Daily Reflection

ഡിസംബർ 5 – വിശുദ്ധ ഔസേപ്പ് പിതാവ്: പാറമേൽ ഭവനം പണിതവൻ

സത്യസന്ധതയിൽ ചരിക്കുന്ന നീതിമാന്റെ പിൻതലമുറകൾ അനുഗ്രഹിക്കപ്പെട്ടതാണ്...

ഇന്ന് വിശുദ്ധ ഔസേപ്പ് പിതാവിനെക്കുറിച്ച് ധ്യാനിക്കാം

ഏറ്റവും ശക്തവും ബലിഷ്ഠമായ പ്രകൃതി സമ്പത്താണ് പാറകൾ. ഒരു ഭവനത്തിന്റെ കെട്ടുറപ്പ് അത് നിർമ്മിച്ചിരിക്കുന്ന അടിസ്ഥാനശിലകളുടെ ബലത്തെ ആശ്രയിച്ചാണിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കത്തിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും വീടിനെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ ജീവനുതന്നെ സംരക്ഷണം നൽകാൻ ശക്തമായ അടിത്തറയുള്ള ഭവനത്തിനു കഴിയുന്നു. ഇപ്രകാരം ആഴത്തിൽ കുഴിച്ച്, അതിശക്തമായ പാറമേലിൽ അടിസ്ഥാനമിട്ട് “തിരുകുടുംബം” പണിതവനാണ് വിശുദ്ധ ഔസേപ്പ് പിതാവ്. വിശുദ്ധ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നതുപോലെ, അചഞ്ചലമായ ദൈവവിശ്വാസത്തിലാണ് ഔസേപ്പ് തന്റെ കുടുംബം എന്ന വസതി ഒരുക്കിയത്.

ദൈവപരിപാലനയിൽ വിശ്വസിക്കുകയും, ദൈവീക പദ്ധതികളെ അനുസരിക്കുകയും ചെയ്ത ദാവീദിന്റെ വംശത്തിൽപ്പെട്ട നസ്രത്തിലെ തച്ചനായ ഔസേപ്പ് തന്റെ പൂർവപിതാക്കന്മാരുടെ പാത പിന്തുടർന്നു. ദൈവം തന്റെ സ്വപ്നമായ തിരുകുടുംബമെന്ന ഭവനം നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചതും ദൈവഹിതത്തിനു പ്രാണവായുവിന്റെ പ്രാധാന്യം നൽകിയിരുന്ന ഈ തച്ചനെയാണ്. മഹനീയമായ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിന്, പല ആപത്ഘട്ടങ്ങളും, മാനസിക സംഘർഷങ്ങളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. ചുരുക്കത്തിൽ, “നീതിമാൻ തന്റെ വിശ്വാസം മൂലം ജീവിക്കും”, എന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലൻ തന്റെ ലേഖനത്തിൽ (റോമാ. 1:17) പ്രഖ്യാപിക്കുന്നത്, നീതിമാനായ ഔസേപ്പിനു നന്നേ ചേരും.

ജീവിതസഖിയായി സ്വപ്നം കണ്ടിരുന്ന മറിയമെന്ന പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ, ഏതൊരു പുരുഷനെയും പോലെ അദ്ദേഹവും കഠിനവേദന അനുഭവിച്ചിരിക്കാം. മനോവ്യഥയാൽ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കാം. സമൂഹത്തിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന മാനഹാനിയോർത്ത് അദ്ദേഹത്തിന്റെ ഹൃദയം തകർന്നിരിക്കാം. അതിനേക്കാൾ ഉപരിയായി, മറിയത്തിന് നേരിടേണ്ടിവരുന്ന അത്യാപത്തിനെക്കുറിച്ചായിരിക്കും അദ്ദേഹം ഏറെ വിഷമിച്ചത്. അവിശ്വസ്തരായ സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാൻ നിയമമുള്ള യഹൂദർക്ക് അവളെ വലിച്ചെറിഞ്ഞു കൊടുക്കുവാൻ ഔസേപ്പിന്റെ കരുണ തുളുമ്പുന്ന “നീതിബോധ”ത്തിന് കഴിയില്ലായിരുന്നു. രഹസ്യമായി മറിയത്തെ ഉപേക്ഷിക്കുവാൻ തീരുമാനിച്ചുകൊണ്ട് ഉറങ്ങിപ്പോയ ആ യുവാവിന് സ്വപ്നത്തിൽ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു. മാലാഖ വെളിപ്പെടുത്തിയ ദൈവീക പദ്ധതി മനസ്സിലാക്കിയ അദ്ദേഹം, അത് സ്വന്തം ജീവൻ ത്യജിച്ചും, താപസനായി ജീവിച്ചും, ദൈവഹിതം നിറവേറ്റാനായി അദ്ദേഹം തുനിഞ്ഞിറങ്ങി.

