“ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:25-30)
നമ്മുടെ പ്രഘോഷണങ്ങളിൽ, കൂട്ടായ്മകളിൽ, മതബോധനങ്ങളിൽ ക്രിസ്തു ഒരു ആഖ്യാനമാകുമ്പോൾ അവിടെ നിറഞ്ഞു കവിയേണ്ടത് അവൻ എന്ന ആർദ്രതയാകണം...
തിരുഹൃദയ തിരുനാൾ
“സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു…” ഉള്ളിൽ ആഹ്ലാദം അലതല്ലുമ്പോൾ ഉണ്ടാകാവുന്ന ഒരു പ്രാർത്ഥന മന്ത്രമാണിത്. പക്ഷേ യേശു ഇത് ഉരുവിടുന്നത് ഒരു നൊമ്പരത്തിന്റെ പശ്ചാത്തലത്തിലാണ്. താൻ ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങൾ മാനസാന്തരപ്പെടാത്തതിനാൽ സങ്കടപ്പെടുന്ന യേശുവിന്റെ ചിത്രം ഈ പ്രാർത്ഥനയുടെ ആഖ്യാന പശ്ചാത്തലമായുണ്ട് (vv. 20-24). മതാധികാരികൾ അവനോട് മറുതലിച്ചു നിൽക്കുന്നു. തീരദേശ പട്ടണങ്ങളായ ബെത്സയ്ദാ, കൊറാസിൻ, കഫർണാം എന്നിവ അവന്റെ വാക്കുകൾ ശ്രവിക്കുന്നില്ല. അവന്റെ തലമുറ ചന്ത സ്ഥലത്തിരിക്കുന്ന കുട്ടികളെ പോലെയായിരിക്കുന്നു (v.16). അവനോടു തർക്കിക്കാൻ വന്നിരുന്ന പണ്ഡിതരും വിവേകശാലികളും ജ്ഞാനികളും ആരും തന്നെയില്ല. ചുറ്റും ഇപ്പോൾ ശൂന്യമാണ്. പക്ഷെ, ദരിദ്രരും രോഗികളും വിധവകളും കുഞ്ഞുങ്ങളും അവനോടു ചേർന്ന് നിൽക്കുന്നുണ്ട്. ഉള്ളിൽ ആർദ്രതയുള്ള അവർ അവനെ മുട്ടിയുരുമ്മി നിൽക്കുന്നു. അപ്പോഴവൻ ഉദ്ഘോഷിക്കുന്നു, “പിതാവേ നിന്നെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, എളിയവർ നിന്നെ മനസ്സിലാക്കിയിരിക്കുന്നു”.
ചരിത്രത്തിന്റെ അദൃശ്യമായ തൂണുകളാണ് നിസ്വർ. നമ്മൾ കരുതുന്നത് ലോകചരിത്രത്തിന്റെ ചക്രം തിരിക്കുന്നത് ശക്തരാണെന്നാണ്. പക്ഷേ, അല്ല. അദൃശ്യരായ സാധുക്കളിലാണ് അതിന്റെ ചുക്കാൻ ഇരിക്കുന്നത്. അതുകൊണ്ടാണ് ദൈവത്തിന് എന്നും ദരിദ്രരോട് പക്ഷപാതമുള്ളത്. അതുകൊണ്ടാണ് പിന്നിൽ നിൽക്കുന്നവരിൽ നിന്നും തുടങ്ങുക എന്ന ദൈവത്തിന്റെ യുക്തി യേശു തന്റെ ഉദ്ഘോഷണത്തിൽ നിറയ്ക്കുന്നത്. ജീവിതംകൊണ്ട് മുറിവേറ്റവരെ അവൻ തന്നിലേക്ക് ചേർത്തു നിർത്തുന്നു. കാരണം എളിയവരോട് ചേർന്ന് നിൽക്കുകയും അവശഹൃദയങ്ങൾക്ക് സ്നേഹത്തിന്റെ അപ്പം നൽകുകയും ചെയ്യുന്നവനാണ് അവന്റെ പിതാവ്. അതുകൊണ്ട് ആ പിതാവിന്റെ ഭാഷയെ അവനും അറിയൂ. അത് സ്നേഹത്തിന്റെ ഭാഷയാണ്. എല്ലാവരും കേൾക്കാൻ കൊതിക്കുന്ന ഭാഷ. പെന്തക്കോസ്ത നാളിൽ ശിഷ്യർക്ക് ലഭിച്ചതും ഈ ഭാഷ തന്നെയായിരുന്നു. ഈ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്; ഹൃദയനൈർമ്മല്യമുള്ള ആർക്കും മനസിലാകും. കാലം മാറ്റം വരുത്താത്ത ഏക ഭാഷയും ഇതുതന്നെയാണ്.
