ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയ ആശീർവാദം നാളെ
ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ
വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം നാളെ അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകുകയാണ്. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിനോടൊപ്പം രൂപതയിലെ വൈദീകരും സന്യസ്തരും, വിശ്വാസി സമൂഹവും ഒത്തുകൂടും. ദേവാലയ പ്രതിഷ്‌ഠയ്‌ക്ക് ശേഷം ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ നേതൃത്വം കൊടുക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടാകും.
ചരിത്ര വഴികളിലൂടെ:
1935-ൽ കർമ്മലീത്ത മിഷനറിമാരുടെ തീവ്രമായ പ്രേഷിതപ്രവർത്തന തീക്ഷണതയുടെ അടയാളമായി സ്ഥാപിതമായ ഇടവകയാണ് വിജയപുരം രൂപതയിലെ ഇടുക്കിജില്ലയിൽ ഏലപ്പാറയുടെ അടുത്തുള്ള ചീന്തലാർ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഇടവക. വിജയപുരം രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നായി എണ്ണൂറോളം കുടുംബങ്ങൾ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലികളിൽ ജീവിച്ചിരുന്ന ഇവരുടെ ആത്മീയകാര്യങ്ങൾക്ക് വേണ്ടി നിലനിന്നിരുന്ന ദേവാലയമാണ് വിശുദ്ധ സെബസ്ത്യാനോസ് ദേവാലയം.
1958-ൽ ഇന്ന് കാണുന്ന ദേവാലയം ദിവ്യബലിയർപ്പണത്തിനും ദൈവമഹത്വത്തിനുമായി പ്രതിഷ്‌ഠിക്കപ്പെട്ടു. ദൈവത്തോട് നിരന്തരം ചേർന്നുനിന്നതിന്റെ ബലമായി ഇവിടെ നിന്ന് ധാരാളം ദൈവവിളികളുണ്ടായി, ധാരാളം വൈദീകരെയും സന്യസ്തരെയും തിരുസഭയ്ക്ക് നൽകുവാൻ ഈ ഇടവകയ്ക്ക് സാധിച്ചു.
2017 ഏപ്രിൽ മാസത്തിലാണ് ഈ പുതിയ ദേവാലയത്തിന്റെ പണികളാരംഭിച്ചത്. ഫാ.സെബാസ്ത്യൻ കല്ലുപ്പുറത്ത് വികാരിയായിരിക്കുമ്പോൾ വിജയപുരം രൂപതയുടെ വികാരി ജെനെറൽ ഫാ.ജസ്റ്റിൻ മഠത്തിപ്പറമ്പിലാണ് ഈ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.
തുടർന്ന്, ഈ പുതിയ ദേവാലയത്തിന്റെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ 2017 നവംബർ മാസം ആരംഭിക്കുകയും, ഇടവകാംഗങ്ങളുടെ നിസ്തുലമായ പരിത്യാഗത്തിന്റെയും, ആത്മാർത്ഥമായ പ്രവർത്തനത്തിന്റെയും ഫലമായി ഇന്ന് ഈ ദേവാലയ നിർമ്മാണം പൂര്തത്തീകരിക്കപ്പെടുകയാണ്. ഈ ദേവാലയ പൂര്തതീകരണത്തിന് കാരണമായിരിക്കുന്നത് ഈ ഇടവകയിലെ ഓരോ അംഗങ്ങളുടെയും പ്രവർത്തനമാണ് – ധനപരമായും ശാരീരികാധ്വാനത്തിലൂടെയും തങ്ങളുടെ വിയർപ്പിൽ നിന്ന് കെട്ടിയുയർത്തിയതാണ് ഈ ദേവാലയം.
നാളെ, 27 ഫെബ്രുവരി 2019 വൈകുന്നേരം 3 മണിക്ക് ഈ ദേവാലയം, വിജയപുരം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തെച്ചെറിൽ ആശീർവദിച്ച് ആരാധനയ്ക്കായി നല്കപ്പെടുമ്പോൾ ഇടവക ജനങ്ങളുടെ വലിയൊരു സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.
ദേവാലയ പ്രതിഷ്‌ഠ ദിവ്യബലിക്ക് ശേഷം, ഇടവകകാകാര്യാലയവും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ച് ആശീര്വദിച്ച് പ്രവർത്തനത്തിനായി നൽകുന്നു.