ദൈവഹിതത്തിന്റെ പൂർത്തീകരണത്തിനായി ഔസേപ്പ്, മറിയത്തെ വിവാഹം കഴിച്ചു. പിറക്കാൻ പോകുന്ന രക്ഷകനെ ആദ്യമായി കൈകളിൽ വഹിക്കുന്ന ഭാഗ്യമോർത്ത്, മറിയത്ത സംരക്ഷിക്കുന്നത് സൗഭാഗ്യമായിട്ടായിരിക്കാം ഔസേപ്പ് കണ്ടത്. കൃപ നിറഞ്ഞിരുന്ന രണ്ടുപേരും പരസ്പരം സ്നേഹിച്ചും ആദരിച്ചും ജീവിതം മുന്നോട്ടു നയിച്ചു. വിശ്വാസത്തിലും, ദൈവഭക്തിയിലും, വിശുദ്ധിയിലും അവർ ഉറച്ചു നിന്നു. വിനയത്തോടുകൂടി നന്മ ചെയ്തുകൊണ്ട് മറിയം തന്റെ ഭർത്താവിനെ പരിപാലിച്ചു. ദൈവത്തിൽ പൂർണ്ണമായി സമർപ്പിച്ചു ജീവിച്ച ഇവരെ നമുക്കും അനുകരിക്കാം. അനാവശ്യമായ സംശയങ്ങളും, അവിശ്വസ്തതയും കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന ഈ കാലഘട്ടത്തിൽ, ഔസേപ്പിതാവിന്റെയും മാതാവിന്റെയും ദൈവാശ്രയബോധം ക്രൈസ്തവ കുടുംബങ്ങൾക്ക് വഴികാട്ടിയാവട്ടെ.

ജീവിത സഖിയുടെ പ്രസവ സമയമടുത്തപ്പോൾ അതിനായി സ്ഥലം അന്വേഷിച്ചു നടന്ന ഒരു ഭർത്താവിന്റെ ഹൃദയഭേദകമായ വേദന, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടുപോയതിന്റെ ആകുലത…! ഈ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സിൽ കൂടി കടന്നുപോയത് എന്തായിരിക്കും? അനിർവചനീയമായ ഈ നിമിഷങ്ങളിൽ കർത്താവിന്റെ കരുതലിലുള്ള പൂർണ്ണ വിശ്വാസമായിരിക്കും അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.

കാലിത്തൊഴുത്തിൽ പിറന്നുവീണ ശിശുവിനെ കൈയിലെടുത്തു താലോലിച്ചപ്പോൾ, എല്ലാ പ്രതിസന്ധികളും കഴിഞ്ഞതിനെയോർത്ത് അദ്ദേഹം ആശ്വസിച്ചിരുന്നിരിക്കാം. എന്നാൽ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുന്നതിനായി, ആ രാത്രിയിൽ തന്നെ പാലായനം ചെയ്യേണ്ടി വന്നപ്പോഴും അദ്ദേഹം പതറിയില്ല. ധൈര്യത്തോടെ ദൈവ സംരക്ഷണയിൽ വിശ്വസിച്ചുകൊണ്ട് ദൈവഹിതം നിറവേറ്റാനായി യാത്രതിരിച്ചു. നമ്മുടെ ജീവിത വീഥികളിലും നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാൽ പലപ്പോഴും പരാജയപ്പെട്ടു പോകുന്ന വ്യക്തികളെ നമുക്ക് കാണാൻ കഴിയും. “വിശ്വാസം” എന്ന പാറമേൽ നിലയുറപ്പിച്ചാൽ ഔസേപ്പിനെപോലെ പ്രതിസന്ധി നിറഞ്ഞ നമ്മുടെ ജീവിത യാത്രകളും പ്രതീക്ഷാ സമ്പൂർണ്ണമാകും.

