ചിത്രത്തുന്നൽ
ക്ളോക്കിന്റെ പെന്റുലം കണക്കെ സുഖത്തിൽ നിന്ന് ദുഖത്തിലേക്കും, തിരിച്ചും, ഇടമുറിയാതെയുള്ള പ്രയാണമാണ് ജീവിതം...
നയനാനന്ദകരമായ അനുഭൂതി പ്രദാനം ചെയ്യുന്നതാണ് “ചിത്രത്തയ്യൽ” സ്വാഭാവികത വിളിച്ചച്ചോതുന്ന ചിത്രപ്പണികൾക്കും അലങ്കാരങ്ങൾക്കും ഇന്നും നല്ല വിപണിയുണ്ട്. വിദേശരാജ്യങ്ങളിലും വലിയ വിലകൊടുത്തു വാങ്ങാറുണ്ട് ഇത്തരത്തിലുള്ള വസ്ത്രങ്ങളെ. ഒരു ചിത്രകാരനും, കലാകാരനും, ശില്പിയും കൈകോർക്കുന്ന വിസ്മയമാണ് ചിത്രത്തയ്യൽ. ഒത്തിരിയേറെ ക്ഷമയും, കലാപരതയും, ത്യാഗവും ഇതിന്റെ പിന്നിലുണ്ട്. എംബ്രോയ്ഡറി തുണിത്തരങ്ങൾ കണ്ടപ്പോൾ മനുഷ്യജീവിതവുമായി ഇഴപിരിയാത്ത ഒരു ബന്ധമുണ്ടെന്ന ചിന്ത മനസ്സിനെ സ്വാധീനിച്ചു. ചിത്രത്തയ്യൽ ചെയ്ത തുണിത്തരങ്ങൾക്ക് രണ്ടു വശമുണ്ടെന്ന് കാണാൻ കഴിയും. അകവും പുറവും. പുറകുവശം (മറ്റുള്ളവർ കാണുന്നത്) വളരെ മനോഹാരിതയുള്ളതാവും, അകംഭാഗം കാഴ്ചയ്ക്ക് കൗതുകം തരാത്തതാണ്. ഒത്തിരി കെട്ടും കുരുക്കും സങ്കീർണതകളും. ഈ വൈരുദ്ധ്യമാണ് (സ്വഭാവം) ചിത്രത്തുന്നലിനെ ജീവിതവുമായി ചേർത്തു കാണാൻ പ്രേരിപ്പിച്ചത്. മനുഷ്യ ജീവിതം സുഖദുഃഖ സമ്മിശ്രമാണ്. ഒരു ക്ളോക്കിന്റെ പെന്റുലം കണക്കെ സുഖത്തിൽ നിന്ന് ദുഖത്തിലേക്കും, തിരിച്ചും, ഇടമുറിയാതെയുള്ള പ്രയാണമാണ് ജീവിതം.
അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന നിമിഷം മുതൽ മരണം വരെ ഈ പ്രക്രിയ തുടരും. മറ്റുള്ളവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുമ്പോൾ ചിരിക്കുന്ന, സന്തോഷിക്കുന്ന, പ്രസന്നഭാവമുള്ള ഒരു മുഖമാണ് നാം പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്നത്. 40% പേർക്ക് ഇത്തരത്തിലുള്ള ഒരു മുഖാവരണം എടുത്തണിയാൻ കഴിയാതെ വരും എന്നതും വാസ്തവമാണ്. കുഞ്ഞുപ്രായം തൊട്ടേ കുടുംബത്തിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹത്തിൽ നിന്നും വളരെയധികം മുറിവുകൾ നമുക്കേൽക്കേണ്ടി വരും. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാതിരിക്കുക, സ്നേഹവും അംഗീകാരവും നൽകാതിരിക്കുക, നിന്ദനം, കുറ്റപ്പെടുത്തൽ, അവഹേളനം etc… ഇതിന്റെ ഫലമായി 20% പേരും അന്തർമുഖരായി മാറാറുണ്ട്. ചിത്രത്തുന്നലിന്റെ അകവശം പോലെ “ഉൾവലിയാറുണ്ട്”. ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലും, വീഴ്ചയും, ഉത്കണ്ഠയും, അസ്വസ്ഥതയും; മാനസിക സമ്മർദത്തിനും, പിരിമുറുക്കത്തിനും, കുറ്റബോധത്തിനും ആത്മഹത്യാ പ്രവണതകളിലേയ്ക്കും, ലഹരിയിലേയ്ക്കും അധോലോക പ്രവർത്തനങ്ങളിലേയ്ക്കും നമ്മെ കൊണ്ടെത്തിച്ചെന്നു വരാം. അതീവ ജാഗ്രത വേണം. ജീവിതത്തിന്റെ പ്രശ്നങ്ങളെയും, പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നതാണ് ദൈവ വിശ്വാസവും, പ്രാർത്ഥനയും, സംസർഗഗുണവും, വിദ്യാഭ്യാസവും.
സമചിത്തതയോടുകൂടെ വസ്തുതകൾ തരംതിരിച്ചു നോക്കിക്കണ്ട് അവധാനതയോടെ വിലയിരുത്താൻ നമുക്ക് കഴിയണം. ഗുരു സ്ഥാനീയരായവരുടെ ഉപദേശങ്ങളും, തിരുത്തലുകളും, മാർഗ്ഗനിർദ്ദേശങ്ങളും, ജീവിത മാതൃകകളും ചില സന്ദർഭങ്ങളിലെങ്കിലും അപ്പാടെ സ്വീകരിക്കാനാവില്ല. കാരണം, സ്ഥലകാല പരിധികളും, പരിമിതികളും എല്ലായ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. വിവേചന ബുദ്ധിയോടുകൂടെ, ആത്മവിമർശനത്തോടെ സ്വീകരിക്കുവാൻ നമുക്കാവണം. “താൻ പിടിക്കുന്ന മുയലിന് മൂന്ന് കൊമ്പ്” എന്ന പിടിവാശിയും, ശാഠ്യവും ഉപേക്ഷിക്കണം. ലോകം മുഴുവനും താൻ ചിന്തിക്കുന്നതുപോലെയും പ്രവർത്തിക്കുന്നതുപോലെയും ആയിരിക്കണം എന്ന ചിന്ത യുക്തിഭദ്രമല്ല. ഓരോരുത്തർക്കും അവരുടേതായിട്ടുള്ള തനിമയും, ഇച്ഛാശക്തിയും, സ്വാതന്ത്ര്യവും ഉണ്ടെന്നുള്ള കാര്യം നാം അംഗീകരിച്ചേ മതിയാവൂ.
“എല്ലാവർക്കും എല്ലാം നന്നല്ല. എല്ലാവരും എല്ലാം ആസ്വദിക്കുന്നുമില്ല” (പ്രഭാഷകൻ 37:28 ധ്യാന വിഷയമാക്കാം). ഉചിതമായ സമയത്ത് ഉത്തമവും, ഉദാത്തവുമായവ സ്വീകരിക്കാനും, പ്രാവർത്തികമാക്കുവാനും നാം യത്നിക്കണം. “നാം എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്” എന്ന ആഴമായ വിശ്വാസവും, ബോധ്യവും നമുക്കുണ്ടാവണം (1 കോറി.15:10). അപ്പോൾ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ദൈവകൃപ നമ്മിൽ ശക്തിപ്രാപിക്കും. ദുഃഖവും, രോഗവും, ദുരന്തവും എന്തുതന്നെ ആയാലും “സമചിത്തത”യോടെ അവയെ നേരിടാനുള്ള ത്രാണിയുണ്ടാകും. “നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതു കൈ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കാം” (ഏശയ്യാ 41:13). പ്രവാചകനിലൂടെ കർത്താവ് വെളിപ്പെടുത്തിയ വചനത്തിന്റെ ശക്തിയിൽ നമുക്ക് മുന്നേറാം… ഹൃദയം നുറുങ്ങിയവരെ സുഖപ്പെടുത്തുന്ന കർത്താവ് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.