സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഇന്ന് അറുപതാം വയസിലേക്കു പ്രവേശിക്കുന്നു. ഔദ്യോഗിക ചുമതലകളുമായി റോമിൽ പോയിരിക്കുന്ന ക്ലീമിസ് ബാവയ്ക്ക് പതിവുപോലെ ഇക്കുറിയും ജന്മദിനാഘോഷങ്ങളില്ല.
1959 ജൂൺ 15-ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മൂക്കൂരിൽ തോട്ടുങ്കൽ മാത്യു – അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ക്ലീമിസ് ബാവയ്ക്ക് ഐസക് എന്ന പേരാണു നൽകിയത്. 1986 ജൂൺ 11-നു വൈദികപട്ടം സ്വീകരിച്ച ഫാ. ഐസക് തോട്ടുങ്കൽ 2001-ൽ സഹായമെത്രാനായി ഉയർത്തപ്പെട്ടു. ഐസക് മാർ ക്ലീമിസ് എന്ന പേരു സ്വീകരിച്ച അദ്ദേഹം തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനും നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും അപ്പസ്തോലിക് വിസിറ്റേറ്ററുമായി ചുമതലയേറ്റു. 2003 സെപ്റ്റംബർ 11-ന് തിരുവല്ല ബിഷപ്പായി നിയമിതനായി. 2006-ൽ തിരുവല്ല അതിരൂപതയായി ഉയർത്തപ്പെട്ടതോടെ പ്രഥമ ആർച്ച് ബിഷപ്പായി.
മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ്പായിരുന്ന സിറിൾ മാർ ബസേലിയോസ് ദിവംഗതനായതിനെ തുടർന്ന് 2007 ഫെബ്രുവരി എട്ടിന് മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി പത്തിന് മാർപാപ്പ നിയമനത്തിന് അംഗീകാരം നൽകി. ബിഷപ്പായി അഭിഷിക്തനായി വെറും പതിനൊന്നു വർഷത്തിനു ശേഷം, 2012-ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
53-ാം വയസിൽ കർദിനാൾ പദവിയിലെത്തുമ്പോൾ അദ്ദേഹം ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളായിരുന്നു.
ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ അധ്യക്ഷനായിരുന്ന മാർ ക്ലീമിസ്ബാവ ആഗോള കത്തോലിക്കാ സഭയിൽ നിരവധി സുപ്രധാന ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നുണ്ട്. പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷൻ അംഗം, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം, സഭാപ്രവർത്തനങ്ങൾക്കപ്പുറത്തുള്ള മേഖലകളിലും സജീവമാണ്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള ദേശീയോദ്ഗ്രഥന കൗൺസിൽ അംഗമായി പ്രവർത്തിച്ചുവരുന്നു.
മത- സമുദായ ചിന്തകൾക്കപ്പുറത്തേക്കു നീളുന്ന വിശാലമായ കാഴ്ചപ്പാടു വച്ചു പുലർത്തുന്ന ക്ലീമിസ് ബാവ പാവപ്പെട്ടവർക്കായുള്ള ഭവന പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്. പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ചു തുടങ്ങി വച്ച പദ്ധതിയിലൂടെ ഇതിനകം 1484 വീടുകൾ പണി കഴിപ്പിച്ച് ഭവനരഹിതർക്കു കൈമാറി കഴിഞ്ഞു.
100 വീടുകളുടെ നിർമാണം പൂർത്തിയായി വരുന്നു. ജാതി- മത പരിഗണനകൾ കൂടാതെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഓരോ ജന്മദിനം പിന്നിടുമ്പോഴും മാർ ക്ലീമിസ് ബാവയ്ക്കു ചാരിതാർഥ്യം പകരുന്നത് ഉയർന്നു വരുന്ന ഓരോ ഭവനവും അവിടെ പാർക്കുന്നവരുടെ സംതൃപ്തിയുമാണ്.
Related