ജീവിത യാത്രയിൽ ഇനി ഷിനുവും നിഷയും ഒന്നിച്ച്; വീൽ ചെയറിൽ മിന്നുകെട്ട്
ജീവിത യാത്രയിൽ ഇനി ഷിനുവും നിഷയും ഒന്നിച്ച്; വീൽ ചെയറിൽ മിന്നുകെട്ട്
സ്വന്തം ലേഖകന്‍
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിൽ ഇന്നലെ വീൽചെയറിലൊരു വിവാഹം നടന്നു. വീൽചെയറിലിരുന്ന് ഷിനു വർഗീസ് നിഷയുടെ കഴുത്തിൽ മിന്നു ചാർത്തി.
കോട്ടപ്പടി ചൂൽപുറം ചുങ്കത്ത് വർഗീസിന്റെയും ജെസിയുടെയും മകനാണു കാലുകൾക്കു സ്വാധീനക്കുറവുള്ള ഷിനു. വീൽചെയറിലാണെങ്കിലും ഷിനു ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽനിന്നു ചരിത്രത്തിൽ ബിരുദം നേടി. തൃശൂരിലെ ഒരു ഓൺലൈൻ പത്രത്തിൽ കുറച്ചു നാൾ ജോലി ചെയ്തു. ഇപ്പോൾ വീട്ടിലിരുന്നു കുട്ടികൾക്കു ട്യൂഷൻ നൽകുന്നു. ഓൺലൈൻ ട്യൂഷനുമുണ്ട്.
പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ ഗോപാലകൃഷ്ണന്റെയും സരോജിനിയുടെയും മകളാണ് നിഷ. അച്ഛനുമമ്മയും നിഷയുടെ ചെറുപ്പത്തിൽതന്നെ മരിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ നട്ടെല്ലിനേറ്റ ക്ഷതം നിഷയുടെ ജീവിതം വീൽചെയറിലാക്കി. ആത്മവിശ്വാസം കൈവിടാതെ അവൾ എംബ്രോയ്ഡറിയിലും പെയിന്റിങ്ങിലും ചിത്രരചനയിലും മികവു നേടി.
വീൽചെയറിൽ ജീവിക്കുന്നവരുടെ കൂട്ടായ്മയിൽ അങ്കമാലിയിലെ ഫാ. മാത്യു കിരിയത്തിനെ പരിചയപ്പെട്ടതു നിഷയുടെ ജീവിതത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. വീൽചെയറിലെ നിഷയുടെ വേഗവും മികവും ഒരു കായികതാരത്തിന്റേതാണെന്ന് അദ്ദേഹം കണ്ടെത്തി.
നിഷയെ വീൽചെയർ ബാസ്‌കറ്റ് ബോൾ പരിശീലിപ്പിച്ചു. 2017-ൽ ഇന്തൊനീഷ്യയിൽ നടന്ന ബാലി വീൽചെയർ ബാസ്‌കറ്റ്‌ബോൾ ഇന്റർനാഷനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിഷ പങ്കെടുത്തു. രാജ്യത്തിനു രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിൽ നിഷയുമുണ്ടായിരുന്നു. കാർ ഓടിക്കുന്നതിനും ട്രെയിനിലും ബസിലും യാത്ര ചെയ്യുന്നതിനുമെല്ലാം നിഷ പരിശീലനം നേടി.
ഭിന്നശേഷിയുള്ളവരുടെ സംഗമത്തിൽ തൃശൂരിൽവച്ച് ഒരു കൊല്ലം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. ആ അടുപ്പം ഒരുമിച്ചു ജീവിക്കാമെന്ന ധാരണയിലേക്കെത്തി.