ഡോ. സ്റ്റീഫൻ ആലത്തറ വീണ്ടും സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ഡോ. സ്റ്റീഫൻ ആലത്തറ വീണ്ടും സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
സ്വന്തം ലേഖകൻ
ബംഗളൂരു: ഡോ. സ്റ്റീഫൻ ആലത്തറ ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡെപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി. ബംഗളൂരിൽനടന്ന സി.സി.ബി.ഐ. നിർവാഹക സമിതിയോഗമാണ് നാലുവർഷത്തേക്കു കൂടി നിയമിച്ചത്.
ഇപ്പോൾ നിർവഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷൻ സെക്രട്ടറി, ബിഷപ്സ് കോൺഫറൻസിന്റെ ഫിനാൻസ് ഓഫീസർ, ബംഗളൂരിലെ സി.സി.ബി.ഐ. ആസ്ഥാന കാര്യാലയത്തിന്റെ ഡയറക്ടർ എന്നീ തസ്തികകളിലും അദ്ദേഹം തുടരും.
വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫൻ ആലത്തറ എട്ടുവർഷം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും കെ.സി.ബി.സി.യുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സി.യുടെ ഡയറക്ടറുമായിരുന്നു.
സി.സി.ബി.ഐ.യുടെ ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറിയായി – പൂനെപേപ്പൽ സെമിനാരി പ്രഫസറും ഈശോസഭാംഗവുമായ ഡോ. ഫ്രാൻസീസ് ഗോൺസാൽവസും; അല്മായ കമ്മീഷൻ സെക്രട്ടറിയായി – ബോംബെ അതിരൂപതാംഗം ഡോ. ആന്റണി ഫെർണാണ്ടസും; കാനോൻനിയമ കമ്മീഷൻ സെക്രട്ടറിയായി – കോൽക്കത്ത അതിരൂപതാംഗവും കോൽക്കത്ത മോർണിംഗ് സ്റ്റാർ കോളജ് പ്രഫസറുമായ ഡോ. ഇരുദയരാജും നിയമിതരായി.