ഞായറാഴ്ച നിയന്ത്രണങ്ങളിൽ ദേവാലയങ്ങൾക്ക് ഇളവ് അനുവദിക്കണം; കെ.സി.വൈ.എം. വിജയപുരം രൂപത
അശാസ്ത്രീയ നിയന്ത്രണം പിൻവലിച്ച് ഉചിതമായ നിയന്ത്രണങ്ങളോടെ ദേവാലയങ്ങൾ തുറക്കാനും അനുവദിക്കണമെന്ന് കെ.സി.വൈ.എം...
ജോസ് സെബാസ്റ്റ്യൻ
കോട്ടയം: മദ്യശാലകൾ ഉൾപ്പെടെ വിവിധ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവാദം നൽക്കുന്ന അശാസ്ത്രീയ നിയന്ത്രണം പിൻവലിച്ച് ഉചിതമായ നിയന്ത്രണങ്ങളോടെ ദേവാലയങ്ങൾ തുറക്കാനും അനുവദിക്കണമെന്ന് വിജയപുരം രൂപതാ കെ.സി.വൈ.എം. മദ്യശാലകൾ ഉപയോഗിക്കുന്ന ജനവിഭാഗത്തെക്കാളും അധികം പേർക്ക് മതാനുഷ്ഠാനം ജീവിതത്തിന്റെ പ്രധാനപ്പെട്ട ആവശ്യം തന്നെയാണെന്നത് അവഗണിക്കാനാവാത്ത യാഥാർഥ്യമാണെന്നും വിജയപുരം രൂപതാ കെ.സി.വൈ.എം. സമിതി പറഞ്ഞു.
കൊറോണ വർധിച്ചു വരുന്ന സാഹചര്യത്തിൽ എന്തെങ്കിലും നടപടി എടുക്കുക എന്നതിനെക്കാളും യുക്തിസഹവും പ്രായോഗികമായി ഗുണപരവുമായ നടപടി സ്വീകരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കെ.സി.വൈ.എം. വിജയപുരം രൂപത ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ജോസ് വർക്കി, ജനറൽ സെക്രട്ടറി സുബിൻ കെ.സണ്ണി, സമിതി അംഗളായ മരിയൻ ആന്റണി, ശീതൾ ജോണി, ജോസ് സെബാസ്റ്റ്യൻ, സോനാ മൈക്കിൾ, നിർമ്മൽ സ്റ്റാൻലി, ഡയറക്ടർ ഫാ.ജോൺ വിയാന്നി, അസോ.ഡയറക്ടർ ഫാ.അഗസ്റ്റിൻ ആസിർ, ആനിമേറ്റർ സിസ്റ്റർ റാണി എന്നിവർ സംസാരിച്ചു.