തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കുടുംബപ്രേഷിത ശുശ്രൂഷാ കാര്യാലയം അഭിവന്ദ്യ സൂസപാക്യം മെത്രാപൊലീത്ത ആശീർവദിച്ചു
പുതിയ കാര്യാലയത്തിൽ ലാറ്റിൻ മാട്രിമോണിയൽ (വിവാഹ മാര്യേജ് ബ്യൂറോ) ഓഫീസും, ആധുനീകരീതിയിൽ രൂപകല്പന ചെയ്ത കൗൺസിലിംഗ് സെന്ററും, വിവിധ ഫോറങ്ങളുടെ ഓഫീസുകളും

ബ്ലെസൻ മാത്യു
തിരുവനന്തപുരം: കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യം വച്ച് കാരുണ്യത്തിന്റെ അജപാലനം നടത്തുന്ന കുടുംബപ്രേഷിത ശുശ്രൂഷയുടെ അതിരൂപതാ കാര്യാലയം അഭിവന്ദ്യ സൂസപാക്യം മെത്രാപൊലീത്തയും, കാര്യാലയത്തോടൊപ്പം നിലകൊള്ളുന്ന സെന്റ്.ജിയാന്ന ഹാളിന്റെ ഉദ്ഘാടനം അതിരൂപതാ സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവും നിർവഹിച്ചു.
തുടർന്ന്, അതിരൂപതാദ്ധ്യക്ഷൻ സൂസപാക്യം പിതാവ് അദ്ധ്യക്ഷം വഹിച്ച പൊതുസമ്മേളനം പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്‌ഘാടനം ചെയ്തു. കുടുംബശുശ്രൂഷയ്ക്ക് പുതിയൊരു കാര്യാലയം പണിയുവാനായതിൽ അതിയായ സന്തോഷമുണ്ടെന്നും, സ്വന്തമായി കാര്യാലയം ലഭിക്കുന്നതിലൂടെ ശുശ്രൂഷ നടത്തികൊണ്ടിരിക്കുന്ന ‘കരുണയുടെ അജപാലനം’ കൂടുതൽ വളർന്ന് പന്തലിക്കട്ടെയെന്നും അതിരൂപതാദ്ധ്യക്ഷൻ ആശംസിച്ചു.
ലഹിരിക്കടിമപ്പെടുന്ന പുതുതലമുറയും, അതിലൂടെ സമൂഹത്തിൽ വളർന്ന് വരുന്ന ക്രിമിനൽ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ആശങ്കയായിരുന്നു പൊതുസമ്മേളം ഉദ്ഘാടനം ചെയ്ത ഡോ.ജോർജ്ജ് ഓണക്കൂർ പങ്കുവെച്ചത്. നല്ല കുടുംബങ്ങൾ രൂപപ്പെടുന്നത് വഴി സമൂഹത്തിൽ നിന്നും ലഹരിയും അക്രമവാസനയും പുറംതള്ളാൻ സാധിക്കുമെന്നും അതിന് കുടുംബശുശ്രൂഷയ്ക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
തുടർന്ന്, ഓഖിദുന്തത്തിലകപ്പെട്ട് കടലിൽ നിന്ന് തിരികെ വരികയും എന്നാൽ തുടർന്നുള്ള ജീവിതത്തിൽ തൊഴിലിന് പോകാൻ സാധിക്കാതെ വിഷമിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്കും, ഏവരാലും തിരസ്കരിക്കപ്പെട്ട് വിവിധകാരണങ്ങളാൽ ഏകസ്ഥ ജീവിതം നയിക്കുന്ന അവശർക്കുമുള്ള പെൻഷൻ വിതരണം അഭിവന്ദ്യ മെത്രാപൊലീത്ത നടത്തി. കുടുംബശുശ്രൂഷയുടെ കീഴിൽ നടത്തുന്ന് ഗവ. അംഗീകൃത കൗൺസിലിംഗ് കോഴ്സിന്റെ രണ്ടാമത് ബാച്ചിന്റെ സർട്ടിഫിക്കറ്റ് സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് പിതാവ് വിതരണം ചെയ്തു. കുടുംബശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ.രജീഷ് രാജൻ സന്നിഹിതനായിരുന്നു.
പൊതുസമ്മേളനത്തിൽ കുടുംബ ശുശ്രൂഷ ഡയറക്ടർ റവ.ഡോ.എ.ആർ.ജോൺ സ്വാഗതവും, കുടുംബശുശ്രൂഷ വോളന്റിയർ റൂബൻസ് സ്റ്റീഫൻ കൃതജ്ഞതയും അർപ്പിച്ചു. പുതിയ കാര്യാലയത്തിൽ ലാറ്റിൻ മാട്രിമോണിയൽ (വിവാഹ മാര്യേജ് ബ്യൂറോ) ഓഫീസും, ആധുനീകരീതിയിൽ രൂപകല്പന ചെയ്ത കൗൺസിലിംഗ് സെന്ററും, വിവിധ ഫോറങ്ങളുടെ ഓഫീസുകളും പ്രവർത്തിക്കും.
Life is unnite.save u’r stenth.