്നതാണ് പരിഹാരമെന്ന് മന്ത്രി പറഞ്ഞതെന്ന് മനസിലാവുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലാറ്റ് സമുച്ചയത്തിലേക്കുള്ള കുടിയൊഴിപ്പിക്കൽ മത്സ്യതൊഴിലാളികളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കുമെന്നും ഈ തീരുമാനത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരണമെന്നും കെ.സി.വൈ.എം. ആഹ്വാനം ചെയ്തു.