ഗജ ചുഴലിക്കാറ്റ്: വേളാങ്കണ്ണി പള്ളിയിൽ കനത്ത നാശം
ഗജ ചുഴലിക്കാറ്റ്: വേളാങ്കണ്ണി പള്ളിയിൽ കനത്ത നാശം
സ്വന്തം ലേഖകൻ
വേളാങ്കണ്ണി: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണി പള്ളിയിലും പരിസരങ്ങളിലും കനത്ത നാശം. ഒരു മാസം മുൻപ് പള്ളിയോട് ചേർന്ന് നിർമിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം കാറ്റിൽ തകർന്നു. ക്രിസ്തുരൂപത്തിന്‍റെ കൈകളാണ് കാറ്റിൽ തകർന്നത്.
ശക്തമായ കാറ്റിൽ പള്ളിയുടെ പരിസരത്തെ നിരവധി മരങ്ങൾ കടപുഴകി വീണു. പള്ളിയോട് ചേർന്നിരിക്കുന്ന കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നിട്ടുണ്ട്. മരങ്ങൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വാഹന ഗതാഗതവും താറുമാറായി.
നാഗപട്ടണം, കടലൂർ, തഞ്ചാവൂർ, തൂത്തുക്കുടി, പുതുക്കോട്ട എന്നിവടങ്ങളിലായി നൂറു കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
പ്രദേശങ്ങളിലെല്ലാം മരങ്ങൾ കടപുഴകി വീണ് വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങൾ തകരാറിലായിട്ടുണ്ട്. നാഗപട്ടണത്തിന് സമീപം വേദാരണ്യത്ത് 80 കിലോമീറ്റർ വേഗതിയിൽ കാറ്റ് വീശിയിരുന്നു. പ്രദേശങ്ങളിലെല്ലാം കനത്ത മഴയും പെയ്യുന്നുണ്ട്.
ആറായിരത്തോളം ആളുകളെയാണ് സർക്കാർ സുരക്ഷ മുൻനിർത്തി ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കനത്ത കാറ്റിൽ തമിഴ്നാട്ടിൽ ഇതുവരെ 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായിരിക്കുകയാണ്. മന്നാര്‍ഗുഡി, നാഗപട്ടണം റൂട്ടില്‍ മരങ്ങളും ഇലക്ട്രിക്ക് പോസ്ററുകളും കടപുഴകിവീണ് ഗതഗതം പൂര്‍ണ്ണമായീ നിലച്ചു. തറവാട് ഹോട്ടലിന്‍റെ ഒരു ഭാഗം ഭാഗികമായീ തകര്‍ന്നൂ. പൂര്‍ണ്ണമായി ഗതാഗതയോഗ്യമാകുവാന്‍ ഒരാഴ്ച്ചയോളം കാലതാമസം വരുമെന്ന് കണക്കുകൂട്ടപ്പെടുന്നു.