India

ജയരാജിന്റെയും ബെന്നിക്സിന്റെയും കൊലപാതകം സി.ബി.സി.ഐ. അപലപിച്ചു

കേസിന്റെ തുടർ അന്വേഷണം സി.ബി.ഐ.യ്ക്ക്...

സ്വന്തം ലേഖകൻ

ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഢനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) ശക്തമായി അപലപിച്ചു. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് സംഭവിക്കുന്ന ഇത്തരം ക്രൂരതകളെ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്നവരാകണം പോലീസെന്നും സി.ബി.സി.ഐ. പ്രസിഡന്റും ബോംബെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ് പറഞ്ഞു. നിയമം ഈ കിരാത പ്രവർത്തകർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, നിയമത്തിന്റെ ശക്തമായ ഇടപെടൽ നല്ലവരായ, കൃത്യനിർവ്വഹണത്തിൽ കോട്ടംവരുത്താത്ത പോലീസ് ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തുമെന്നും കർദിനാൾ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാരിനോട് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും, കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സി.ബി.സി.ഐ. ആവശ്യപ്പെട്ടു. ജയരാജിന്റെയും ബെന്നിക്സിന്റെയും ആത്മാക്കൾക്ക് നിത്യവിശ്രാന്തി നൽകണമേ എന്ന് പ്രാർത്ഥിക്കുകയും, വേദന നിറഞ്ഞ ഈ സാഹചര്യത്തിൽ കുടുംബത്തിന് ആശ്വാസവും സമാധാനവും ലഭിക്കുന്നതിനായി സഭ പ്രാർത്ഥിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു.

കേസിന്റെ തുടർ അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി അറിയിച്ചു.

ലോക്ക്ഡൗൺകാലത്ത്‌ ഉപജീവനമാർഗ്ഗമായ മോബെയ്‌ൽ ഫോൺ ആക്സസറീസ്‌ വിൽക്കുന്ന ഒരുകട തുറന്നുവെച്ചുകൊണ്ടിരുന്നു എന്ന കാരണത്താലാണ് 2020 ജൂൺ 19- ന്‌ അമ്പത്തിയൊൻപതു വയസുള്ള ജയരാജനെയും, മുപ്പത്തിയൊന്നു വയസുള്ള മകൻ ബെന്നിക്സിനേയും പോലീസുകാർ അറസ്റ്റുചെയ്തത്. തുടർന്ന്, രണ്ടുദിവസം മൃഗീയമായ ക്രൂരതകൾ പോലീസുകാർ ആ മനുഷ്യരുടെ ശരീരത്തിൽ നടപ്പാക്കുകയായിരുന്നു.

അറസ്റ്റുചെയ്തതിന്റെ പിറ്റേന്ന് രാവിലെ ഏഴുമുതൽ പന്ത്രണ്ടുമണിവരെയുള്ള സമയത്ത്‌ മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം മൂലം ആ പിതാവും മകനും ഏഴോളം ലുങ്കികൾ മാറി മാറി ഉടുത്തെന്ന് ബെന്നിക്സിന്റെ സുഹൃത്തുക്കൾ പറഞ്ഞു. ഒടുവിൽ, ജൂൺ 22 ന്‌ ബെന്നിക്സും, 23 ന്‌ രാവിലെ ജയരാജനും മരണമടഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker