“ഞങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ പഠിച്ചത് ശത്രുവിനെ സ്‌നേഹിക്കാനാണ്” സുകുമാര കുറുപ്പിനോട് ക്ഷമിച്ചെന്ന് ചാക്കോയുടെ ഭാര്യ
"ഞങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ പഠിച്ചത് ശത്രുവിനെ സ്‌നേഹിക്കാനാണ്" സുകുമാര കുറുപ്പിനോട് ക്ഷമിച്ചെന്ന് ചാക്കോയുടെ ഭാര്യ
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: ‘ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല, എങ്കിലും ചാക്കോയെ ഇല്ലാതാക്കിയതിൽ സുകുമാരക്കുറുപ്പിനോടും മറ്റെല്ലാ പ്രതികളോടും ഞങ്ങൾ ക്ഷമിക്കുന്നു, അതാണു ദൈവം ഞങ്ങൾക്കു കാണിച്ചുതന്ന വഴി…’ മുപ്പത്തിനാലു വർഷം മുൻപു തന്റെ ജീവിതം തകർക്കാൻ സുകുമാരക്കുറുപ്പിനു കൂട്ടുനിന്ന ഭാസ്കരൻപിള്ളയോടു ശാന്തമ്മ ചാക്കോ പറഞ്ഞു.
മൂന്നരപ്പതിറ്റാണ്ട് ഉള്ളിൽ ഭാരമായി നിന്ന മഞ്ഞുമല ഉരുകി വരുന്നതുപോലെ ഭാസ്കരൻപിള്ളയുടെ കണ്ണിൽ ഒരുതുള്ളി നീർ തിളങ്ങി. ‘വരുംവരാഴികൾ അറിയാത്ത കാലത്തു ചെയ്തുപോയതാണ്…’ പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല ഭാസ്കരൻപിള്ളയ്ക്ക്. ചെയ്ത ക്രൂരതയോടു ക്ഷമിച്ചു ഭാസ്കരൻപിള്ളയ്ക്കു കൈകൊടുത്ത്, ‘നിങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കും’ എന്നു ശാന്തമ്മ ഉറപ്പു നൽകി.
‘ഞങ്ങൾ പ്രാർഥനയിലൂടെ പഠിച്ചത് ശത്രുവിനെ സ്നേഹിക്കാനാണ്, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല…’ ബൈബിൾ വാക്യങ്ങളിൽ നിന്നു കണ്ടെത്തിയ ക്ഷമയുടെ മാർഗം ചാക്കോയുടെ സഹോദരങ്ങളായ ജോൺസൺ, ആന്റണി, ജോസി എന്നിവർ ഭാസ്കരൻപിള്ളയോട് ആവർത്തിച്ചുപറഞ്ഞു.
മാധ്യമപ്രവർത്തകനായ കുര്യാക്കോസ് മുഖേന വീട്ടിലെത്തിയ യു.കെ. കേന്ദ്രമായ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കലിനോടാണു ശാന്തമ്മ ചാക്കോ, സുകുമാരക്കുറുപ്പിനോടും മറ്റു പ്രതികളോടും ക്ഷമിക്കാനും അവരെ നേരിൽക്കാണാനുമുള്ള ആഗ്രഹം അറിയിച്ചത്.
കോൺഗ്രസ് നേതാവ് എബി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നേതാവ് റ്റി.റ്റി. പാറയിൽ എന്നിവരിലൂടെ വിവരം രണ്ടാം പ്രതിയും സുകുമാരക്കുറുപ്പിന്റെ അടുത്തബന്ധുവുമായ ഭാസ്കരൻപിള്ളയെ അറിയിച്ചു. ഇന്നലെ, ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിനു സമീപം ഇരുകൂട്ടർക്കും തമ്മിൽ കണ്ടു സംസാരിക്കാൻ ഫാ.ജോർജ് പനയ്ക്കൽ അവസരമൊരുക്കി.
‘ചേട്ടനു വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നുണ്ട്, ഒരു വിധ ദേഷ്യമോ വിദ്വേഷമോ പരിഭവം പോലുമോ ഞങ്ങൾക്കില്ല…’ ചാക്കോയുടെ സഹോദരൻ ജോൺസൻ ഭാസ്കരൻപിള്ളയോടു പറഞ്ഞു. ശിക്ഷകഴിഞ്ഞു ജയിലിൽ നിന്നിറങ്ങിയതിനെക്കാൾ സന്തോഷം, ക്ഷമിച്ചു എന്ന ശാന്തമ്മയുടെ വാക്കുകൾക്കാണെന്നു ഭാസ്കരൻപിള്ള.
ഫാ.ജോർജ് പനയ്ക്കൽ പറയുന്നു: സുകുമാരക്കുറുപ്പും കൂട്ടരും ചെയ്ത ക്രൂരതയുടെ വലിയ ദുഃഖം പ്രാർഥനയിലൂടെയാണു ശാന്തമ്മയും കുടുംബവും ഇല്ലാതാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞു നിരാശയിലും ദുഃഖത്തിലുമായിരുന്ന ഭാസ്കരൻപിള്ളയ്ക്കും കുടുംബത്തിനും തങ്ങൾ നേടിയ ശാന്തിയും സമാധാനവും അവർ പകർന്നു നൽകുകയാണ്.