ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ പത്രോസ് നമുക്കൊരു പാഠമാണ്
ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ പത്രോസ് നമുക്കൊരു പാഠമാണ്
ജറമിയ 30:1-2,12-15,18-22
മത്തായി 14:22-36
“ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്‌ഷിക്കണേ!”.
‘ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം പ്രാര്‍ത്ഥിക്കാനായി മലയിലേക്കുകയറുന്ന യേശു, വഞ്ചിയിൽ യാത്ര തുടരുന്ന ശിഷ്യർ’ ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം.
പ്രാർഥന, യേശുവിനെ സംബന്ധിച്ച്, പിതാവായ ദൈവത്തോടുള്ള സംഭാക്ഷണവും, ഉപദേശം തേടലും ആയിരുന്നു. എല്ലാ ദിവസവും യേശു തന്റെ പ്രവർത്തി തുടങ്ങുന്നതിനു മുൻപും ശേഷവും പ്രാർഥനയിലേക്ക് പോകുന്നുണ്ട്. സത്യത്തിൽ യേശു നമുക്ക് സ്വജീവിതത്തിലൂടെ കാട്ടിത്തന്ന വലിയൊരു പാഠമായിരുന്നു പ്രാർഥന. നമ്മൾ എങ്ങനെയാണ് പ്രാർത്ഥനയെ സമീപിക്കുന്നത് എന്ന ആത്മശോധനയ്ക്ക് ഇന്നത്തെ സുവിശേഷം സഹായവുമാണ്.
പ്രാർഥന ജീവിതത്തിന്റെ താളമാക്കി മാറ്റുന്നവനും, പ്രാർഥനയ്ക്ക് അത്ര പ്രാധാന്യമോ, ആവശ്യമോ കാണാത്തവനും ഇന്നിന്റെ ലോകത്ത് ജീവിക്കുന്നുണ്ട്. എന്നാൽ ഒന്ന് സൂക്ഷിച്ച് വീക്ഷിച്ചാൽ, പ്രാർഥന ജീവിതത്തിന്റെ താളമാക്കി മാറ്റുന്നവരുടെയും അല്ലാത്തവരുടെയും ജീവിതത്തിലെ താളചേർച്ചയും താളപിഴകളും മനസിലാക്കാനാവും.
ഒരുപക്ഷെ, ഇന്നത്തെ വായനയിലെ യേശുശിഷ്യൻ പത്രോസ് നമ്മിലെ പ്രതീകം പോലെ കാണപ്പെടുന്നു. കാരണം, പ്രതികൂലമായിരുന്ന കാലാവസ്ഥയിൽ, കാറ്റിലും, തിരമാലയിലുംപെട്ട്, കഷ്ടപ്പെട്ട് വഞ്ചി മുന്നോട്ടു കൊണ്ടുപോകുമ്പോഴും അവർ അവർ യേശുവിനെ ഓർത്തിരുന്നുവോ എന്നറിയില്ല. ഒരുപക്ഷെ ഓർത്തിരിക്കാം, പരസ്പരം പറഞ്ഞിരിക്കാം ‘അവൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന്’. എങ്കിലും ഒരുകാര്യം ഉറപ്പ്, പ്രാർത്ഥന അവർക്ക് വശമില്ലായിരുന്നു.
ഒടുവിൽ നാം കാണുന്നു, രാത്രിയുടെ നാലാംയാമത്തിലും കടലിനോട് മല്ലടിക്കുന്ന ശിഷ്യരുടെ അടുക്കലേക്കുള്ള യേശുവിന്റെ നടന്നുവരവ് അവരെ പരിഭ്രാന്തരാക്കുന്നുണ്ട്. ഭൂതം എന്നുപറഞ്ഞ് നിലവിളിക്കുന്ന മനുഷ്യർ. യേശു പറഞ്ഞു : “ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ”. എന്നിട്ടും പത്രോസിന് സംശയം. അവൻ പറയുന്നു : “കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക”. യേശുവിന്റെ വാക്ക് വിശ്വസിക്കുന്നുണ്ട് പത്രോസ്. അതുകൊണ്ടാണല്ലോ
പത്രോസ്, തുണിപോലും നേരെ ധരിക്കാതെ കടലിലേയ്ക്ക് ചാടിയത്. എന്നാൽ, വെള്ളത്തിനുമുകളിലൂടെ യേശുവിന്റെ അടുത്തേയ്ക്ക് നടന്നു തുടങ്ങിയവൻ പെട്ടെന്ന് ശ്രദ്ധിക്കുന്നു – ആഞ്ഞടിക്കുന്ന കാറ്റ്. അവന്‍ ഭയക്കുന്നു. ഒരു നിമിഷം വിശ്വാസം നഷ്‌ടപ്പെടുന്നു. വെള്ളത്തിൽ താഴുവാൻ തുടങ്ങുന്നു.
സ്നേഹമുള്ളവരെ, നമ്മുടെ ജീവിതവും ഏതാണ്ട് പത്രോസിന്റെ വിശ്വാസ ജീവിതത്തിനു സമാനമല്ലേ പലപ്പോഴും? യേശുവിന്റെ പക്കലേക്കുള്ള, ക്രിസ്തുവിന്റെ പക്കലേക്കുള്ള, ഒരു ക്രിസ്തു അനുയായിയിലേക്കുള്ള യാത്രയ്ക്കിടയിൽ നമുക്കും പിഴക്കുന്നത് ഇപ്രകാരം തന്നെയാണ്, എന്നതല്ലേ വാസ്തവം.
നിമിഷനേരത്തെ സംശയം പത്രോസിന്റെ വെള്ളത്തിൽ മുക്കുന്നുണ്ട്. ഒടുവിലത്തെ അവന്റെ നിലവിളിക്ക് ഉത്തരമായി യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറയുന്നു: “അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്?” ഈ ചോദ്യം നമ്മളും നിരവധി തവണ കേൾക്കേണ്ടി വരുന്നുണ്ട്, ഇന്നിന്റെ ചാഞ്ചല്യമാർന്ന ജീവിതത്തിൽ.
സ്നേഹമുള്ളവരെ, ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ പത്രോസ് വിളിച്ചുപറഞ്ഞ വാക്കുകൾ നമുക്കും ഒരു പാഠമാണ്. കുറഞ്ഞ പക്ഷം പത്രോസിനെപ്പോലെ ഒടുവിലെങ്കിലും “കര്‍ത്താവേ, രക്‌ഷിക്കണേ!” എന്ന് വിളിക്കുവാനുള്ള വിശ്വാസ ഉറപ്പിനായെങ്കിലും പ്രാർഥിക്കാം