വിശ്വാസത്തിന്റെ പേരിൽ, കുടുംബത്തിന് വേണ്ടി സ്വയം ശൂന്യമാകുന്ന കുടുംബനാഥനെയാണ് വിശുദ്ധ ഗ്രന്ഥം വി.ഔസേപ്പിലൂടെ വരച്ചുകാട്ടുന്നത്. ദൈവേഷ്ടം നിറവേറ്റാൻ വേണ്ടി സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും ത്യജിക്കുന്ന ഒരു ഭർത്താവിനെയാണ് അദ്ദേഹത്തിൽ ദർശിക്കാൻ കഴിയുക. മറിയം നിത്യകന്യകയായി വാഴണമെന്നും അദ്ദേഹം ശഠിച്ചു. സ്വന്തമല്ലെന്നറിഞ്ഞിട്ടും, സ്വന്തം മകനെപ്പോലെ വളർത്തുന്ന ഒരു പിതാവ്. ഉണ്ണിയേശുവിനെ വാത്സല്യത്തോടെ ലാളിക്കാൻ കിട്ടിയ ഓരോ നിമിഷവും സ്നേഹത്തോടെ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ടാകണം. ദൈവത്തിന് സ്വന്തമായ രണ്ടു പേർക്കു വേണ്ടി അഹോരാത്രം തച്ചന്റെ പണിയെടുക്കുന്ന ഒരു ഗൃഹനാഥൻ. ഇവരെ സംരക്ഷിക്കുക മാത്രമാണ് തന്റെ ദൗത്യമെന്ന ബോധ്യത്തിൽ ജീവിച്ച അദ്ദേഹം, നീതിയോടും സത്യസന്ധതയോടും അത് നിറവേറ്റി, ദൈവത്തിന്റെ വിശ്വസ്തൻ…!

ദൈവത്തെ ചോദ്യം ചെയ്യാതെ, വിശ്വസ്തതയോടെ തന്റെ കുടുംബത്തിനുവേണ്ടി നിശബ്ദതയിൽ ഉരുകി തീർന്ന ഈ മനുഷ്യാത്മാവ് ഇന്നും നമുക്കൊരു വിസ്മയമാണ്. പാറയാകുന്ന കർത്താവിൽ, വിശുദ്ധ ഔസേപ്പിതാവ് പണിതുയർത്തിയ ഭവനം, “തിരുക്കുടുംബ”മായി ക്രൈസ്തവരുടെ ഹൃദയത്തിൽ തിളങ്ങുന്നു. എന്നാൽ, ഭൂമിയിൽ ത്യജിച്ചതിന്റെ പ്രതിഫലം അദ്ദേഹം നേടിയത് തന്റെ സ്വർഗ്ഗീയ പിതാവിനോട് ചേർന്നപ്പോഴാണ്. ആഗോള കത്തോലിക്കാ സഭയുടെ സംരക്ഷകനായും, നന്മരണത്തിന്റെയും തൊഴിലാളികളുടെയും മധ്യസ്ഥനായും അദ്ദേഹം അറിയപ്പെടുന്നു.

ഈ ആഗമനകാലത്തിൽ നമുക്കും ഉണ്ണിയേശുവിനെ സ്നേഹിച്ചുകൊണ്ട് നമ്മോടൊപ്പം വസിക്കുന്നതിനായി വിശുദ്ധ യൗസേപ്പിനെപ്പോലെ ഹൃദയത്തിലൊരു പുൽക്കൂട് തയ്യാറാക്കാം. പാറയാകുന്ന കർത്താവിൽ ഭവനം പണിതുകൊണ്ട് നമ്മുടെ കുടുംബങ്ങളെയും ഒരു തിരുക്കുടുംബമായി മാറ്റാൻ നമുക്ക് പരിശീലിക്കാം.

സുഭാ 20:7 നമുക്കു മനഃപ്പാഠമാക്കാം: സത്യസന്ധതയിൽ ചരിക്കുന്ന നീതിമാന്റെ പിൻതലമുറകൾ അനുഗ്രഹിക്കപ്പെട്ടതാണ്.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker