ചര്‍ച്ച് ആക്ട്: സഭാ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
ചര്‍ച്ച് ആക്ട്: സഭാ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും, അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കളോട് വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി. അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മോൺ.യൂജിന്‍ എച്ച്. പെരേര തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയത്.
ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു അജണ്ട ഇല്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദമായി പറയുകയുണ്ടായി. 2006-2011-ലെ എല്‍.ഡി.എഫ്. സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്കാര കമീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.