“യേശു ഉദ്ഘോഷിച്ചു” എന്ന് രേഖപ്പെടുത്തിയാണ് മലയാളം ബൈബിളിൽ ഇരുപത്തിയഞ്ചാമത്തെ വാക്യം തുടങ്ങുന്നത്. പക്ഷേ ഗ്രീക്ക് ബൈബിളിൽ “അപ്പോൾ യേശു മറുപടി പറഞ്ഞു” (Ἐν ἐκείνῳ τῷ καιρῷ ἀποκριθεὶς ὁ Ἰησοῦς εἶπεν) എന്നാണുള്ളത്. ഇത് വളരെ ചിന്തനീയമാണ്. തന്നെ അംഗീകരിക്കാത്തവരെ കുറിച്ച് വ്യാകുലപ്പെട്ടതിനുശേഷം അവൻ പിന്നീട് സംസാരിക്കുന്നത് പിതാവിനോടാണ്. കൃതജ്ഞതയുടെ ഭാവമാണ് അവനിലുള്ളത്. തോറ്റു പോയി എന്നു കരുതുന്ന ഇടത്തിലും നന്ദിയോടെ സ്വർഗത്തിലേക്കു നോക്കുവാൻ സാധിക്കുന്ന ഒരു ഹൃദയം. അതാണ് ക്രിസ്തുവിന്റെ തനിമയും ലാവണ്യവും. തന്നെ അംഗീകരിക്കാത്ത ഒരു ജനതയെ കുറിച്ചുള്ള ആകുലതയിൽ നിന്നും ആത്മീയ ആനന്ദത്തിലേക്കുള്ള യേശുവിന്റെ ചുവടുമാറ്റം സുവിശേഷകൻ വരികളുടെയിടയിൽ സുന്ദരമായി തിരുകികയറ്റിയിട്ടുണ്ട്. വ്യർത്ഥമായ പ്രയത്നങ്ങളുടെ നൊമ്പരത്തിനുള്ളിലും യേശു തന്റെ പിതാവിന് നന്ദിയർപ്പിക്കുന്നതിനു സമയം കണ്ടെത്തുന്നു. മാത്രമല്ല, ആ കൃതജ്ഞതയുടെ എളിമയിലേക്ക് അദ്ധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും വിളിക്കുന്നു.
“ക്ലേശിതരെ, നിങ്ങൾ എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം”. ഇതൊരു ആശയസംഹിതയല്ല. പുതിയൊരു ധാർമികതയുമല്ല. ആശ്വാസമാണ്. ആശ്വാസമായി മാറുന്ന ക്രിസ്തുവിന്റെ ചിത്രം നമുക്കും ഒരു പാഠമാണ്. ക്രിസ്തു സമം ആശ്വാസം എന്ന ചിന്ത നമുക്കുമുണ്ടാകണം. നമ്മുടെ പ്രഘോഷണങ്ങളിൽ, കൂട്ടായ്മകളിൽ, മതബോധനങ്ങളിൽ ക്രിസ്തു ഒരു ആഖ്യാനമാകുമ്പോൾ അവിടെ നിറഞ്ഞു കവിയേണ്ടത് അവൻ എന്ന ആർദ്രതയാകണം. അല്ലാത്ത കാലത്തോളം ക്രിസ്തു കേന്ദ്രീകൃതമായ വാക്കുകളും പ്രവർത്തികളുമെന്നു നമ്മൾ കരുതുന്ന പലതും പ്രഹസനങ്ങളാകുകയേയുള്ളൂ. ഓർക്കുക, കല്ലറകളിൽ ഒതുങ്ങേണ്ടതല്ല മനുഷ്യന്റെ ആഴമായ ചോദനകളൊന്നും തന്നെ. അവയെല്ലാം ദൈവീക ലാവണ്യത്തിൽ അലിഞ്ഞു ചേരേണ്ടവയാണ്. ആ സൗന്ദര്യത്തിലേക്കായിരിക്കണം നമ്മുടെ പ്രഘോഷണങ്ങൾ ഒരു വഴികാട്ടിയാകേണ്ടത്.
