“ജനതാ കർഫ്യു” വിജയിപ്പിക്കണം; കെ.ആർ.എൽ.സി.സി.
വീടുകളിൽ പ്രത്യേക പ്രാർത്ഥനകൾ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് നടത്തണം...
ഷാജി ജോർജ്
കൊച്ചി: കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത മാർച്ച് 22 ഞായറാഴ്ചയിലെ ജനതാ കർഫ്യു വിജയിപ്പിക്കാൻ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC) ആഹ്വാനം ചെയ്തു. മാനവകുലത്തിന്റെ പൊതുനന്മയ്ക്കും രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്കും വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം വിശ്വാസികൾക്കുണ്ട്. ഞായറാഴ്ച പൊതുഅവധി ദിവസമായതിനാൽ കുടുംബാംഗങ്ങൾ ഒന്നിച്ച് പുറത്തിറങ്ങുന്നതു കൊണ്ട് രോഗാണുവിന്റെ സാമൂഹ്യവ്യാപനം തടയാൻ ഈ നടപടി സഹായകരമാകും.
അന്നേ ദിവസം വീടുകളിൽ പ്രത്യേക പ്രാർത്ഥനകൾ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് നടത്തണം. സാധ്യമായവർ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് വിശുദ്ധ കുർബാന വീക്ഷിക്കുന്നതും ഉചിതമായിരിക്കും. ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും കെ.ആർ.എൽ.സി.സി. ആഹ്വാനം ചെയ്തു.