Vatican

തിരുസഭയ്ക്ക് വിശുദ്ധിയുടെ ഉത്തമ പ്രതീകങ്ങളായ ഏഴു പുതു നക്ഷത്രങ്ങൾ

തിരുസഭയ്ക്ക് വിശുദ്ധിയുടെ ഉത്തമ പ്രതീകങ്ങളായ ഏഴു പുതു നക്ഷത്രങ്ങൾ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഇന്നലെ (14/10/18) ഞായറാഴ്ച രാവിലെ, പ്രാദേശിക സമയം, 10.15 ന് സാഘോഷമായ സമൂഹ ദിവ്യബലി മദ്ധ്യേ ഫ്രാന്‍സീസ് പാപ്പാ ഏഴു വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ ഗണത്തിലെയ്ക്ക് ഔദ്യോഗികമായി ഉയർത്തി.

സഭയെ ലോകത്തിന് മുൻപിൽ തുറവിയോടെ നയിച്ച “ബഹിർമുഖ സഭയുടെ പ്രവാചകനാണ് വി. പോൾ ആറാമൻ പാപ്പാ”യെന്നും, തന്റെ ജീവന്റെ സുരക്ഷയെപ്പറ്റി ചിന്തിക്കാതെ “പാവപ്പെട്ടവരുടെയും തന്റെ വിശ്വാസ സമൂഹത്തിന്റെയും പക്ഷം ചേർന്നയാളാണ് ഓസ്ക്കര്‍ റൊമേരോയെന്നും അങ്ങനെ ലാറ്റിൻ അമേരിക്കയിലെ പാവപ്പെട്ടവരുടെ പ്രതീകമായിമാറിയ വിശുദ്ധനാണ് ഓസ്ക്കര്‍ റൊമേരോ”യെന്നും പരിശുദ്ധപിതാവ് ഓർമ്മിപ്പിച്ചു. ഈ വിശുദ്ധരെല്ലാം വ്യത്യസ്തമായ സാഹചര്യങ്ങളിൽ വചനം ജീവിച്ചവരായിരുന്നുവെന്നും, മൃദുലതയന്വേഷിക്കാതെ, കണക്കുകൂട്ടലുകളില്ലാതെ, എല്ലാറ്റിലും തീവ്രമായ പരിശ്രമങ്ങളോടെ, എല്ലാ സംരക്ഷണവലയങ്ങളെയും പിന്നിലേയ്ക്ക് മാറ്റി മുന്നോട്ട് പോയവരായിരുന്നുവെന്നും, ദൈവം നമ്മെ ഏവരെയും ഈ വിശുദ്ധരുടെ ഉത്തമ മാതൃകകൾ പിൻചെല്ലാൻ സഹായിക്കട്ടെയെന്നും ആശംസിച്ചു , പ്രാർത്ഥിച്ചു.

ഈ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മ്മത്തില്‍, മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്ന സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായിരുന്നു.

ഇന്ന് വിശുദ്ധ പദവിയിലേക്ക് പ്രവേശിച്ചവർ:

ഇറ്റലിക്കാരായ “വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ”, രൂപതാവൈദികനായിരുന്ന “വിശുദ്ധ വിന്‍ചെന്‍സൊ റൊമാനൊ”, ഏറ്റം പരിശുദ്ധ കൂദാശയുടെ ആരാധികകളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനായ രൂപതാവൈദികന്‍ “വിശുദ്ധ ഫ്രാന്‍ചെസ്കൊ സ്പിനേല്ലി”, വിശുദ്ധ കുര്‍ബ്ബാനയുടെയും പരിശുദ്ധകന്യകാമറിയത്തിന്‍റെയും പ്രത്യേക ഭക്തനും തന്നെ ബാധിച്ച മാറാരോഗത്തിന്‍റെതായ വേദനകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സാന്ത്വനവുമായി കടന്നുചെല്ലുകയും പത്തൊമ്പതാമത്തെ വയസ്സില്‍ മരണമടയുകയും ചെയ്ത യുവാവുമായിരുന്ന “നുണ്‍ത്സിയൊ സുള്‍പ്രീത്സിയൊ”യും;

എല്‍ സാല്‍വദോര്‍ സ്വദേശിയായ “വിശുദ്ധ ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ”യും;

ജര്‍മ്മനിക്കാരിയായ: യേശുക്രിസ്തുവിന്‍റെ ദരിദ്രദാസികളുടെ സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ “വിശുദ്ധ മരിയ കാതറീന്‍ കാസ്പെര്‍”;

സ്പെയിന്‍ സ്വദേശിനിയായ: സഭയുടെ സംരക്ഷകകളായ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സഭയുടെ സ്ഥാപകയായ യേശുവിന്‍റെ വിശുദ്ധ ത്രേസ്യായുടെ “വിശുദ്ധ നസറീയ ഇഗ്നാസിയ”യുമാണ് ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടവർ.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker