Articles

ചരിത്ര പ്രസിദ്ധമാകാൻ പോകുന്ന വിശുദ്ധവാരം

നമ്മൾ തനിച്ചല്ല യേശു നമ്മോടൊപ്പമുണ്ട്...

സിസ്റ്റർ മേരി റോസെലെറ്റ് (സുമ)

ചരിത്രത്തിൽ ആദ്യമായി ഒരു വ്യത്യസ്തമായ നോമ്പുകാലം! അപ്രതീക്ഷതമായി ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ‘ഒരുവൻ’ ആയിരങ്ങളെ കാർന്നു തിന്നുന്നു, എത്ര മനുഷ്യ ജന്മങ്ങളെ രക്തസാക്ഷികളാക്കി മാറ്റി! ഡോക്ടർമാരും ആശുപത്രി ശുശ്രൂകരും രോഗികൾക്ക് ചികിത്സ നൽക്കുമ്പോൾ ആ കട്ടിലുകളെ അൾത്താരയാക്കി മാറ്റുന്നു. നിശ്ശബ്ദതയിലും, ത്യാഗത്തിലും, ഒറ്റപെടലിലും പ്രാർത്ഥനയിലൂടെ ജീവിതമാകുന്ന മരുഭൂമിയിലൂടെ ഈ നോമ്പുകാലം കടന്നു പോകുന്നു. ഇപ്പോൾ ഇതാ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു വിശുദ്ധ വാരത്തിലേക്ക് ക്രൈസ്തവർ കടക്കുന്നു.

ഓശാന ഞായർ: ജറുസലേം വീഥികളില്‍ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വിരിച്ചും വീശിയും ഓശാന പാടി യേശുവിനെ നല്ല ഇടയനായി, രാജാക്കന്മാരുടെ രാജാവായി ജനം ആനയിച്ചെങ്കിലും; ആ രാജകീയ പ്രവേശം ‘പെസഹാ’ എന്ന ഒരു കടന്നുപോകലിന്റെ കാല്‍വയ്പായി കരുതണം. കുതിരപ്പുറത്തു വരാതെ, എളിമ കാട്ടി കഴുതപ്പുറത്തേറി കുരിശിലേക്കു നീണ്ട കടന്നുപോകല്‍. ഓശാന ഞായറിലൂടെ ആരംഭിക്കുന്ന സഹനത്തിന്റെ ദിനങ്ങൾ… ഇന്നു ലോകത്തിലെ പള്ളികളിൽ ഓശാന പാടാൻ വിശ്വാസികളില്ല, എങ്ങും എവിടെയും ആളും ആരവങ്ങളുമില്ലാത്ത ഒരു വിശുദ്ധവാരം.

പെസഹാ വ്യാഴം: “താലത്തില്‍ വെള്ളമെടുത്ത്… വെണ്‍കച്ചയുമരയില്‍ ചുറ്റി… മിശിഹാ തന്‍ ശിഷ്യന്‍മാരുടെ… പാദങ്ങള്‍ കഴുകി,…” എന്ന പ്രശസ്തമായ ഗാനവും മനസ്സിനെ ആര്‍ദ്രമാക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയുമാണ്‌ പെസഹാ വ്യാഴത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുന്നത്.
അടിമകളായിരുന്നവരെ ദൈവമക്കളാക്കി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറലാണ്‌ പഴയനിയമത്തിലെ പെസഹായെങ്കില്‍ ലോകത്തിനു പാപമോചനം നല്‍കി ഭൂമിയില്‍ നിന്നും പിതാവിന്റെ സവിധത്തിലേക്കുള്ള മിശിഹായുടെ കടന്നുപോകലിന്റെ ഒരുക്കമാണ്‌ പുതിയനിയമത്തില്‍ പെസഹാ. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനചരിത്രം അന്വേഷിക്കുന്നവര്‍ക്ക് അവിടെ ആ മഹാകൂദാശയുടെ തുടക്കം കാണാനാവും; എളിമയുടെയും പങ്കുവയ്ക്കലിന്റെയും ഉദാത്ത മാതൃകയും. കുരിശുമരണത്തിനു മുന്നോടിയായി യേശുവിന്റെ അവസാന അത്താഴമാണ് അനുസ്മരിക്കപ്പെടുന്നത്. നമ്മുടെ ജീവിതത്തിലെ അടിമത്തങ്ങളില്‍ നിന്നുള്ള ചില കടന്നുപോകലുകള്‍ ആവശ്യമാണ്‌ എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പെസഹാവ്യാഴം.

