ഗ്രീൻ പാരിഷ് പ്രോജക്റ്റിന് കാഞ്ഞിരപ്പള്ളിയിലെ തരകനാട്ടുകുന്ന് പള്ളിയിൽ തുടക്കം
പള്ളികൾക്ക് വെബ്‌സൈറ്റിൽ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്...
ജോസ് മാർട്ടിൻ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ നസ്രാണി റിസേർച്ച് സെന്റർ, കേരളത്തിലെ പള്ളികൾ പ്രകൃതി രമണീയം ആകുന്നതിന് വേണ്ടി തയ്യാറാക്കിയ ഗ്രീൻ പാരിഷ് പ്രൊജക്റ്റ്, തരകനാട്ടുകുന്ന് ഇടവക വികാരി ഫാ.ജോസഫ് കുന്നത്തുപുരയിടം ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ താല്പര്യമുള്ള കേരളത്തിലെ എല്ലാ പള്ളികളിലും, രണ്ടാം ഘട്ടത്തിൽ ഇടവകയിൽ നിന്നും ഭവനങ്ങളിലേക്കുമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
വിവിധയിനം ഫലവൃക്ഷങ്ങൾ, പള്ളിക്കാവശ്യമായ പൂക്കൾ പള്ളിയിൽ നിന്നും ഉല്പാദിപ്പിക്കാൻ സഹായകരമാകുന്ന പോളിഹൗസ്, തേനീച്ച കൃഷി, ആയുർവേദ ചെടികൾ ഇവ എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാനും, തുടർപരിശീലനങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാണ്.
പ്രൊജക്റ്റ് ഡയറക്ടർ ഫാ.വർഗീസ് കാക്കലിലിനൊപ്പം ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുന്ന, ഡോ.സണ്ണി ജോർജ്ജായിരിക്കും പ്രൊജക്റ്റ് ടീമിനെ മുമ്പോട്ട് നയിക്കുക. താല്പര്യമുള്ള പള്ളികൾക്ക് http://www.nazraniresearch.com എന്ന വെബ്‌സൈറ്റിൽ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ചടങ്ങിൽ വച്ച്, സമർപ്പിത ജീവിതത്തിൽ താൻ ശുശ്രുഷ ചെയ്തിട്ടുള്ള പള്ളികളിലെല്ലാം പ്രകൃതിക്ക് സംഭാവന ചെയ്ത ജോസഫ് കുന്നത്തുപുരയിടമച്ചനെ, നസ്രാണി റിസേർച്ച് സെന്റർ ഡയറക്ടർ റവ.ഡോ. ജെയിംസ് ചവറപ്പുഴ അച്ചനും, ഡോ.സണ്ണി ജോർജും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.