കർഷക വിരുദ്ധ നിലപാട് സ്വീകരിക്കില്ല; കെ.സി.ബി.സി. പ്രതിനിധി സംഘത്തിന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ ഉറപ്പ്
ജോസ് മാർട്ടിൻ
കൊച്ചി: കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം ഇറക്കുമ്പോൾ കർഷകവിരുദ്ധ നിലപാടുകളും ജനവിരുദ്ധ നടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവ് കെ.സി.ബി.സി. പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി. കേന്ദ്രമന്ത്രി വി.മുരളീധരന്റെയും പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കെ.സി.ബി.സി. പ്രതിനിധി സംഘവുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കെ.സി.ബി.സി. അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ തുടർച്ചയായി കെ.സി.ബി.സി.യുടെ ശീതകാല സമ്മേളനത്തിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണ് കെ.സി.ബി.സി. ഡെലിഗേഷൻ കേന്ദ്രമന്ത്രിയുമായി ഡൽഹിയിൽ കൂടികാഴ്ച്ച നടത്തിയത്.
കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഇപ്പോഴത്തെ സംസ്ഥാന സർക്കാർ ശുപാർശയിലെ ജിയോ കോർഡിനേറ്റ്സ് മാപ്പ് പ്രകാരം വനഭൂമിയും ഇ.എസ്.എ.യുമായി ഉൾപ്പെടുത്തിയിരിക്കുന്നതിലെ ആശങ്ക പ്രതിനിധി സംഘം കേന്ദ്ര മന്ത്രാലയത്ത അറിയിച്ചു. കേന്ദ്ര-സംസ്ഥാന വിദഗ്ധരെ ഉൾപ്പെടുത്തി ജിയോ കോഡിനേറ്റ് മാപ്പ് അനുസരിച്ചുള്ള ഭൂപ്രദേശങ്ങളെ ഗ്രൗണ്ട് ടുത്തിംഗ് നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കാവൂ എന്ന് കെ.സി.ബി.സി. പ്രതിനിധി സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
കൂടാതെ, റവന്യൂ ഭൂമിയെ നോൺ ഇ.എസ്.എ.യായി പ്രഖ്യാപിക്കുന്നതിൽ നിന്നും പിന്മാറണമെന്നും റവന്യൂ വില്ലേജുകളെ ഫോറസ്റ്റ് വില്ലേജുകളിൽ നിന്ന് വേർതിരിക്കണമെന്നും അതുവരെ അന്തിമവിജ്ഞാപനം മാറ്റി വയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വനഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പട്ടയഭൂമി ഉൾപ്പെട്ട വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് 22 ലക്ഷത്തിലധികം വരുന്ന ജനവിഭാഗത്തിന്റെ ഉപജീവനം തടയുന്ന, അവരെ നിരാലംബരാക്കുന്ന ഇത്തരം നടപടികളിൽനിന്ന് സർക്കാരുകൾ പിന്മാറണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന നിലവിലുള്ള തെറ്റുകൾ തിരുത്തി കൊണ്ടുള്ള അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ അന്തിമ വിജ്ഞാപനത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ കൂടി സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കെ.സി.ബി.സി. പ്രതിനിധി സംഘത്തിന്റെ ഭാഗമായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കെ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ്, കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതല, ചങ്ങനാശ്ശേരി സഹായമെത്രാൻ തോമസ് തറയിൽ, തലശ്ശേരി സഹായമെത്രാൻ ജോസഫ് പാംപ്ലാനി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറൽ കൺവീനർ ഡോ. ചാക്കോ കാളംപറമ്പിൽ, പോണ്ടിച്ചേരി ഗവൺമെന്റ് മുൻ ചീഫ് സെക്രട്ടറി റ്റി.റ്റി.ജോസഫ് IAS (Rtd) എന്നിവർ പങ്കെടുത്തു.