ഗ്രീസിലെ തീപിടുത്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദുഃഖം അറിയിച്ചു
ഗ്രീസിലെ തീപിടുത്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദുഃഖം അറിയിച്ചു
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഗ്രീസിലെ ഏതന്‍സ് നഗരത്തിനടുത്തുണ്ടായ വൻ തീപിടുത്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ തന്റെ ദുഃഖം അറിയിച്ചു.
ടെലിഗ്രാം സന്ദേശത്തിലൂടെ ഭരണാധികാരികളെയും സഭാനേതൃത്വത്തെയുമാണ് പാപ്പാ സാന്ത്വനം അറിയിച്ചത്.
കാട്ടുതീയുടെ ദുരന്തത്തില്‍പ്പെട്ട ഗ്രീസിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പാ മരണമടഞ്ഞവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പരേതരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതുപോലെ തന്നെ, ദുരന്തത്തില്‍ വിഷമിക്കുന്ന സകലരെയും ദൈവത്തിന്റെ കരുണയുള്ള സ്നേഹത്തിനു സമര്‍പ്പിച്ചുകൊണ്ടും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യപൃതരായവര്ക്കും തന്റെ സാന്ത്വനസാമീപ്യം അറിയിച്ചുകൊണ്ടുമാണ് പാപ്പായുടെ സന്ദേശം.
ജൂലൈ 23 തിങ്കളാഴ്ച രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഏതന്‍സ് നഗരത്തിനടുത്ത് ആറ്റിക്ക പ്രവിശ്യയില്‍ 74 പേര് മരണമടയുകയും
200-ഓളംപേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്.