യേശുവിനെ അറിയുക എന്നാൽ ജീവന ഗുരുകുലത്തിലെ അർത്ഥിയാകുക എന്നതാണ്. അതുകൊണ്ടുതന്നെ “എന്നിൽ നിന്നും പഠിക്കുക” എന്ന അവന്റെ ക്ഷണത്തിന് ഹൃദയാഴത്തിനോളമുള്ള മൂല്യമുണ്ട്. അവന്റെ ഹൃദയത്തെ പോലെ നൈർമ്മല്യമുണ്ടാകുക, അവൻ സ്നേഹിച്ചതുപോലെ സ്നേഹിക്കുക, അവന്റെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും സ്വീകരിക്കുക തുടങ്ങിയ അർഥതലങ്ങളുണ്ട് അവന്റെ ക്ഷണത്തിൽ. റൂമി പറയുന്നതുപോലെ ഹൃദയമാണ് ഗുരു. ഒരു നിമിഷം നീയൊന്ന് അതിനെ ശ്രവിച്ചാൽ ജ്ഞാനികളെയും വിവേകികളെയും നിനക്കും പഠിപ്പിക്കാം. അതെ, തിരുഹൃദയത്തിലേക്ക് ഒന്ന് ചേർന്നിരുന്നാൽ മതി. അന്ത്യ അത്താഴവേളയിൽ യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ അവന്റെ മാറിടത്തിൽ ചേർന്നിരുന്നത് പോലെ. ആ ഹൃദയസ്പന്ദനം നൽകുന്ന ആർദ്രതയെക്കാളും ജ്ഞാനത്തേക്കാളും വലിയതൊന്നും ഒരു പുസ്തകത്തിന്റെ ഏടുകളിൽ നിന്നും കിട്ടില്ല.
മാധുര്യമേറുന്ന സംഗീതം തീരുന്നത് പോലെയാണ് ഇന്നത്തെ സുവിശേഷ ഭാഗം അവസാനിക്കുന്നത്. ” എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (v.30). ബൈബിൾ ഭാഷ്യമനുസരിച്ച് നുകം നിയമത്തെയാണ് സൂചിപ്പിക്കുന്നത്. സ്നേഹമാണ് യേശുവിന്റെ നിയമം. ആ നിയമം വഹിക്കാനെളുപ്പമാണ്. ഭാരം കുറവുമാണ്. ഒരു കുഞ്ഞു ഹൃദയത്തിനു പോലും മുറിപ്പാടുകൾ നൽകാത്ത നിയമമാണത്. ജീവനും ആനന്ദത്തിനും എതിരായി നിൽക്കാത്ത നിയമം. നന്മകൾ കൈമാറുന്നതിനും പരിചരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എന്നും മുന്നിൽ നിൽക്കുന്ന നിയമം. ആ നുകമാകണം നമ്മൾ ഓരോരുത്തരും വഹിക്കേണ്ടത്. ആ ചുമട് ആയിരിക്കണം നമുക്കുണ്ടാകേണ്ട ഏക മാറാപ്പ്. അപ്പോൾ ചോദിക്കാം എന്താണ് സ്നേഹമെന്ന്. നമ്മുടെ ജീവവായുവാണ് സ്നേഹം. ഈ ജീവിതം നിന്നു പോകാതെ മുന്നോട്ടു കൊണ്ടു പോകുന്ന ഏക ജീവത്വരകം.