ഡിസംബർ – 9 ബത്‌ലഹേം എന്ന വിശുദ്ധിയുടെ കുഞ്ഞു സുവിശേഷം
ദൈവം എവിടെ ജനിക്കുന്നുവോ, എവിടെ വസിക്കുന്നുവോ അവിടെയെല്ലാം വിശുദ്ധമാക്കപ്പെടുന്നു...
ബത്‌ലഹേമെന്ന വിശുദ്ധിയുടെ “കുഞ്ഞു” സുവിശേഷത്തെ കുറിച്ച് ധ്യാനിക്കാം
വിശുദ്ധ ഗ്രന്ഥത്തിൽ സ്ഥലങ്ങൾക്ക് പൊതുവേ വളരെ പ്രാധാന്യമുള്ള അർത്ഥതലങ്ങളാണുള്ളത്. ഒരു സ്ഥലം വിശുദ്ധമാകുന്നത് ദൈവം അവിടെ വസിക്കുമ്പോഴാണ്. ദൈവസാനിധ്യമാണ് എല്ലാ മനുഷ്യരെയും, വസ്തുക്കളെയും, പ്രപഞ്ചത്തെയും വിശുദ്ധമാക്കുന്നത്. ക്രിസ്തു ജനിച്ചുവീണ ബെത്‌ലഹേം അവിടുത്തെ സാന്നിധ്യംകൊണ്ട് വിശുദ്ധമായി മാറി. വളരെ സാധാരണമായ ഗ്രാമമായിരുന്നു ബത്‌ലഹേം. എന്നാൽ, ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുവാനുള്ള സവിശേഷത ഈ ഗ്രാമത്തിനു ലഭിച്ചത് ക്രിസ്തുവിന്റെ ജനനത്തോട് കൂടിയാണ്. ദൈവം എവിടെ ജനിക്കുന്നുവോ, എവിടെ വസിക്കുന്നുവോ അവിടെയെല്ലാം വിശുദ്ധമാക്കപ്പെടുന്നു. അവ അനുഗ്രഹത്തിന്റെ ചാനലുകളായിട്ട് മാറുന്നു.
വേദപുസ്തകത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൂർവ്വപിതാക്കന്മാരുടെ ആവാസകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടനം. അവരുടെ മൃതശരീരം അടക്കം ചെയ്തിരുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. അവരെ അടക്കം ചെയ്തിരുന്നത് അവർ ആഗ്രഹിച്ച സ്ഥലങ്ങളിൽ തന്നെയായിരുന്നു. പിതാക്കന്മാരുടെ സ്ഥലം അവർക്ക് വളരെ പ്രധാനപ്പെട്ടതും പവിത്രവുമായിരുന്നു. എന്നാൽ, അബ്രഹാം തന്റെ സ്വന്തം ദേശവും, സ്ഥലവും വിട്ട് ദൈവം കാണിച്ചു തരുന്ന നാട്ടിലേക്ക് യാത്ര തിരിച്ചപ്പോൾ, അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകണം ദൈവം വസിക്കുന്നിടമാണ് വിശുദ്ധമെന്ന്.
മരുഭൂമിയിൽ യാത്ര ചെയ്ത ഇസ്രായേൽ ജനത ദൈവത്തെ കണ്ടുമുട്ടാൻ സാധിക്കാതെ വന്നപ്പോൾ, സ്വർണവും മറ്റു ലോഹങ്ങളുമുരുക്കി വിഗ്രഹമുണ്ടാക്കി ആരാധിച്ചത്, ദൈവത്തിന്റെ കോപം ആഗ്നേയ സർപ്പങ്ങളുടെ രൂപത്തിൽ അവരുടെമേൽ പതിച്ചു. ദൈവ സാന്നിധ്യം തിരിച്ചറിയാനും ദൈവത്തെ ഉൾകൊള്ളാനും കഴിയാതെ പോയതുകൊണ്ടാണ് അവർക്കത് സംഭവിച്ചത്. മരുഭൂമിയിലാണെങ്കിലും ഈ ദൈവസാന്നിധ്യമുണ്ട്. ദൈവീക സാന്നിധ്യത്തെ തിരിച്ചറിയാനാണ് അവർ വാഗ്ദത്തപേടകം വഹിച്ചു കൊണ്ടുപോയിരുന്നത്. അതിലുണ്ടായിരുന്ന ദൈവം നൽകിയ 10 കല്പനകളും, മരുഭൂമിയിൽ ദൈവം വർഷിച്ച മന്നയുമൊക്കെ ദൈവസാന്നിധ്യത്തിന്റെ, ദൈവാനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് ഇസ്രായേൽ ജനത കണ്ടത്. അവർ പോയ സ്ഥലമെല്ലാം വിശുദ്ധമായി മാറിയത് ദൈവത്തിന്റെ ഈ സാന്നിധ്യമുള്ളതുകൊണ്ടാണ്. ദൈവത്തെ അവർ വഹിച്ചതു കൊണ്ടാണ് അവർക്ക് ശക്തി ലഭിച്ചത്. എപ്പോഴെല്ലാം ആ വിശ്വാസം നഷ്ടപ്പെട്ടോ അപ്പോഴെല്ലാം അവർ ശത്രുക്കളുടെ കരങ്ങളിൽ അകപ്പെട്ടുവെന്ന് നാം പഴയനിയമ പുസ്തകത്തിൽ വായിക്കുന്നുണ്ട്.
എല്ലാ പ്രവചനങ്ങളുടെയും പൂർത്തീകരണമായ ക്രിസ്തു ബത്‌ലഹേമിൽ പിറക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ‘എവിടെയാണ് ഉണ്ണി പിറക്കുന്നത്?’ എന്നന്വേഷിച്ചു വന്ന ജ്ഞാനികൾ പോലും രാജകൊട്ടാരത്തിലേക്കാണ് കടന്നുചെന്നത്. ദൈവം കൊട്ടാരത്തിൽ വസിക്കുന്നുവെന്ന് അവർ ചിന്തിച്ചു. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. ഏറ്റവും താഴ്ന്ന നിലയിൽ, ആരാലും ശ്രദ്ധിക്കപ്പെടാത്ത, നിഷ്കളങ്കരായ പാവപ്പെട്ട ജനങ്ങൾ വസിക്കുന്ന ബെത്‌ലഹേം ഗ്രാമത്തിലാണ് ക്രിസ്തു ജനിച്ചത്. അങ്ങനെയാണ് ബെത്‌ലഹേം വിശുദ്ധ നഗരിയായത്.
നമ്മളിന്ന് വലിയ കെട്ടിടങ്ങളും ഫാക്ടറികളും മറ്റും കൊണ്ടു നഗരങ്ങൾ നിറയ്ക്കുമ്പോൾ, അവിടെ നമുക്ക് ദൈവത്തെ ദർശിക്കാൻ സാധിച്ചില്ലെങ്കിൽ അവയെല്ലാം വെറും അഴുക്കുചാലുകൾക്ക് സമമായിരിക്കും ദൈവത്തിന്റെ ദൃഷ്ടിയിൽ. എന്നാൽ എപ്പോഴാണോ ദൈവത്തെ പ്രതിഷ്ഠിക്കുന്നത് അപ്പോൾമുതൽ ആ സ്ഥലം വിശുദ്ധമാകുന്നു, പവിത്രമാകുന്നു.
ബെത്‌ലഹേം എന്ന ഗ്രാമത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാം. അപ്രകാരം നമ്മുടെ വീടുകളും, ജോലി സ്ഥലങ്ങളും, നമ്മുടെ ജീവിതങ്ങളും ക്രിസ്തുവിനു പിറന്നു വീഴാനായുള്ള ബെത്‌ലഹേമാക്കി മാറ്റാം. ബെത്‌ലഹേം “അപ്പത്തിന്റെ ഭവന”മായിട്ട് മാറിയത് പോലെ, അപ്പം മനുഷ്യന് ജീവനായി മാറുന്നതുപോലെ, ക്രിസ്തുവിനെ ദിവ്യകാരുണ്യത്തിലൂടെ സ്വീകരിക്കുന്ന എല്ലാ മനുഷ്യർക്കും അപ്രകാരം വസിക്കുവാൻ സാധിക്കും. നമ്മുടെ ഹൃദയങ്ങൾ ദിവ്യകാരുണ്യത്താൽ നിറയുമ്പോൾ നമ്മുടെ ശരീരവും, ജീവിതവും, കുടുംബവും, നാം പോകുന്നിടമെല്ലാം ബെത്‌ലഹേമായിട്ട് രൂപാന്തരപ്പെടുകയാണ്. ഈ ആഗമന കാലത്ത്, നമുക്കെല്ലാവർക്കും നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിതങ്ങളും ദൈവ ഭവനങ്ങളായി മാറുവാൻ, ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് ജീവിക്കാം; അതിനായി നമുക്ക് ബെത്‌ലഹേമിലേക്ക് യാത്രയാവാം.
മിക്ക 5:2 നമുക്ക് മനഃപ്പാഠമാക്കാം: ബെത്‌ലഹേം – എഫ്രാത്ത, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടതവൻ എനിക്കായി നിന്നിൽ നിന്നും പുറപ്പെടും; അവൻ പണ്ടേ യുഗങ്ങൾക്കു മുൻപേ ഉള്ളവനാണ്.