ദുഃഖവെള്ളി: “കുരിശില്‍ മരിച്ചവനേ… കുരിശാലേ വിജയം വരിച്ചവനേ… മിഴിനീരോഴുക്കിയങ്ങേ… കുരിശിന്റെ വഴിയേവരുന്നു ഞങ്ങള്‍…” എന്ന് തുടങ്ങി “…നല്‍കേണമേ നിന്‍ വരങ്ങള്‍” എന്ന് പാടിത്തീര്‍ക്കുന്ന കുരിശിന്റെ വഴി. അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു, ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി, ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമർപ്പിക്കുന്നു” എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂർത്തിയായി. മറ്റുള്ളവർക്കു വേണ്ടി പീഡകള്‍ സഹിച്ച് യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നൽകിയ പുതുജീവിതത്തിന്റെ ഒരു ഓർമ്മയാചരമാണ് ദുഃഖവെള്ളി.

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുൽത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും അവിടുന്ന് കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റവാങ്ങി. ഒടുവില്‍ അവിടുന്ന് മരിച്ചു. കുരിശില്‍ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ നാം ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവയോരോന്നും.

1) ”പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ… (ലൂക്കാ 23:34)

2) ”സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു. നീ ഇന്ന് എന്റെ കൂടെ പറുദീസയിലായിരിക്കും (ലൂക്കാ 23:43)

3) ”സ്ത്രീയെ, ഇതാ നിന്റെ മകന്‍ (യോഹന്നാന്‍ 19:27)

4) ”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടാണ് നീ എന്നെ കൈവിട്ടത് (മത്തായി 27:46)

5) ”എനിക്കു ദാഹിക്കുന്നു (യോഹന്നാന്‍ 19: 28)

6) ”എല്ലാം പൂർത്തിയായി (യോഹന്നാന്‍ 19:30)

7) ”പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമർപ്പിക്കുന്നു (ലൂക്ക 23:46)

വലിയ ശനി: യേശുവിന്റെ ഭൗതീക ശരീരം കല്ലറയിൽ ആയിരുന്ന മണിക്കൂറുകളാണ് വലിയ ശനിയാഴ്ച അനുസ്മരിക്കുന്നത്. പിന്നെ, ശൂന്യമായ അൾത്താരയും തുറന്നിട്ട സക്രാരിയും വലിയ ശനിയാഴ്ച രാത്രി ആരംഭിക്കുന്ന ഉയിര്‍പ്പ് ഞായര്‍ കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരിക്കും. “…കാത്തിരിക്കുന്നു നിന്നാഗമനം”.

സഭയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു വിശുദ്ധവാരം, ക്രൈസ്ത്രവർ സ്വന്തം ഭവനം ആരാധനാലയമാക്കി മാറ്റുന്ന ദിനങ്ങൾ. ശുദ്ധീകരണത്തിന്റെ നാളുകൾ, ആൾക്കൂട്ടത്തിൽ തനിച്ച് ജറുസലേം വീഥികളിലൂടെയും പട്ടണത്തിലൂടെയും നടന്നുനീങ്ങി ഗാഗുൽത്താമലയിൽ ഏകനായ് പിടഞ്ഞുമരിച്ച ക്രിസ്തുവിന്റെ ഏകാന്തത ഇന്ന് ലോകത്തിലെ പള്ളികളിലും സഭയിലും കുടുംബങ്ങളിലും ആവർത്തിക്കപ്പെടുന്നു. നമ്മൾ തനിച്ചല്ല യേശു നമ്മോടൊപ്പം ഉണ്ട്, പള്ളികളിൽ പോകാൻ പറ്റാത്ത ഈ അവസരം നമ്മളെ കൂടുതൽ ക്രിസ്തുവിലോട്ട് അടുക്കാൻ ദൈവമാതാവ് നമ്മെ സഹായിക്കട്ടെ.

കൊറോണ എന്ന മഹാമാരിയുടെ മുന്നിൽ ലോകം മുട്ടുമടക്കിയെങ്കിലും ഇതിൽ നിന്നും മോചിതരായി തലയുർത്തി നമ്മൾ മുന്നേറും, യേശു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു, ആ വിശ്വാസം നമുക്ക് കൂടുതൽ കരുത്ത് നൽകട്ടെ. എല്ലാം അതിജീവിക്കും! ആ ഒരു ദിനത്തിനായി കാത്തിരിക്കാം. ഓശാന പാടാനും, ആരവങ്ങൾ മുഴക്കാനും, തെരുവുവീഥികളിൽ ആഹ്ളാദകാഹളം ആലപിച്ച് ഒത്തുകൂടാനും ആ ഒരു ദിനം വരുന്നു. കാത്തിരിക്കാം പ്രത്യാശയോടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker